Wednesday, April 24, 2024
HomeKeralaശബരിമലയിലേക്കുള്ള ഏലയ്ക്ക തടഞ്ഞത് കൃത്രിമ നിറങ്ങള്‍ ചേർത്തതിനാൽ - ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍

ശബരിമലയിലേക്കുള്ള ഏലയ്ക്ക തടഞ്ഞത് കൃത്രിമ നിറങ്ങള്‍ ചേർത്തതിനാൽ – ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍

ശബരിമലയിലേക്കുള്ള ഏലയ്ക്ക തടഞ്ഞ സംഭവത്തില്‍ വിശദീകരണവുമായി ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍ രംഗത്ത്. കൃത്രിമ നിറങ്ങള്‍ ചേര്‍ന്നിട്ടുണ്ടെന്നു കണ്ടെത്തിയതിനാലാണ് ശബരിമലയിലേക്കുള്ള ഏലയ്ക്ക തടഞ്ഞതെന്ന് ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍ അറിയിച്ചു. പരിശോധനാഫലങ്ങള്‍ ഭക്ഷ്യസുരക്ഷാ കമ്മിഷണറേറ്റില്‍ സൂക്ഷിച്ചിട്ടുണ്ട്. മാരകമായ നിറങ്ങള്‍ കണ്ടെത്തിയെന്ന കാര്യം ദേവസ്വം ബോര്‍ഡിനെ അറിയിച്ചിരുന്നു.ഏലയ്ക്കയുടെ സാമ്പിളുകള്‍ സംസ്ഥാന സര്‍ക്കാരിന്റെ ഗുണനിലവാര പരിശോധനാ കേന്ദ്രമായ അലിസ്റ്റ് ലാബില്‍ പരിശോധന നടത്തി. ഈ പരിശോധനയിലും മനുഷ്യശരീരത്തിന് ഹാനികരമാകുന്ന വ്യാജ നിറങ്ങളുടെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. ഭക്ഷ്യസുരക്ഷാ നിയമപ്രകാരം ഇത് ആറു മാസം തടവും അഞ്ചു ലക്ഷം രൂപ പിഴയും ലഭിക്കാവുന്ന ക്രിമിനല്‍ കുറ്റമാണ്. ഇതുസംബന്ധിച്ച് പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിക്കുന്നതിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ ശബരിമല സീസണില്‍ വിവിധ ഭക്ഷ്യവസ്തുക്കളുടെ 167 സാമ്പിളുകള്‍ പമ്പയിലെ ഫുഡ് ടെസ്റ്റിങ് ലാബില്‍ പരിശോധിച്ചു. ശര്‍ക്കരയുടെ ഒരു സാമ്പിളും കല്‍ക്കണ്ടത്തിന്റെ രണ്ടു സാമ്പിളുകളും ഏലയ്ക്കയുടെ രണ്ടു സാമ്പിളും അവലിന്റെ ഒരു സാമ്പിളും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാല്‍ പമ്പയില്‍നിന്നും കയറ്റിവിടാന്‍ അനുമതി നല്‍കിയിട്ടില്ല. ഇക്കാര്യം സര്‍ക്കാരിനെയും സ്‌പെഷ്യല്‍ കമ്മിഷണറെയും അറിയിച്ചിട്ടുണ്ടെന്നും ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍ പറഞ്ഞു. മണ്ഡല മകരവിളക്ക് കാലത്ത് അപ്പം, അരവണ എന്നിവയുടെ നിര്‍മാണത്തിനുള്ള എല്ലാ അസംസ്‌കൃത വസ്തുക്കളും പരിശോധിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. എല്ലാ വര്‍ഷവും ഭക്ഷ്യവസ്തുക്കള്‍ക്കു ടെന്‍ഡര്‍ ക്ഷണിക്കുമ്പോള്‍ കരാറുകാര്‍ സാമ്പിള്‍ ഹാജരാക്കും. ഇതിന്റെ റിപ്പോര്‍ട്ട് ദേവസ്വം ബോര്‍ഡിന് നല്‍കുന്നുമുണ്ട്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments