Thursday, April 18, 2024
HomeKeralaദിലീപിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

ദിലീപിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

അറസ്റ്റിലായ നടന്‍ ദിലീപിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഇന്നുരാവിലെ ദിലീപിനെ അങ്കമാലി മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയാണ് റിമാന്‍ഡ് ചെയ്തത്. തുടര്‍ന്ന് രാവിലെ ഏഴരയോടെ ആലുവ സബ്‌ജയിലടച്ചു. ഇന്നലെ രാത്രി ആറരയോടെയായിരുന്നു അറസ്റ്റ്. ജാമ്യമില്ലാ വകുപ്പുകളാണ് ദിലീപിനെതിരെ ചുമത്തിയിട്ടുള്ളത്‌.

അതേസമയം, തെറ്റു ചെയ്യാത്തതിനാല്‍ ഭയമില്ലെന്ന് മജിസ്ട്രേറ്റിന്റെ വസതിയില്‍നിന്ന് ജയിലിലേക്കു കൊണ്ടുപോകവെ മാധ്യമപ്രവര്‍ത്തകരോട് ദിലീപ് പറഞ്ഞു. ജയിലില്‍ ദിലീപിന് പ്രത്യേക പരിഗണന നല്‍കില്ലെന്നും സാധാരണ തടവുകാര്‍ക്ക് നല്‍കുന്ന സൌകര്യങ്ങള്‍ മാത്രമായിരിക്കും നല്‍കുകയെന്നും ജയില്‍ അതോറിറ്റിയാണ് ബാക്കിയെല്ലാം തീരുമാനിക്കേണ്ടതെന്നും പൊലീസ് അറിയിച്ചു.

കസ്റ്റഡിയില്‍ വിടണമെന്ന പൊലീസിന്റെ ആവശ്യം മജിസ്ട്രേറ്റ് തള്ളി. അങ്കമാലിക്കു സമീപമുള്ള വേങ്ങൂരിലെ മജിസ്ട്രേറ്റിന്റെ വസതിയിലാണ് ദിലീപിനെ ഹാജരാക്കിയത്. പുലര്‍ച്ചെ ആറുമണിയോടെയാണ് ആലുവ പൊലീസ് ക്ളബില്‍നിന്ന് ദിലീപിനെ മജിസ്ട്രേറ്റിന്റെ വീട്ടിലേക്ക് എത്തിച്ചത്.മജിസ്ട്രേറ്റിന്റെ വസതിയില്‍നിന്നു പുറത്തുകൊണ്ടുവന്ന ദിലീപിനെ കൂവലോടുകൂടിയാണ് ജനം സ്വീകരിച്ചത്.

19 തെളിവുകള്‍ അടക്കം ദിലീപിനെ പ്രതിചേര്‍ത്തുളള റിപ്പോര്‍ട്ടാണ് പൊലീസ് ഇന്ന് ഹാജരാക്കിയത്.കൂട്ടബലാത്സംഗം, ഗൂഢാലോചന, തട്ടികൊണ്ടുപോകല്‍, തടവില്‍ പാര്‍പ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് ദിലീപിനെതിരെ ചുമത്തിയിരിക്കുന്നത്. ക്രിമിനല്‍ കുറ്റകൃത്യങ്ങളില്‍ ആസൂത്രണം ചെയ്തവരുടെ പേരിലും കുറ്റകൃത്യം നടത്തിയവര്‍ക്കെതിരെയുള്ള സമാനവകുപ്പുകള്‍ ഉള്‍പ്പെടുത്താമെന്ന വ്യവസ്ഥയനുസരിച്ചാണ് ദിലീപിന് മേല്‍ കൂട്ടബലാത്സംഗ കുറ്റം ചുമത്തിയിരിക്കുന്നത്. ദിലീപിനായി ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ രാംകുമാര്‍ ഹാജരായി. ജാമ്യാപേക്ഷ നാളെ പരിഗണിക്കും.

ദിലീപിനെക്കൂടാതെ, സംവിധായകനും നടനുമായ നാദിര്‍ഷ, ദിലീപിന്റെ സഹോദരന്‍ അനൂപ്, മാനേജര്‍ അപ്പുണ്ണി എന്നിവരെ പൊലീസ് വീണ്ടും ചോദ്യംചെയ്തു. തിങ്കളാഴ്ച രാവിലെ മുതല്‍ രഹസ്യ കേന്ദ്രത്തില്‍ ചോദ്യം ചെയ്തശേഷം അറസ്റ്റ് രേഖപ്പെടുത്തിയതിനു പിന്നാലെ ദിലീപിനെ ആലുവ പൊലീസ് ക്ളബ്ബിലെത്തിച്ചിരുന്നു. അതേസമയം, കേസുമായി ബന്ധപ്പെട്ട് ദിലീപ് അല്ലാതെ മറ്റാരും കസ്റ്റഡിയില്‍ ഇല്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്റ അറിയിച്ചു. കൃത്യമായ തെളിവുകളോടെയാണ് ദിലീപിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. കേസില്‍ അന്വേഷണം തുടരുകയാണെന്നും മറ്റുകാര്യങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താന്‍ കഴിയില്ലെന്നും ഡിജിപി പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments