Wednesday, April 24, 2024
HomeNationalകശ്മീർ താഴ്വര മഞ്ഞുവീഴ്ചയെ തുടർന്ന് ഒറ്റപ്പെട്ടു;6 മൃതദേഹങ്ങള്‍ കണ്ടെടുത്തു

കശ്മീർ താഴ്വര മഞ്ഞുവീഴ്ചയെ തുടർന്ന് ഒറ്റപ്പെട്ടു;6 മൃതദേഹങ്ങള്‍ കണ്ടെടുത്തു

കശ്മീരിലെ ഗന്ദെര്‍ബല്‍ ജില്ലയില്‍ കടുത്ത മഞ്ഞുവീഴ്ചയില്‍ പെട്ട് ഒരു മേജര്‍ മരണപ്പെട്ട് മണിക്കൂറികള്‍ക്ക് ശേഷമാണ് സമാന സ്വഭാവത്തിലുള്ള രണ്ട് അപകടങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ബന്ദിപ്പോറ ജില്ലയിലെ നിയന്ത്രണ രേഖയ്ക്കടുത്തുള്ള സൈനിക പോസ്റ്റില്‍ മഞ്ഞുവീഴ്ചയെ തുടര്‍ന്ന് മൂന്നു സൈനീകരെ കാണാതായി. ചൊവ്വാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് ഈ ദാരുണ സംഭവം നടന്നത്. കാണാതായ സൈനീകര്‍ക്കു വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്. കഴിഞ്ഞ ദിവസം രാത്രി ഒരു ആർമി പോർട്ടറെയും ഹിമപാതത്തിൽ കാണാതായിരുന്നു. പൂഞ്ചിനെയും രജൗരിയെയും ഷോപിയാൻ ജില്ലയുമായി ബന്ധിപ്പിക്കുന്ന മുഗൾ റോഡും ശ്രീനഗർ– ജമ്മു ദേശീയപാത മഞ്ഞുവീഴ്ചയും മഴയും കാരണം അടച്ചിട്ടു.

ഗുറേസ് സെക്ടറിലെ ഒരു ക്യാമ്പില്‍ നിന്ന് ആറ് മൃതദേഹങ്ങള്‍ കണ്ടെടുത്തതായി സൈന്യം അറിയിച്ചിട്ടുണ്ട്. പട്രോളിങ് സംഘം അപകടത്തില്‍ പെട്ടതും സൈന്യം സ്ഥിരീകരിച്ചു. പ്രതികൂല കാലാവസ്ഥക്കിടയിലും രക്ഷാ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. എത്രപേരെ കാണാതായിട്ടുണ്ടെന്നത് സംബന്ധിച്ച വിവരങ്ങള്‍സൈന്യം പുറത്തുവിട്ടിട്ടില്ല. ചൊവ്വാഴ്ച ഹിമപാതം തുടങ്ങിയതിന് ശേഷം ഏഴ് സിവിലിയന്മാരും ഇതുവരെ മരിച്ചിട്ടുണ്ട്. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽ നിന്ന് കശ്മീർ താഴ്‌വര പൂർണമായും ഒറ്റപ്പെട്ട അവസ്ഥയിലാണ്. ശ്രീനഗർ വിമാനത്താവളത്തിൽ നിന്നുള്ള എല്ലാ പ്രവർത്തനങ്ങളും നിർത്തിവച്ചു. മഞ്ഞ് കാഴ്ചാപരിധിയെയും ബാധിച്ചതിനെത്തുടർന്നാണിത്. നിലവിലെ കാലാവസ്ഥ വ്യാഴാഴ്ച വരെ തുടരുമെന്നാണ് നിരീക്ഷണകേന്ദ്രം പറയുന്നത്. ഏതു കാലാവസ്ഥയിലും പ്രശ്നമില്ലാത്ത വിധം നിർമിച്ച 300 കി.മീ. ശ്രീനഗർ–ജമ്മു ദേശീയ പാതയാണ് രാജ്യത്തിന്റെ മറ്റു ഭാഗങ്ങളുമായി ബന്ധപ്പെടാനുള്ള പ്രധാന മാർഗം. ജവാഹർ തുരങ്കം ഉൾപ്പെടെ ഇതിന്റെ പല ഭാഗങ്ങളിലും ഗതാഗതം പൂർണമായും നിരോധിച്ചിരിക്കുകയാണ്.ജമ്മു കശ്മീരിൽ ഗുൽമാർഗിൽ മൈനസ് 6.5 ഡിഗ്രി സെൽഷ്യസ് തണുപ്പ് രേഖപ്പെടുത്തിയെങ്കിലും ഇവിടെ മഞ്ഞുവീഴ്ച ശൈത്യകാല ടൂറിസത്തിനു ഗുണകരമാകുമെന്നാണു കരുതുന്നത്. കാർഗിലിൽ -3 ഡിഗ്രി സെൽഷ്യസാണ് തണുപ്പ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments