വയർലെസ് സെറ്റുകളിലെ തെറിയുടെ ഉറവിടം അന്വേഷിച്ചു പോലീസ്…..

keralapolice

ദിവസവും രാവിലെ ഏഴരയ്‌ക്കും എട്ടരയ്‌ക്കും ഇടയിൽ ജില്ലാ പൊലീസ് മേധാവി ജില്ലയിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും വയർലെസിൽ വിളിച്ച് വിവരങ്ങൾ ആരായുന്ന പതിവുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സ്റ്റേഷനിൽ ലഭിച്ച പരാതികൾ, രജിസ്റ്റർ ചെയ്‌ത കേസുകൾ, അറസ്റ്റ്, സമൻസ് നടപ്പാക്കൽ തുടങ്ങിയവയുടെ എണ്ണമാണ് നൽകേണ്ടത്. എസ്‌.പിക്ക് അസൗകര്യമുള്ള ദിവസം എ.എസ്‌.പിയോ അല്ലെങ്കിൽ ഏതെങ്കിലും ഡി.വൈ.എസ്‌.പിയോ ആണ് വിളിക്കുക.വിളിക്കുന്നയാളും എടുക്കുന്നയാളും മാത്രമാണ് സംസാരിക്കുകയെങ്കിലും ആ സമയത്ത് ഓൺ ചെയ്‌ത് വച്ചിരിക്കുന്ന വയർലെസ് സെറ്റുകളിലെല്ലാം സംഭാഷണം കേൾക്കാം. പതിവ് പോലെ ഡി.വൈ.എസ്‌.പി സ്റ്റേഷനുകളിലേക്ക് വിളിച്ചു കൊണ്ടിരിക്കുമ്പോഴാണ് ആരോ ഇടയിൽ കയറി അസഭ്യം പറഞ്ഞത്. ഷുഹൈബ് വധക്കേസ് അന്വേഷണ സംഘത്തിലുൾപ്പെട്ട ഉദ്യോഗസ്ഥനാണ് അജ്ഞാതനിൽ നിന്ന് തെറി കേൾക്കേണ്ടി വന്നത്. സി.പി.എം അനുകൂലി കൂടിയാണ് ഡി.വൈ.എസ്‌.പി. എന്നാൽ അസഭ്യ വർഷത്തിന്റെ ഉറവിടം എവിടെ നിന്നാണെന്ന് കണ്ടെത്താൻ പ്രാഥമികാന്വേഷണത്തിൽ കഴിഞ്ഞിട്ടില്ല. എന്തായാലും സംഭവത്തിൽ സ്‌പെഷൽ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.