കേടായ റെയില്‍പാളം തുണിക്കഷ്ണംകൊണ്ട് കെട്ടിവെക്കുന്ന ദൃശ്യങ്ങള്‍; വിശദീകരണവുമായി റയിൽവേ

കേടുപാടുകൾ സംഭവിച്ച റെയില്‍ പാളം തുണി കൊണ്ട് കെട്ടി വെച്ച സംഭവത്തെക്കുറിച്ചു വിശദീകരണ കുറിപ്പുമായി റെയില്‍വേ രംഗത്ത്. റെയില്‍വേ സുരക്ഷിതത്വം ഉറപ്പുനല്‍കുന്നുണ്ടെന്നും അതില്‍ വിട്ടു വീഴ്ചയില്ലാതെയാണ് ജീവനക്കാര്‍ ജോലിചെയ്യുന്നതെന്നും വിശദീകരണകുറിപ്പില്‍ റെയില്‍വേ പറഞ്ഞു.
കേടായ പാളത്തിന്റെ ഭാഗം തുണികൊണ്ട് ഘടിപ്പിച്ചതല്ലെന്നും ആ ഭാഗം റെയില്‍ തൊഴിലാളികള്‍ക്ക് മനസിലാക്കാന്‍ അടയാളപ്പെടുത്തിയതാണെന്നുമായിരുന്നു റെയില്‍വേ വിശദീകരണ കുറിപ്പില്‍ സൂചിപ്പിക്കുന്നത്. മുംബൈയിൽ സബര്‍ബന്‍ റെയില്‍വേയുടെ ഹാര്‍ബര്‍ ലൈനില്‍ ഗോവന്ദി, മാന്‍ഗണ്ഡ് സ്‌റ്റേഷനിടയിലാണ് സംഭവം. മഴയില്‍ തകര്‍ന്ന റെയില്‍പാളം ജീവനക്കാര്‍ നീല തുണിക്കഷ്ണംകൊണ്ട് കെട്ടിവെക്കുന്നതിന്റെ ദൃശ്യങ്ങള്‍ പ്രചരിക്കുകയായിരുന്നു. എന്നാല്‍ ദൃശ്യങ്ങള്‍ തെറ്റായി വ്യഖ്യാനിക്കപ്പെടുകയായിരുന്നുവെന്ന് റെയില്‍വേ വിശദീകരിച്ചു. ട്രാക്ക് പരിശോധന നടത്തുന്നവര്‍ പാളം തകര്‍ന്ന ഭാഗം അറ്റകുറ്റപ്പണി നടത്തുന്ന ജീവനക്കാര്‍ക്ക് പെട്ടന്ന് മനസിലാക്കുന്നതിന് പെയിന്റ് ഉപയോഗിച്ച്‌ വരക്കുകയാണ് ചെയ്യാറുള്ളത്. എന്നാല്‍ മഴയായതിനാല്‍ പെയിന്റ് ഉപയോഗിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് തുണികൊണ്ട് അടയാളപ്പെടുത്തിയതെന്നും ഇതിന്റെ നിജസ്ഥിതി അറിയാതെയാണ് വീഡിയോ ദൃശ്യം പ്രചരിപ്പിച്ചതെന്നും റെയില്‍വേ വിശദീകരണകുറുപ്പില്‍ പറയുന്നു. അരമണിക്കൂറിനകം തകര്‍ന്ന പാളം ശരിയാക്കി ഗതാഗതം പുനഃസ്ഥാപിച്ചിരുന്നതായും റെയില്‍വേ അറിയിച്ചു.