Thursday, April 25, 2024
HomeNationalകാക്കി നിക്കറിട്ട സ്ത്രീകളെ കണ്ടിട്ടുണ്ടോ? രാഹുല്‍ ഗാന്ധി

കാക്കി നിക്കറിട്ട സ്ത്രീകളെ കണ്ടിട്ടുണ്ടോ? രാഹുല്‍ ഗാന്ധി

ആര്‍എസ്എസ് ശാഖയില്‍ കാക്കി നിക്കറിട്ട സ്ത്രീകളെ കണ്ടിട്ടുണ്ടോ എന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്ഥാവനയെ വിമര്‍ശിച്ച് ആര്‍.എസ്.എസ് നേതൃത്വം. ആര്‍.എസ്.എസ് ശാഖകളില്‍ ഷോര്‍ട്ട്‌സ് ധരിച്ച് ഏതെങ്കിലും സ്ത്രീകള്‍ പങ്കെടുക്കുന്നത് കണ്ടിട്ടുണ്ടോയെന്ന രാഹുലിന്റെ ചോദ്യത്തിനെതിരെയാണ് ആര്‍.എസ്.എസ് രംഗത്തെത്തിയത്. പാവാടയിട്ട് സ്ത്രീകളെ കാണണമെങ്കില്‍ സ്ത്രീകളുടെ ഹോക്കി കാണാന്‍ പോകുന്നതായിരിക്കും നല്ലതെന്നും അവിടെ സ്ത്രീ കളിക്കാന്‍ ധരിക്കുന്ന വേഷം നോക്കി താങ്കള്‍ക്ക് നില്‍ക്കാമെന്നും ആര്‍.എസ്.എസ് മുതിര്‍ന്ന നേതാവ് മന്‍മോഹന്‍ വൈദ്യ പ്രതികരിച്ചു. രാഹുലിന് വേണ്ടി പ്രസംഗം തയ്യാറാക്കുന്നവര്‍ക്ക് ആര്‍എസ്എസ് എന്താണെന്ന് മനസ്സിലായിട്ടില്ല. കുറച്ചുകൂടി ബുദ്ധിയുള്ള എഴുത്തുകാരെ പ്രസംഗം തയ്യാറാക്കുന്നതിനായി കണ്ടെത്തണമെന്നും വൈദ്യ പരിഹസിച്ചു. ആര്‍.എസ്.എസിന്റെ ക്യാമ്പുകളില്‍ ഇപ്പോള്‍ പുരുഷന്‍മാര്‍ക്ക് മാത്രമാണ് പ്രാതിനിധ്യം. എന്നാല്‍ അതിനര്‍ത്ഥം ആര്‍.എസ്.എസില്‍ സ്ത്രീപ്രാതിനിധ്യമില്ലെന്ന് അല്ല. കോണ്‍ഗ്രസിലെ സ്ത്രീപ്രാതിനിധ്യത്തെ ആര്‍.എസ്.എസുമായി താരതമ്യം ചെയ്യുകയാണ് രാഹുല്‍. എന്നാല്‍ ആര്‍.എസ്.എസ് അത്തരമൊരു താരതമ്യത്തിന് നില്‍ക്കുന്നില്ല. ആര്‍.എസ്.എസിലെ സ്ത്രീകളുടെ എണ്ണത്തെ കുറിച്ച് ആശങ്കപ്പെടുന്ന സമയംകൊണ്ട് സ്വന്തംപാര്‍ട്ടിയുടെ അടിത്തറയെ കുറിച്ച് രാഹുല്‍ ആലോചിക്കണമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ആര്‍എസ്എസില്‍ സ്ത്രീകള്‍ക്കായി രാഷ്ട്ര സേവികാ സമിതിയെന്ന പ്രത്യേക സംഘടന പ്രവര്‍ത്തിക്കുമ്പോഴാണ് രാഹുല്‍ ഇത്തരത്തിലൊരു പ്രസ്താവന നടത്തിയത്. പരാമര്‍ശത്തില്‍ മാപ്പ് പറയണമെന്ന് ആര്‍എസ്എസ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ആര്‍എസ്എസിന്റെ പ്രവര്‍ത്തനം ഏത് തരത്തിലാണെന്ന് രാഹുലിന് അറിയില്ലെന്നും ആര്‍എസ്എസ് വിമര്‍ശിച്ച് രംഗത്തുവന്നിരുന്നു. ആര്‍എസ്എസില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളെ അപമാനിക്കുന്ന പ്രസ്ഥാവനയാണ് രാഹുല്‍ നടത്തിയതെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി പറഞ്ഞിരുന്നു. നവസര്‍ജന്‍ യാത്രയുടെ ഭാഗമായി വഡോദരയില്‍ വിദ്യാര്‍ഥികളുമായി സംവദിക്കുമ്പോഴാണ് രാഹുല്‍ ആര്‍.എസ്.എസിനെ വിമര്‍ശിച്ചത്. ‘ആര്‍.എസ്.എസു’കാര്‍ കരുതുന്നത് സ്ത്രീകള്‍ നിശ്ശബ്ദരായിരിക്കണമെന്നാണ്. സ്ത്രീകള്‍ മിണ്ടിയാല്‍ വായടപ്പിക്കാനാവും ഉത്സാഹം. ആര്‍.എസ്.എസ്. ശാഖകളില്‍ ഷോര്‍ട്‌സ് ധരിച്ച് ഏതെങ്കിലും സ്ത്രീ പങ്കെടുക്കുന്നത് നിങ്ങള്‍ കണ്ടിട്ടുണ്ടോ..? ബി.ജെ.പി.യില്‍ ധാരാളം സ്ത്രീകളുണ്ട്. പക്ഷേ അവരുടെ പിതൃസംഘടനയായ ആര്‍.എസ്.എസില്‍ ഒരു സ്ത്രീയെപ്പോലും താന്‍ കണ്ടിട്ടില്ലെന്നുമാണ് രാഹുല്‍ പറഞ്ഞത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments