Thursday, April 25, 2024
HomeKeralaകേരളം ആസ്ഥാനമാക്കി ക്രിസ്ത്യന്‍ സര്‍വകലാശാല; ആര്‍.എസ്.എസ് വിയോജിപ്പ് പ്രകടിപ്പിച്ചു

കേരളം ആസ്ഥാനമാക്കി ക്രിസ്ത്യന്‍ സര്‍വകലാശാല; ആര്‍.എസ്.എസ് വിയോജിപ്പ് പ്രകടിപ്പിച്ചു

കേരളം ആസ്ഥാനമാക്കി ക്രിസ്ത്യന്‍ സര്‍വകലാശാല എന്ന ദേശീയ ന്യൂനപക്ഷകമ്മിഷന്റെ നിര്‍ദേശത്തില്‍ ആര്‍.എസ്.എസിന് അതൃപ്തി. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി. നാമനിര്‍ദേശം ചെയ്ത അംഗങ്ങളുള്ള ന്യൂനപക്ഷകമ്മിഷന്റെ നീക്കത്തോടാണ് സംഘപരിവാര്‍ വിയോജിപ്പ് പ്രകടിപ്പിച്ചത്. സര്‍വകലാശാലയുടെ ആസ്ഥാനമായി നിര്‍ദേശിക്കപ്പെട്ടത് കേരളമായതിനാല്‍ ആര്‍.എസ്.എസ്. സംസ്ഥാനഘടകമാണ് അഭിപ്രായം വ്യക്തമാക്കിയത്. നീക്കവുമായി മുന്നോട്ടുപോയാല്‍ ദേശീയ തലത്തില്‍ ഇടപെടുമെന്നാണ് സംസ്ഥാനനേതൃത്വം നല്‍കുന്ന സൂചന.

മതത്തിന്റെ പേരില്‍ ഒരു സര്‍വകലാശാല കേരളത്തിലെന്നല്ല രാജ്യത്തുതന്നെ ആവശ്യമില്ലെന്ന നിലപാടിലാണ് സംസ്ഥാന ഘടകം. ന്യൂനപക്ഷത്തിന് മുമ്പ് അനുവദിച്ച അലിഗഢ് മുസ്ലിം യൂണിവേഴ്‌സിറ്റി പിന്നീട് രാഷ്ട്രദ്രോഹ പ്രവര്‍ത്തനത്തിന് കേന്ദ്രമാക്കി മാറ്റിയത് രാജ്യം കണ്ടതാണെന്ന് ആര്‍.എസ്.എസ്. പ്രാന്ത കാര്യവാഹ് പി. ഗോപാലന്‍കുട്ടി പറഞ്ഞു. അലിഗഢ് സര്‍വകലാശാലയുമായി ബന്ധപ്പെട്ട കേസില്‍, മതത്തിന്റെ പേരില്‍ മുമ്പ് സര്‍വകലാശാലകള്‍ അനുവദിച്ചത് തെറ്റായിരുന്നു എന്ന് സുപ്രീംകോടതി പറഞ്ഞ സാഹചര്യത്തില്‍ ഇത്തരം വിഷയം അപ്രസക്തമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്ലാ സ്ഥാപനത്തിലും എല്ലാവര്‍ക്കും പഠിക്കാന്‍ രാജ്യത്തെ നിയമം അനുശാസിക്കുന്നുണ്ട്. ഭൂരിപക്ഷം പഠിക്കുന്നിടത്ത് ന്യൂനപക്ഷം പഠിച്ചുകൂടാ എന്ന വ്യവസ്ഥയൊന്നും രാജ്യത്തില്ലെന്നും ആര്‍.എസ്.എസ്. പറയുന്നു. ന്യൂനപക്ഷങ്ങള്‍ കൂടുതലുള്ള മേഖലകളില്‍ സര്‍വകലാശാലകള്‍ സ്ഥാപിക്കണമെന്ന കേന്ദ്രസര്‍ക്കാര്‍ നിലപാടിന്റെ അടിസ്ഥാനത്തിലാണ് ക്രിസ്ത്യന്‍ സര്‍വകലാശാല എന്ന ആശയം ന്യൂനപക്ഷ കമ്മിഷനിലുണ്ടായത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments