ഭീകരര്‍ തട്ടിക്കൊണ്ടുപോയ വൈദികന്‍ ഫാദര്‍ ടോം ഉഴുന്നാലിലിനെ മോചിപ്പിച്ചു

ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ തട്ടിക്കൊണ്ടുപോയ മലയാളി വൈദികന്‍ ഫാദര്‍ ടോം ഉഴുന്നാലിലിനെ മോചിപ്പിച്ചു. യെമനിലെ ഏദനില്‍ നിന്ന് ഭീകര്‍ തടവിലാക്കിയ വൈദികന്‍ 18 മാസത്തിന് ശേഷമാണ് മോചിതനാകുന്നത്. ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ഒമാന്‍ വിദേശകാര്യമന്ത്രാലയം വിഷയത്തില്‍ ഇടപെട്ടതോടെയാണ് ടോമിന്റെ മോചനത്തിന് കളമൊരുങ്ങിയത്.

തട്ടിക്കൊണ്ടുപോയത് 2016 മാർച്ച് നാലിന്

എൺപതു പേർ താമസിക്കുന്ന സദനത്തിൽ 2016 മാർച്ച് നാലിനു രാവിലെ എട്ടരയോടെയാണു നാലു തോക്കുധാരികൾ ആക്രമണം നടത്തിയത്. നാലു കന്യാസ്ത്രീകൾ, ആറ് ഇത്യോപ്യക്കാർ, യെമൻകാരനായ പാചകക്കാരൻ, യെമൻകാരായ അഞ്ചു കാവൽക്കാർ എന്നിവരെ തിരഞ്ഞുപിടിച്ചു കൈവിലങ്ങണിയിച്ചശേഷം തലയ്ക്കു നേരെ വെടിയുതിർത്തു വധിക്കുകയായിരുന്നു. ഒരു കന്യാസ്ത്രീ സ്റ്റോർ മുറിയിലെ കതകിനു മറവിലായതിനാൽ കൊലപാതകികളുടെ കയ്യിൽപ്പെട്ടില്ല. ഇവരെ പിന്നീടു രക്ഷപ്പെടുത്തി. ഇതിനുശേഷമാണ് ഫാ.ടോമിനെ ഭീകരർ തട്ടിക്കൊണ്ടു പോയത്.

രാമപുരം ഉഴുന്നാലിൽ പരേതരായ വർഗീസിന്റെയും ത്രേസ്യാക്കുട്ടിയുടെയും മകനായ ഫാ. ടോം, 2014 സെപ്റ്റംബർ ആറിനു മാതാവ് ത്രേസ്യക്കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ടു നാട്ടിലെത്തിയിരുന്നു. പിന്നീടു സലേഷ്യൻ സഭാംഗവും ബന്ധുവുമായ ഫാ. മാത്യു ഉഴുന്നാലിലിന്റെ സംസ്കാര ശുശ്രൂഷകളിൽ പങ്കെടുക്കാനായി 2015 മാർച്ച് 22നും നാട്ടിലെത്തി. ഒരു മാസം കഴിഞ്ഞാണ് യെമനിലേക്കു മടങ്ങിയത്. തെക്കൻ ഏഡനിൽ അഗതിമന്ദിരത്തിന്റെ ചുമതലയായിരുന്നു ഫാ. ടോമിന്റേത്. വടുതല ഡോൺ ബോസ്കോ ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സീനിയർ ഡയറക്ടറായി പ്രവർത്തിച്ചിട്ടുണ്ട്.

മുൻപു കർണാടകയിലെ കോളാറിലും ബെംഗളൂരുവിലും സേവനം ചെയ്തിട്ടുണ്ട്. 30 വർഷത്തോളം വിവിധ സ്ഥലങ്ങളിൽ സേവനം ചെയ്തശേഷമാണ് യെമനിലേക്കു പോയത്. മാത്യു (ഗുജറാത്ത്), ജോഷി, ഡേവിഡ്, റോസമ്മ (മൂവരും യുഎസ്), മേരി മണ്ണാർകാട്), പരേതനായ ആഗസ്തിക്കുഞ്ഞ് എന്നിവരാണു സഹോദരങ്ങൾ.

പ്രാർഥന, അതുമാത്രമായിരുന്നു ടോം ഉഴുന്നാലിലിന്റെ പ്രതീക്ഷ. പതിനെട്ടുമാസം ഭീകരരുടെ ഒളിത്താവളത്തിൽ പുറംലോകം കാണാതെ തടവിൽ കഴിയുമ്പോഴും പ്രാർഥനയിൽ അദ്ദേഹം ദൈവത്തെ മുറുകെപ്പിടിച്ചു. കേന്ദ്ര സർക്കാരും മറ്റുള്ളവരും നിരന്തരം ഇടപെട്ടിട്ടും ഒരുവേള, പുറത്തുവന്നത് നിരാശയുടെ വാർത്തകൾ മാത്രം. അപ്പോഴും പ്രതീക്ഷയുടെ മെഴുകുതിരിവെട്ടം ഫാ.ടോം ഉഴുന്നാലിൽ ഹൃദയത്തിൽ സൂക്ഷിച്ചു. അക്ഷീണ പരിശ്രമങ്ങളുടെ ഫലമായി ഒടുവിൽ പുറത്തിറങ്ങിയപ്പോൾ അദ്ദേഹം പറഞ്ഞത് ഇത്രമാത്രം, ‘ദൈവത്തിന് നന്ദി’.

കഴിഞ്ഞ മാർച്ച് നാലിനു തെക്കൻ യെമനിലെ ഏഡനിൽ മിഷനറീസ് ഓഫ് ചാരിറ്റി സന്യാസിനീ സമൂഹത്തിന്റെ വൃദ്ധസദനത്തിൽ നിന്നാണു ഫാ.ടോമിനെ ഭീകരര്‍ തട്ടിക്കൊണ്ടുപോയത്. അന്നുമുതൽ ഇന്നോളം, നീണ്ട പതിനെട്ടുമാസവും ടോമിനായി പ്രാർഥനകളും പ്രവർത്തനങ്ങളും സജീവമായിരുന്നു. വിദേശകാര്യ മന്ത്രാലയവും വകുപ്പുമന്ത്രി സുഷമ സ്വരാജും വത്തിക്കാനും ജനപ്രതിനിധികളും വിദേശ രാജ്യങ്ങളും കൂട്ടായി ശ്രമിച്ചതോടെയാണ് ഒരു പോറലുമേൽക്കാതെ മലയാളി വൈദികന്റെ മോചനം സാധ്യമായത്.

‘ഒമാന് നന്ദി, രാജ്യത്തിനായി പ്രാർഥിക്കാം’

ഒരു വര്‍ഷവും ആറ് മാസവും എട്ട് ദിവസവും നീണ്ട തടവിലെ ദുരിത ജീവിതത്തില്‍നിന്നു മോചനം നേടി പുതു ജീവിതത്തിലേക്കു തിരികെയെത്തിയ ഫാ. ടോം ഉഴുന്നാലിന്റെ നാവില്‍ നിറയെ ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിനോടും വത്തിക്കാന്‍ അധികൃതരോടുമുള്ള നന്ദി വാക്കുകള്‍. ഒമാന്റെ നയതന്ത്ര ഇടപെടലിന്റെ ഫലത്തില്‍ യെമനിലെ ഭീകരവാദികളില്‍നിന്നു മോചിതനായി മസ്‌കത്തിലെത്തിയപ്പോഴാണ് ഫാദര്‍ ടോം സുല്‍ത്താനോടും രാജ്യത്തോടുമുള്ള നന്ദി അറിയിച്ചത്. ഭരണാധികാരിക്കും രാഷ്ട്രത്തിനും വേണ്ടി പ്രാര്‍ഥിക്കുന്നതായും അദ്ദേഹം പറഞ്ഞു.

യെമനുമായി ബന്ധപ്പെട്ടാണ് ഒമാന്‍ അധികൃതര്‍ മോചന വഴി തേടിയത്. ടോമിനെ കണ്ടെത്തുന്നതിനുള്ള നടപടികള്‍ക്കുശേഷം തീവ്രവാദികളുടെ കേന്ദ്രത്തില്‍നിന്നു സുരക്ഷിതമായി തിരികെയെത്തിക്കുന്നതിനുള്ള നീക്കം ഒമാന്‍ വിദേശകാര്യ മന്ത്രാലയം ആരംഭിക്കുകയായിരുന്നു. അതിവേഗത്തില്‍ തിരിച്ചെത്തിക്കുന്നതിനുള്ള സുല്‍ത്താന്റെ നിര്‍ദേശവും ഫാദര്‍ ടോമിന്റെ മോചനം എളുപ്പമാക്കി.

ഇതാദ്യമായല്ല യെമനില്‍ കുടുങ്ങിക്കിടക്കുന്ന വിദേശ പൗരന്‍മാരെ ഒമാന്‍ രക്ഷപ്പെടുത്തുന്നത്. ഓസ്‌ട്രേലിയ, യുഎസ് പൗരന്‍മാര്‍ക്ക് ഉള്‍പ്പടെ സുരക്ഷിതമായി സ്വന്തം വീടണയാന്‍ ഒമാന്‍ സര്‍ക്കാര്‍ വഴിയൊരുക്കിയിട്ടുണ്ട്. യെമനില്‍ കുടങ്ങിക്കിടന്ന മലയാളികള്‍ ഉള്‍പ്പടെയുള്ളവർ മസ്‌കത്തിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ട് നാട്ടിലെത്തിയിരുന്നു. യെമനുമായി മികച്ച ബന്ധം ഒമാൻ പുലർത്തുന്നതും ടോമിന്റെ കാര്യത്തിൽ നീക്കങ്ങൾ എളുപ്പമാക്കി.

ജൂലൈയിൽ തെളിഞ്ഞ പ്രതീക്ഷ

2016 മാർച്ച് നാലിന് ഭീകരർ തട്ടിയെടുത്ത ഫാ.ടോമിനെ രക്ഷിക്കാനായി പലകുറി ശ്രമങ്ങൾ നടന്നു. ഒന്നും വിജയത്തിലെത്തിയില്ല. അദ്ദേഹം ജീവിച്ചിരിപ്പുണ്ടോ ഇല്ലയോ എന്നുപോലും സ്‌ഥിരീകരിക്കാനാവാത്ത സ്‌ഥിതി. അപ്പോഴാണ് പ്രതീക്ഷയുടെ പൊൻവെട്ടമായി യെമൻ ഭരണാധികാരി പ്രത്യക്ഷപ്പെട്ടത്. ഭീകരർ തട്ടിയെടുത്ത ഫാ.ടോം ഉഴുന്നാലിൽ ജീവനോടെയുണ്ടെന്നാണു വിവരമെന്ന് യെമൻ ഉപപ്രധാനമന്ത്രി അബ്‌ദുൽമാലിക് അബ്‌ദുൽജലീൽ അൽ–മെഖ്‌ലാഫി പറഞ്ഞു.

ഇതോടെയാണ് മോചനശ്രമങ്ങൾക്ക് പ്രതീക്ഷ തെളിഞ്ഞത്. ഫാ.ടോമിന്റെ മോചനത്തിനു സാധ്യമായതെല്ലാം ചെയ്യുമെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജുമായുള്ള ചർച്ചയിൽ അൽ–മെഖ്‌ലാഫി വ്യക്തമാക്കി. കഴിഞ്ഞ ജൂലൈയിലായിരുന്നു സുഷമയും അബ്ദുൽമാലിക്കും കൂടിക്കാഴ്ച നടത്തിയത്.

യുദ്ധത്തെ കൂസാത്ത സ്നേഹദൂതൻ

യുദ്ധം കൊടുമ്പിരികൊണ്ട യെമനിലേക്കു സ്വന്തം ഇഷ്ടപ്രകാരമാണ് ടോം ഉഴുന്നാലിൽ പോയത്. മറ്റു വൈദികർ ഇന്ത്യൻ സർക്കാരിന്റെ നിർദേശമനുസരിച്ചു നേരത്തേ നാട്ടിലേക്കു മടങ്ങിയിരുന്നു. മടങ്ങിയെത്താൻ സഭയും ആവശ്യപ്പെട്ടിരുന്നു. മുൻപു നാലുവർഷം യെമനിൽ കർമനിരതനായിരുന്നതിന്റെ അനുഭവത്തിലാണ് ടോം വീണ്ടും യാത്ര തിരിച്ചത്.

ബെംഗളൂരു ക്രിസ്തുജ്യോതി തിയോളജി കോളജിൽ അഡ്മിനിസ്ട്രേറ്ററായി ചുമതലയേറ്റ ശേഷമായിരുന്നു ഇപ്രാവശ്യത്തെ യെമൻ യാത്ര. യുദ്ധം ആരംഭിച്ചതിനാൽ അബുദാബിയിലും ഇന്ത്യൻ എംബസി പ്രവർത്തിക്കുന്ന ജിബൂത്തിയിലും തങ്ങി മൂന്നു മാസത്തോളമെടുത്താണു യെമനിലെത്തിയത്. തലസ്ഥാനമായ സനായിലേക്ക് ഐക്യരാഷ്ട്ര സംഘടനാ പ്രതിനിധിയായാണു ചെന്നത്. ഏഡനിലെത്താൻ പിന്നെയും ഒരു മാസമെടുത്തു. മദർ തെരേസ രൂപംകൊടുത്ത ‘ഉപവിയുടെ സഹോദരിമാർ’ (മിഷനറീസ് ഓഫ് ചാരിറ്റി) സന്യാസിനീ സമൂഹം യെമനിലെ ഏദനിൽ നടത്തിയിരുന്ന വൃദ്ധസദനത്തിലാണ് ഉഴുന്നാലിൽ എത്തിയത്.

ദുഃസ്വപ്നം പിന്നിട്ട് സിസ്റ്റർ സാലി

യെമനിൽ ഭീകരർ തട്ടിക്കൊണ്ടുപോയ ഫാ. ടോം ഉഴുന്നാലിലിന്റെ ഒപ്പം സംഭവ ദിവസം ഉണ്ടായിരുന്ന ഒരാളുണ്ട്. ഭാഗ്യത്തിന്റെ ബലത്തിൽ രക്ഷപ്പെട്ട സിസ്റ്റർ സാലി. അന്നത്തെ സംഭവം മറക്കാനാഗ്രഹിക്കുന്ന ദുഃസ്വപ്നം പോലെയാണു സിസ്റ്ററിന്. 80 പേർ താമസിക്കുന്ന സദനത്തിൽ 2016 മാർച്ച് നാലിനു രാവിലെ എട്ടരയോടെയാണു നാലു തോക്കുധാരികൾ ആക്രമണം നടത്തിയത്. ആശുപത്രിയിലെ സന്ദർശകർക്കായി ഗേറ്റ് തുറന്നപ്പോഴാണ് ഭീകരർ വൃദ്ധസദനത്തിലേക്ക് ഇരച്ചുകയറിയതെന്നു സിസ്റ്റർ സാലി ഓർത്തെടുത്തു. രണ്ടു സുരക്ഷാ ജീവനക്കാരെ കൊന്ന ശേഷമാണ് അവർ അകത്തു കടന്നത്. ആ സമയം ഫാ. ടോം ഉഴുന്നാലിൽ ചാപ്പലിൽ പ്രാർഥിക്കുകയായിരുന്നു.

ഭീകരരെ കണ്ട സിസ്റ്റർ സാലി, ഫാ. ടോമിനെ വിവരം അറിയിക്കാൻ ഫോൺ ഡയൽ ചെയ്തു. അപ്പോഴേക്കും ഭീകരർ സിസ്റ്ററുടെ മുറിയിലേക്ക് ഓടിയെത്തി. സ്റ്റോർ മുറിയോടുചേർന്നുള്ള വാതിലിന്റെ മറവിൽ ഒളിച്ചുനിന്നു. ശബ്ദം ഇല്ലാത്ത തോക്കുപയോഗിച്ചായിരുന്നു ഭീകരരുടെ വെടിവയ്പ്. വൃദ്ധസദനത്തിലെ അന്തേവാസികളോടു ചോദിച്ച് അവിടെ എത്ര പേരുണ്ട് എന്നു മനസ്സിലാക്കിയ ഭീകരർ മൂന്നുതവണ കൂടി മുറിയിൽ കടന്നുവന്നെങ്കിലും ഭാഗ്യത്തിനു സിസ്റ്ററെ കണ്ടെത്താനായില്ല.

ഭീകരർ എത്തിയ വിവരം അറിഞ്ഞ ഫാ. ടോം ആദ്യം ചെയ്തതു സക്രാരിയിലുള്ള തിരുഓസ്തി സ്വയം കഴിക്കുകയായിരുന്നു. ആക്രമിക്കാനെത്തിയവർ അതു നശിപ്പിക്കാതിരിക്കാനുള്ള മുൻകരുതലായിരുന്നു അത്. ഫാ. ടോമിനെ തുണികൊണ്ടു കൈകളും കണ്ണും കെട്ടി പിടിച്ചുകൊണ്ടുപോകുന്നതു വൃദ്ധസദനത്തിൽ ചികിൽസയിലായിരുന്ന ആളുടെ ബന്ധുവായ ബാലനാണു നേരിട്ടു കണ്ടത്. നാലു കന്യാസ്ത്രീകൾ, ആറ് ഇത്യോപ്യക്കാർ, ആറ് യെമൻകാർ എന്നിവരെ വധിച്ച ശേഷമായിരുന്നു ഫാ.ടോമിനെ തട്ടിക്കൊണ്ടു പോയത്.

ഫലിച്ചത് ഒത്തൊരുമിച്ചുള്ള ശ്രമം

ഫാ.ടോമിനെ ഭീകരരുടെ പിടിയിൽനിന്നു മോചിപ്പിക്കുകയെന്നത് അതീവ പ്രാധാന്യത്തോടെ കൈകാര്യംചെയ്യുന്ന വിഷയമാണെന്നു വിദേശകാര്യ മന്ത്രാലയവും മന്ത്രി സുഷം സ്വരാജും ആവർത്തിച്ചു. മോചനം സാധ്യമാക്കാൻ പറ്റുന്നതെല്ലാം സർക്കാർ ചെയ്യുന്നുണ്ടെന്നും അധികൃതർ പറഞ്ഞു. എന്നാൽ, മോചനവഴികളെക്കുറിച്ചു വ്യക്‌തതയില്ലായിരുന്നു. ഫാ.ടോം എവിടെയാണെന്നോ, ഏതു ഭീകരസംഘടനയാണു തട്ടിക്കൊണ്ടു പോയതെന്നോ പോലും അറിയാതെ മാസങ്ങൾ പിന്നിട്ടു. യെമനിൽ ഇന്ത്യൻ എംബസിയുടെ പ്രവർത്തനം ഇല്ലാത്തതും പ്രദേശത്തെ നിയന്ത്രണം 10 രാജ്യങ്ങളിലെ സൈന്യത്തിന്റെ കൈകളിൽ ആണെന്നുള്ളതും മോചനം നീളാൻ കാരണമായി.

ഫാ.ടോം ഉൾപ്പെടുന്ന സലേഷ്യൻ സന്യാസ സഭാംഗങ്ങളും സിറോ മലബാർ സഭാ പ്രതിനിധികളും മോചനം സാധ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാരിനെ സമീപിച്ചു. ഫോ.ടോമിന്റെ കുടുംബാംഗങ്ങളും അദ്ദേഹത്തിന്റെ മോചനത്തിനായി തുടർച്ചയായി സംസ്ഥാന, കേന്ദ്ര സർക്കാരുകളെ സമീപിച്ചു. യുഡിഎഫ്, എൽഡിഎഫ് സർക്കാരുകളും കേരളത്തിൽനിന്നുള്ള എംപിമാരും ഫാ.ഉഴുന്നാലിലിന്റെ മോചനത്തിനായി ശ്രമിക്കാൻ േകന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്തി. പാർലമെന്റിലും ഈ വിഷയം പലതവണ ഉന്നയിക്കപ്പെട്ടു.

അതിനിടെ, വത്തിക്കാനും പ്രശ്നത്തിൽ ഇടപെട്ടു. വത്തിക്കാന്‍ സര്‍ക്കാറിന്റെ ആവശ്യത്തെ തുടര്‍ന്നാണ് മാസങ്ങള്‍ക്കുമുൻപ് ഒമാന്‍ സര്‍ക്കാര്‍ ഫാ. ടോമിന്റെ മോചനത്തിനായി ഇടപെടുന്നത്. യെമനുമായി നേരിട്ട് ഇടപെട്ടുള്ള നീക്കമാണ് ഇന്ത്യ നടത്തിയത്. ഒപ്പം വിഷയത്തില്‍ ഇടപെടാന്‍ വത്തിക്കാന്‍ ഒമാന്‍ സര്‍ക്കാറിനോടും ആവശ്യപ്പെടുകയായിരുന്നു. വത്തിക്കാന്റെ ആവശ്യം കണക്കിലെടുത്ത് വൈദികന്റെ മോചനത്തിനായുള്ള നടപടികള്‍ ആരംഭിക്കാന്‍ സുല്‍ത്താന്‍ രാജകീയ ഉത്തരവ് പുറപ്പെടുവിച്ചതോടെ കാര്യങ്ങൾക്കു ചൂടുപിടിച്ചു.

നിരാശ നിറഞ്ഞ വിഡിയോകൾ

തന്നെ മോചിപ്പിക്കണമെന്ന് അഭ്യർഥിക്കുന്ന ഒന്നിലേറെ വിഡിയോകളും ടോം ഉഴുന്നാലിലിന്റേതായി പുറത്തുവന്നു. 2017 മേയിൽ യെമനിലെ ഏഡൻ ടൈംസ് ന്യൂസ് വെബ്സൈറ്റ് ആണ് വിഡിയോ പ്രസിദ്ധീകരിച്ചത്. ഈസ്റ്ററിന്റെ തലേന്നു റെക്കോർഡ് ചെയ്തത് എന്നു കരുതുന്ന വിഡിയോയിൽ ക്ഷീണിതനും ദുഃഖിതനുമായിരുന്നു ഫാ. ഉഴുന്നാലിൽ.

>

‘തന്നെ തട്ടിക്കൊണ്ടുപോയവർ ഇതുവരെ നല്ലരീതിയിലാണു നോക്കിയത്. എന്നാൽ, തന്റെ മോചനാവശ്യത്തിനായി അവർ ഇന്ത്യൻ സർക്കാരിനെയും അബുദാബി ബിഷപ്പിനെയും ബന്ധപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. അതിനാൽ, തന്റെ കുടുംബാംഗങ്ങൾ വേണ്ട സഹായം ചെയ്യണമെന്നും അമ്പത്തിയെട്ടുകാരനായ ഫാ. ടോം ഇംഗ്ലിഷിൽ അഭ്യർഥിച്ചു.

എന്നെ മോചിപ്പിക്കാൻ എന്താണു യഥാർഥത്തിൽ ഇവർക്കു വേണ്ടതെന്ന് ഇന്ത്യൻ സർക്കാരും ബിഷപ്പുമാരും ഇവരോടു ചോദിച്ചിട്ടില്ല. മോശം പ്രതികരണമാണ്. അതിൽ എനിക്കു സങ്കടമുണ്ട്. എന്റെ പ്രിയപ്പെട്ട കുടുംബാംഗങ്ങളെ, എന്നെ മോചിപ്പിക്കാൻ സാധിക്കുന്നതെല്ലാം ചെയ്യൂ, ദയവായി കഴിയുന്നതെല്ലാം ചെയ്യൂ. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.’– വിഡിയോ സന്ദേശത്തിൽ ഫാദർ പറഞ്ഞു.

കൂട്ടപ്രാർഥനകളും നിവേദനങ്ങളും

ഫാ. ടോം ഉഴുന്നാലിലിന്റെ മോചനത്തിനു കേന്ദ്ര സർക്കാർ ഇടപെടണമെന്നാവശ്യപ്പെട്ടു ബന്ധുക്കൾ ഇക്കഴിഞ്ഞ ജൂണിൽ ഗവർണർ പി.സദാശിവത്തിനു നിവേദനം നൽകി. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കൊപ്പമെത്തിയാണു ബന്ധുക്കളും ആക്‌ഷൻ കൗൺസിൽ ഭാരവാഹികളും ഗവർണറെ കണ്ടത്. ഫാ. ടോമിന്റെ മോചനത്തിനു നടപടി ആവശ്യപ്പെട്ടു ഭാരത കത്തോലിക്കാ മെത്രാൻ സമിതി (സിബിസിഐ) അധ്യക്ഷൻ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്‌ളീമീസ് കാതോലിക്കാ ബാവായും കേരളത്തിൽ നിന്നുള്ള പാർലമെന്റ് അംഗങ്ങളും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടു. ഉഴുന്നാലിലിന്റെ മോചനത്തിനായി കേന്ദ്രസർക്കാർ സ്വീകരിച്ച നടപടിയെക്കുറിച്ചു ദേശീയ മനുഷ്യാവകാശ കമ്മിഷൻ കേന്ദ്രസർക്കാരിനോടു വിശദീകരണം തേടി.

ഇതിനിടെ, ഫാ. ടോം ഉഴുന്നാലിലിന്റെ മോചനശ്രമങ്ങളിൽ നിന്നു കേന്ദ്ര–സംസ്ഥാന സർക്കാരുകൾ പിന്നാക്കം പോകുന്നുവെന്ന പരാതി ശക്തമായി. ഉഴുന്നാലിലിന്റെ മോചനത്തിന് ആത്മാർഥമായി ശ്രമിച്ചിട്ടും പ്രയോജനമുണ്ടാകാത്ത സാഹചര്യത്തിൽ, ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിനും കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുന്നതിനുമായി പ്രാർഥനായജ്ഞം നടന്നു. ടോമിന്റെ കുടുംബവീട്ടിൽ പ്രാർഥനാക്കൂട്ടായ്മയും ജപമാല റാലിയും സമ്മേളനവും നടന്നു.

ഭീകരരുടെ തടവിൽ കഴിയുന്ന ഫാ. ടോം ഉഴുന്നാലിലിന്റെ മോചനത്തിനായി 2017 ജനുവരി 24ന് 136 രാജ്യങ്ങളിൽ പ്രാർഥനാ ദി‍നാചരണമുണ്ടായി. റോം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡോൺ ബോസ്കോ സലേഷ്യൻ സഭയുടെ അധിപൻ റെക്ടർ മേജർ ഫാ. ഏഞ്ചൽ ഫെർണാണ്ടസിന്റെ ആഹ്വാനപ്രകാരമായിരുന്നു പ്രാർഥനാ ദിനം ആചരിച്ചത്. ഉഴുന്നാലിലിനെ മോചിപ്പിക്കാൻ പ്രധാനമന്ത്രി നടപടിയെടുക്കണമെന്നാവശ്യപ്പെട്ടു കേരളത്തിൽ നിന്നുള്ള എംപിമാർ പാർലമെന്റിനു മുന്നിൽ ധർണ നടത്തി.

കർദിനാൾമാർക്ക് മോദിയുടെ ഉറപ്പ്

ഫാ. ടോം ഉഴുന്നാലിലിന്റെ മോചനത്തിനു സർക്കാർ വേണ്ടതെല്ലാം ചെയ്യുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ കർദിനാൾമാർക്ക് ഉറപ്പു നൽകി. ഫാ. ടോമിന്റെ മോചനത്തിനുള്ള നടപടി ഊർജിതപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കാത്തലിക് ബിഷപ്‌സ് കോൺഫറൻസ് ഓഫ് ഇന്ത്യ അധ്യക്ഷൻ കർദിനാൾ മാർ ബസേലിയോസ് ക്‌ളീമീസ് കാതോലിക്കാ ബാവാ, സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതി അധ്യക്ഷൻ കർദിനാൾ ഓസ്വൾഡ് ഗ്രേഷ്യസ് എന്നിവരാണു പ്രധാനമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തിയത്.

ഉഴുന്നാലിലിന്റെ മോചനശ്രമങ്ങൾ ഏകോപിപ്പിക്കാൻ കേന്ദ്ര വിദേശകാര്യ മന്ത്രാലയ സെക്രട്ടറി (സാമ്പത്തിക കാര്യം) അമർ സിൻഹയുടെ നേതൃത്വത്തിൽ മൂന്നംഗ സമിതിയെ നിയോഗിച്ചു. മോചന ശ്രമത്തിന്റെ ഭാഗമായി വത്തിക്കാനുമായി ബന്ധപ്പെട്ടു. യെമൻ, സൗദി അറേബ്യ, ഒമാൻ, ഇറാൻ എന്നീ രാജ്യങ്ങളെയും മോചനശ്രമത്തിന്റെ ഭാഗമാക്കി.

ഉഴുന്നാലിലിന്റെ മോചനശ്രമങ്ങൾ ഏകോപിപ്പിക്കാൻ കേന്ദ്ര വിദേശകാര്യ മന്ത്രാലയ സെക്രട്ടറി (സാമ്പത്തിക കാര്യം) അമർ സിൻഹയുടെ നേതൃത്വത്തിൽ മൂന്നംഗ സമിതിയെ നിയോഗിച്ചു. മോചന ശ്രമത്തിന്റെ ഭാഗമായി വത്തിക്കാനുമായി ബന്ധപ്പെട്ടു. യെമൻ, സൗദി അറേബ്യ, ഒമാൻ, ഇറാൻ എന്നീ രാജ്യങ്ങളെയും മോചനശ്രമത്തിന്റെ ഭാഗമാക്കി.