ആഡംബര കാര്‍ വഴിയില്‍ ഉപേക്ഷിച്ച് ബിജെപി നേതാവിന്റെ മകന്‍ മുങ്ങി

bjp car accident

ആഡംബര കാര്‍ വഴിയില്‍ ഉപേക്ഷിച്ച് ബിജെപി നേതാവിന്റെ മകന്‍ മുങ്ങി. അപകടത്തെ തുടര്‍ന്നാണ് കാർ വഴിയിൽ ഉപേക്ഷിച്ചത്. ഉത്തര്‍പ്രദേശിലെ ബിജെപി എംഎല്‍എ അവതാര്‍ സിങ്ങിന്‍െ മകന്‍ അര്‍ജുന്‍ ബദാനയാണ് ആഡംബര കാര്‍ വഴിയില്‍ ഉപേക്ഷിച്ച് മുങ്ങിയതായി സംശയിക്കപ്പെടുന്നത്. ഡല്‍ഹിയിലെ തുഗ്ലക്ക് റോഡില്‍ കഴിഞ്ഞ ആഴ്ചയാണ് അപകടത്തില്‍ പെട്ട ആഡംബര കാര്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ പൊലീസ് കണ്ടെത്തിയത്. അന്വേഷണത്തില്‍ ഇത് അര്‍ജുന്‍ ബദാനയുടെ ഉടമസ്ഥതതയിലുള്ള നിര്‍മ്മാണ കമ്പനിയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തതാണെന്ന് കണ്ടെത്തി. അമിത വേഗതയില്‍ വന്ന ആഡംബര കാര്‍ തങ്ങളുടെ വാഹനത്തില്‍ ഇടിച്ച ശേഷം റോഡിലെ ഡിവൈഡറില്‍ തട്ടി തെന്നി മറിഞ്ഞ് ട്രാഫിക് സിഗ്നലില്‍ ചെന്നിടിക്കുന്നത് കണ്ടതായി മറ്റൊരു കാര്‍ യാത്രക്കാരന്‍ മൊഴി നല്‍കിയിട്ടുണ്ട്. അപകടത്തിന് ശേഷം വാഹനത്തിന്റെ ഒരു വശത്തെ ടയര്‍ പൂര്‍ണ്ണമായും പ്രവര്‍ത്തന രഹിതമായതിനാല്‍ അര്‍ജുന്‍ ബദാന കാര്‍ അവിടെ ഉപേക്ഷിച്ച് കടന്നു കളഞ്ഞതാകാനാണ് സാധ്യതയെന്ന് പൊലീസ് സംശയിക്കുന്നു.