Thursday, April 18, 2024
HomeInternationalബഹ്‌റൈനില്‍ എണ്ണ പൈപ്പ് ലൈനിലുണ്ടായ വന്‍ തീപിടുത്തം അട്ടിമറി

ബഹ്‌റൈനില്‍ എണ്ണ പൈപ്പ് ലൈനിലുണ്ടായ വന്‍ തീപിടുത്തം അട്ടിമറി

സ്‌ഫോടനത്തെ തുടര്‍ന്ന് ബഹ്‌റൈനില്‍ എണ്ണ പൈപ്പ് ലൈനിലുണ്ടായ വന്‍ തീപിടുത്തം നിയന്ത്രണ വിധേയമാക്കി. മണിക്കൂറുകള്‍ പണിപ്പെട്ട് ശനിയാഴ്ച പുലര്‍ച്ചയോടെയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. തീപിടുത്തം ഭീകരര്‍ നടത്തിയ അട്ടിമറിയാണെന്ന് ബഹ്‌റൈന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.തീപിടുത്തത്തെ തുടര്‍ന്ന് പൈപ്പ്‌ലൈന്‍ വഴിയുള്ള എണ്ണ പ്രവാഹം ബഹ്‌റൈന്‍ പെട്രോളിയം കമ്പനി നിര്‍ത്തിവെച്ചു.

വ്യാഴാഴ്ച രാത്രി തലസ്ഥാനമായ മനാമയില്‍ നിന്നും 15 കിലോമീറ്റര്‍ അകലെ ബുരി ഗ്രാമത്തിലാണ് നാടിനെ നടുക്കിയ തീപിടുത്തമുണ്ടായത്. ഉഗ്ര സ്‌ഫോടന ശബ്ദം കേട്ട് വീടുകളില്‍ നിന്നും പുറത്തിറങ്ങിയ താമസക്കാര്‍ മീറ്ററുകളോളം ഉയരത്തില്‍ പൊങ്ങിയ തീയാണ് കണ്ടത്. കനത്ത ചൂട് അയല്‍ പ്രദേശങ്ങളിലെ വീടുകളില്‍ വരെ അനുഭവപ്പെട്ടതായി താമസക്കാര്‍ പറഞ്ഞു. വന്‍ തീപിടുത്തമാണ് പൈപ്പ് ലൈന്‍ പൊട്ടാന്‍ ഇടയാക്കിയതെന്ന് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് റോയിട്ടേസ് റിപ്പോര്‍ട്ട് ചെയ്തു.

തീപിടുത്തമുണ്ടായ ഉടനെ സമീപ പ്രദേശങ്ങളിലെ വീടുകളില്‍ നിന്നും താമസക്കാരെ ഒഴിപ്പിച്ചു. നിരവധി കെട്ടിടങ്ങള്‍ക്കും തീപിടിച്ചു. പൊലിസ് വാലി അല്‍ അഹമ്മദ് റോഡും അടച്ചു. തീപിടുത്തത്തില്‍ ആളാപായമില്ല. വീടുകളില്‍ നിന്നും ഒഴിപ്പിച്ച താമസക്കാര്‍ക്ക് നോര്‍തേണ്‍ ഗവര്‍ണറേറ്റ് പൊലിസ് താല്‍ക്കാലിക.താമസമൊരുക്കിയിരുന്നു. ശനിയാഴ്ച പകലാണ് താമസക്കാര്‍ വീടുകളിലേക്ക് മടങ്ങിയത്. പൈപ്പ് ലൈന്‍ ശീതീകരണ പ്രക്രിയ പൂര്‍ത്തിയായതായും സിവില്‍ ഡിഫന്‍സ് അറിയിച്ചു.

സംഭവത്തില്‍ പബ്ലിക് പ്രൊസിക്യൂഷന്‍ അന്വേഷണം തുടങ്ങി. ഭീകരര്‍ നടത്തിയ അട്ടിമറിയാണെന്നതിന് തെളിവുകള്‍ ലഭിച്ചതായി അധികൃതര്‍ വ്യക്തമാക്കി.
രാജ്യത്തിന്റെ സുരക്ഷ താറുമാറാക്കാന്‍ ലക്ഷ്യമിട്ട് ഭീകരര്‍ നടത്തിയ വിധ്വംസക പ്രവര്‍ത്തനമാണിതെന്ന് സംഭവ സ്ഥലം സന്ദര്‍ശിച്ച ബഹ്‌റൈന്‍ ആഭ്യന്തര മന്ത്രി ഷെയ്ഖ് റാഷിദ് ബിന്‍ അബ്ദുള്ള അല്‍ ഖലീഫ വ്യക്തമാക്കി.

സൗദിയുമായി പങ്കിടുന്ന അബു സഫാ എണ്ണ പാടത്തു നിന്നാണ് ബഹ്‌റൈന് ഭൂരിഭാഗം പെട്രോളിയവും ലഭിക്കുന്നത്. 55 കിലോമീറ്റര്‍ വരുന്ന എബി പൈപ്പ്‌ലൈന്‍ വഴിയാണ് ബഹ്‌റൈനിലേക്ക് എണ്ണ കൊണ്ടുവരുന്നത്. പ്രതിനിദം 2.30 ലക്ഷം ബാരല്‍ എണ്ണയാണ് ബഹ്‌റൈനില്‍ ഈ പൈപ്പ്‌ലൈന്‍ വഴി എത്തുന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments