ഇന്ധനവില കേന്ദ്ര സര്‍ക്കാർ നയത്തിനെതിരെ ആര്‍.എസ്.എസ് അനകൂല തൊഴിലാളി സംഘടന

bms

ഇന്ധനവില അടിയന്തരമായി കുറക്കണമെന്ന ആവശ്യം തള്ളിയ കേന്ദ്ര സര്‍ക്കാർ നയത്തിനെതിരെ ആര്‍.എസ്.എസ് അനകൂല തൊഴിലാളി സംഘടനയായ ബി.എം.എസ് . വില വര്‍ദ്ധനവ് പിടിച്ചു നിര്‍ത്താന്‍ ഭരിക്കുന്നവര്‍ക്ക് കഴിയണമെന്ന് ബി.എം.എസ് അറിയിച്ചു. വില നിര്‍ണയാധികാരം എണ്ണ കമ്പനികളില്‍ നിന്ന് തിരിച്ചു പിടിച്ച്‌ സര്‍ക്കാര്‍ മേല്‍നോട്ടത്തില്‍ ബദല്‍ സംവിധാനമൊരുക്കണം. വില വര്‍ധനവിലൂടെ തൊഴില്‍ മേഖലയില്‍ വലിയ പ്രതിസന്ധിയാണ് ഉണ്ടായിരിക്കുന്നതെന്നും ബി.എം.എസ് വ്യക്തമാക്കി. അതേ സമയം, പെട്രോളിന്റെയും ഡീസലിന്റെയും ഉള്‍പ്പെടെ എക്‌സൈസ് തീരുവ കുറയ്ക്കുന്നത് സമ്പദ്ഘടനയെ ഗുരുതരമായി ബാധിക്കുമെന്ന് കേന്ദ്രം വ്യക്തമാക്കി. ഇന്ധനവില വര്‍ധനയ്‌ക്കെതിരെ കോണ്‍ഗ്രസ് അടക്കം പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധം രാജ്യത്താകമാനം ശക്തമാകുന്നതിനിടെയാണ് വിശദീകരണവുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തിയത്. രാജ്യത്തിന്റെ ഇപ്പോഴത്തെ സാമ്പത്തികസ്ഥിതിയില്‍ എക്‌സൈസ് തീരുവ കുറയ്ക്കുന്നത് സമ്പദ്ഘടനയ്ക്ക് വന്‍ തിരിച്ചടിയുണ്ടാക്കും. എക്‌സൈസ് തീരുവ കുറച്ചാല്‍ സ്വാഭാവികമായും ധനക്കമ്മി ഉയരും. ഇത് തകര്‍ന്നുനില്‍ക്കുന്ന രൂപയുടെ മൂല്യം വീണ്ടും താഴേയ്ക്ക് കൊണ്ടു വരുമെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ ആശങ്ക പങ്കുവച്ചു. ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തുന്നതിനും പ്രായോഗിക പ്രശ്‌നങ്ങളുണ്ട്. അതേസമയം, മഹാരാഷ്ട്രയില്‍ ഇന്ന് പെട്രോള്‍ വില ലിറ്ററിന് 90 രൂപ കടന്നു. ഡല്‍ഹിയില്‍ പെട്രോളിനും ഡീസലിനും പതിനാല് പൈസ വീതം വര്‍ദ്ധിച്ചു. തിരുവനന്തപുരത്ത് പെട്രോളിന് 84 രൂപ 26 പൈസയും ഡീസലിന് 78 രൂപ 18 പൈസയുമായി.