Thursday, March 28, 2024
HomeKeralaറിപ്പബ്ലിക് ദിന പരേഡിൽ ആർ.എസ്.എസ് ഇന്ത്യൻ സൈന്യത്തിനൊപ്പം മാർച്ച് ചെയ്തിട്ടുണ്ട് - കുമ്മനം

റിപ്പബ്ലിക് ദിന പരേഡിൽ ആർ.എസ്.എസ് ഇന്ത്യൻ സൈന്യത്തിനൊപ്പം മാർച്ച് ചെയ്തിട്ടുണ്ട് – കുമ്മനം

ഇന്ത്യൻ സൈന്യത്തെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ പ്രസംഗം നടത്തിയ ആർ.എസ്.എസ്. മേധാവി മോഹൻ ഭഗവതിനെതിരെ വിമർശനങ്ങൾ ഉയരുന്നതിനിടെ വിശദീകരണവുമായി ബി.ജെ,പി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ രംഗത്തെത്തി. എല്ലാ വിഷമസന്ധികളിലും രാജ്യത്തിന് കൈത്താങ്ങായി നിന്ന സംഘടനയാണ് ആർ.എസ്.എസെന്നും രാജ്യം അഭിമുഖീകരിച്ച 4 യുദ്ധങ്ങളിലും ആർ.എസ്.എസ് ചെയ്‌ത സേവനം എന്താണെന്ന് അറിയണമെങ്കിൽ ചരിത്രം പഠിക്കണമെന്നും കുമ്മനം പറഞ്ഞു. ഇന്ത്യാ- ചൈന യുദ്ധ സമയത്ത് ദില്ലിയിലെ ട്രാഫിക് നിയന്ത്രിക്കാനും ക്രമസമാധാനം ഉറപ്പാക്കാനും ആർ.എസ്.എസിനെ നിയോഗിച്ചത് ജവഹർലാൽ നെഹ്‌റു ആയിരുന്നെന്ന കാര്യം സി.പി.എം നേതാക്കൾക്ക് അറിവില്ലാത്തതല്ല, അത് മനപ്പൂർവ്വം വിസ്‌മരിക്കുന്നതാണ്. ഇതിന്റെ പ്രത്യുപകാരം എന്ന നിലയിൽ റിപ്പബ്ലിക് ദിന പരേഡിൽ ആർ.എസ്.എസ് ഇന്ത്യൻ സൈന്യത്തിനൊപ്പം മാർച്ച് ചെയ്‌തിട്ടുണ്ടെന്ന കാര്യം പിണറായി വിജയന് അറിയുമോയെന്നും അദ്ദേഹം ചോദിച്ചു. തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഫെയ്സ്ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം

ആർ.എസ്.എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവതിന്റെ മുസാഫ് പൂർ പ്രസംഗം വളച്ചൊടിച്ച് വിവാദമാക്കി അതിൻമേൽ ചർച്ച നടത്തുന്നത് രാഷ്ട്രീയ കുബുദ്ധി എന്നതിനപ്പുറം ഒന്നുമല്ല. ‘രാജ്യത്തിന് അടിയന്തിര ആവശ്യമുണ്ടായാൽ, ഭരണഘടന അനുവദിച്ചാൽ ജനങ്ങളെ യുദ്ധ സന്നദ്ധരാക്കാൻ സൈന്യത്തിന് 6 മാസമെങ്കിലും എടുക്കും, അതേസമയം ആർ.എസ്.എസ് പ്രവർത്തകർക്ക് തയ്യാറാകാൻ 3 ദിവസം മാത്രമേ ആവശ്യമായി വരികയുള്ളൂ. കാരണം സംഘ സ്വയംസേവകർ നിത്യേന പരിശീലനം നടത്തുന്നവരാണ്.’ ഇതാണ് മോഹൻജി പറഞ്ഞതിന്റെ രത്‌നച്ചുരുക്കം. ഇതിൽ എവിടെയാണ് സൈന്യത്തെ അവഹേളിക്കുന്ന ഭാഗമുള്ളതെന്ന് ബന്ധപ്പെട്ടവർ വിശദീകരിക്കണം. ഈ വാക്കുകളെയാണ് 3 ദിവസം കൊണ്ട് ആർ.എസ്.എസിന് സൈന്യം ഉണ്ടാക്കാൻ സാധിക്കും എന്ന് വളച്ചൊടിച്ചത്. കുപ്രസിദ്ധമായ ഒരു ഇടതുപക്ഷ വെബ് പോർട്ടൽ പ്രസിദ്ധീകരിച്ച വാർത്തയുടെ ചുവടു പിടിച്ചാണ് ഇപ്പോൾ വിവാദങ്ങൾ അരങ്ങേറുന്നത്. ഇത് രാഷ്ട്രീയ ഗൂഡാലോചനയാണ്.

കിട്ടിയ അവസരം മുതലാക്കി പിണറായി വിജയനും സി.പി.എം നേതാക്കളും സൈന്യത്തിന് വേണ്ടി വാദിക്കുകയാണ്. ആർ.എസ്.എസിനെ എതിർക്കാൻ വേണ്ടിയാണങ്കിലും ഇന്ത്യൻ സൈന്യത്തെ അനുകൂലിക്കാൻ സി.പി.എം നേതാക്കൾ തയ്യാറായത് സന്തോഷമുണ്ടാക്കുന്ന കാര്യമാണ്. ഇന്ത്യൻ സൈന്യം അവസരം കിട്ടുമ്പോഴെല്ലാം സ്ത്രീകളെ ബലാത്സംഗം ചെയ്‌ത് രസിക്കുന്നവരാണെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ അഭിപ്രായം ഈ അവസരത്തിലെങ്കിലും ഉപേക്ഷിച്ചോ എന്ന് അറിയാൻ താത്പര്യമുണ്ട്. ഭാരതത്തെ രണ്ടായല്ല 17 ആയി വെട്ടിമുറിക്കണമെന്ന് പറഞ്ഞ, സ്വാതന്ത്ര്യ സമരത്തെ ഒറ്റുകൊടുത്ത, ഗാന്ധിജിയേയും സുഭാഷ് ചന്ദ്രബോസിനെയും അവഹേളിച്ച, ക്വിറ്റ് ഇന്ത്യാ സമരത്തെ അട്ടിമറിക്കാൻ ബ്രിട്ടീഷുകാരിൽ നിന്ന് അച്ചാരം വാങ്ങിയ, ഇന്ത്യാ ചൈന യുദ്ധ സമയത്ത് ചൈനാ അനുകൂല നിലപാട് സ്വീകരിച്ച, സായുധ വിപ്ലവത്തിലൂടെ ഇന്ത്യൻ ഭരണം പിടിച്ചെടുക്കാൻ തന്ത്രങ്ങൾ മെനഞ്ഞ ചരിത്രമുള്ളവരാണ് സി.പി.എമ്മുകാർ. ആ പാർട്ടിയുടെ നേതാക്കളിൽ നിന്ന് ദേശസ്‌നേഹം പഠിക്കേണ്ട ഗതികേട് ആർ.എസ്.എസിനും ബി.ജെ.പിക്കുമില്ല.

എല്ലാ വിഷമസന്ധികളിലും രാജ്യത്തിന് കൈത്താങ്ങായി നിന്ന സംഘടനയാണ് ആർ.എസ്.എസ്. രാജ്യം അഭിമുഖീകരിച്ച 4 യുദ്ധങ്ങളിലും ആർ.എസ്.എസ് ചെയ്‌ത സേവനം എന്താണെന്ന് അറിയണമെങ്കിൽ ചരിത്രം പഠിക്കണം. ഇന്ത്യാ- ചൈന യുദ്ധ സമയത്ത് ദില്ലിയിലെ ട്രാഫിക് നിയന്ത്രിക്കാനും ക്രമസമാധാനം ഉറപ്പാക്കാനും ആർ.എസ്.എസിനെ നിയോഗിച്ചത് ജവഹർലാൽ നെഹ്‌റു ആയിരുന്നെന്ന കാര്യം സി.പി.എം നേതാക്കൾക്ക് അറിവില്ലാത്തതല്ല, അത് മനപ്പൂർവ്വം വിസ്‌മരിക്കുന്നതാണ്. ഇതിന്റെ പ്രത്യുപകാരം എന്ന നിലയിൽ റിപ്പബ്ലിക് ദിന പരേഡിൽ ആർ.എസ്.എസ് ഇന്ത്യൻ സൈന്യത്തിനൊപ്പം മാർച്ച് ചെയ്‌തിട്ടുണ്ടെന്ന കാര്യം പിണറായി വിജയന് അറിയുമോ?. അതിർത്തികളിൽ സൈന്യത്തിനൊപ്പം തോളോട് തോൾ ചേർന്ന് ആർ.എസ്.എസ് പ്രവർത്തിക്കുമ്പോൾ ഇന്ത്യൻ സൈന്യത്തിന് രക്തം ദാനം ചെയ്‌ത സഖാക്കൾക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുന്നതിനെപ്പറ്റി നിങ്ങൾ കൂലങ്കഷമായ ചർച്ച നടത്തുകയായിരുന്നു സഖാവേ. അത് കൊണ്ട് ആർ.എസ്.എസിനെ ദേശസ്‌നേഹം പഠിപ്പിക്കാൻ മുതിരാതെ സ്വന്തം പാർട്ടി സെക്രട്ടറിയോട് അദ്ദേഹത്തിന്റെ ജന്മനാട് ചൈനയല്ല ഇന്ത്യയാണെന്ന് പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കുകയാണ് നല്ലത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments