വിദേശപര്യടനത്തിനിടയിൽ കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തി മോദി രസിക്കുന്നുവെന്ന് ആരോപണം

modi visit

വിദേശ സന്ദര്‍ശനത്തിനിടെയിൽ കോണ്‍ഗ്രസിനെ കുറ്റം പറഞ്ഞു പ്രധാനമന്ത്രി നരേന്ദ്ര മോദി രസിക്കുന്നു. മുന്‍കാലങ്ങളിൽ ഉണ്ടായിരുന്ന സര്‍ക്കാരുകളാണ് ഇന്ത്യയുടെ പ്രതിഛായ ഇല്ലായ്മ ചെയ്തതെന്ന് നരേന്ദ്ര മോദി പ്രസംഗിച്ചു. മസ്‌ക്കറ്റിൽ ഇന്ത്യക്കാരെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു മോദി.

മുന്‍ സര്‍ക്കാരുകളുടെ കാലത്ത് തുടര്‍ച്ചയായുണ്ടായ അഴിമതി ഇന്ത്യക്ക് തിരിച്ചടിയായി. ദുര്‍ഭരണത്തിന്റെ രീതി അവസാനിപ്പിച്ച്‌ പുതിയ ഇന്ത്യയെ വളര്‍ത്തിയെടുക്കാനുള്ള ശ്രമമാണ് തന്റെ സർക്കാർ ചെയ്യുന്നതെന്ന് മോദി പറഞ്ഞു. ത്രിരാഷ്ട്ര സന്ദര്‍ശനത്തിന്റെ ഭാഗമായി ഒമാനിലെത്തിയതായിരുന്നു പ്രധാനമന്ത്രി. നേരത്തെ പലസ്തീനും യുഎഇയും സന്ദര്‍ശിച്ച ശേഷമാണ് മോദി ഒമാനിലെത്തിയത്. ഒമാന്‍ സുല്‍ത്താന്‍ പ്രത്യേക അത്താഴം മോദിക്ക് ഒരുക്കിയിരുന്നു. ദുബായില്‍ ലോക ഗവണ്‍മെന്റ് സമ്മിറ്റിലും മോദി സംസാരിച്ചിരുന്നു.

ഗള്‍ഫ് രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധം മെച്ചപ്പെട്ടുവരികയാണെന്ന് ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ സയ്യിദ് ഖാബൂസ് ബിന്‍ സയ്ദിന് നന്ദി പറഞ്ഞ് മോദി വ്യക്തമാക്കി. ഗള്‍ഫില്‍ ഇന്ത്യയുമായി ഏറ്റവും അടുത്തുകിടക്കുന്ന രാജ്യമാണ് ഒമാന്‍ എന്നും മോദി കൂട്ടിച്ചേര്‍ത്തു. ഒമാനി വ്യവസായികളുമായി മോദി ഇന്ന് കൂടിക്കാഴ്ച നടത്തും. ഒമാന്‍ ഉപപ്രധാനമന്ത്രിമാരായ സയ്യിദ് ഫഹദ്, സയ്യിദ് അസദ് എന്നിവരുമായും മോദി ചര്‍ച്ച നടത്തും. സുല്‍ത്താന്‍ ഖാബൂസ് പള്ളിയും ഏറെ പഴക്കമുള്ള ശിവക്ഷേത്രവും സന്ദര്‍ശിച്ച ശേഷമായിരിക്കും ഇന്ത്യയിലേക്കുള്ള മോദിയുടെ മടക്കം.