മാനസികമായി പീഡിപ്പിക്കുന്നെന്ന് ആരോപിച്ച് പുഷ്പഗിരി കോളജിൽ ആത്മഹത്യാശ്രമം

depressed

പുഷ്പഗിരി മെഡിസിറ്റിയിലെ ഫാർമസി കോളജിൽ അധ്യാപകർ മാനസികമായി പീഡിപ്പിക്കുന്നെന്ന് ആരോപിച്ച് വിദ്യാർഥികളുടെ ആത്മഹത്യാശ്രമം. രണ്ടാം വർഷ ബിഫാം വിദ്യാർഥി ഹാറൂൺ യൂസഫിനെ (21) കൈത്തണ്ട ചെറുതായി മുറിഞ്ഞ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോളജിന്റെ അഞ്ചുനില കെട്ടിടത്തിന്റെ മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ നാലാം വർഷ വിദ്യാർഥി നിവിൻ ചന്ദ്രൻ, രണ്ടാം വർഷ വിദ്യാർഥി അതുൽ കെ. ജോണി എന്നിവരെ പൊലീസും വിദ്യാർഥി നേതാക്കളും ചേർന്ന് അനുനയിപ്പിച്ച് ഒരുമണിക്കൂറിനു ശേഷം താഴെയിറക്കി. ഇന്നലെ രാവിലെ പത്തു മണിക്കാണു സംഭവങ്ങളുടെ തുടക്കം.

നാലാം വർഷ വിദ്യാർഥികൾക്ക് ഇന്റേനൽ മാർക്ക് കുറച്ചു കൊടുത്തെന്നും കോളജിൽ സംഘടനസ്വാതന്ത്ര്യം അനുവദിക്കുന്നില്ലെന്നും അധ്യാപകർ നിരന്തരം മാനസികമായി പീഡിപ്പിക്കുന്നുവെന്നും ഹാറൂൺ യൂസഫും നിവിൻ ചന്ദ്രനും കുറിപ്പെഴുതി വച്ച ശേഷമാണ് ഹാറൂൺ യൂസഫ് കൈത്തണ്ട മുറിച്ചത്. അധ്യാപകർ ഹാറൂണിനെ ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസും വിദ്യാർഥി നേതാക്കളും മാനേജ്മെന്റും നടത്തിയ ചർച്ചയിൽ പ്രശ്നം അന്വേഷിച്ചു നടപടിയെടുക്കാൻ ധാരണയായി. തുടർന്ന് കെട്ടിടത്തിനു മുകളിൽ നിന്നു വിദ്യാർഥികൾ താഴെയിറങ്ങി. കോളജിൽ ഒരുവിധ മാനസികപീഡനവും നടന്നിട്ടില്ലെന്നും ആത്മഹത്യാശ്രമം നടത്തിയ വിദ്യാർഥിയിൽ നിന്നു പരാതി കിട്ടിയിട്ടില്ലെന്നും മാനേജ്മെന്റ് അറിയിച്ചു. ഹാറൂൺ യൂസഫ് രണ്ടു മാസം മുൻപാണ് കോളജിൽ ചേർന്നത്. ഇതുവരെ പരീക്ഷയൊന്നും എഴുതിയിട്ടില്ല. ഇന്റേനൽ മാർക്ക് കുറച്ചെന്നു പറയുന്നതിൽ വൈരുധ്യമുണ്ട്. സംഭവം അന്വേഷിക്കാൻ അഞ്ചംഗ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും പുഷ്പഗിരി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് സിഇഒ ഫാ. ഷാജി മാത്യു വാഴയിൽ അറിയിച്ചു