കുമ്മനം രാജശേഖരന്‍ ട്രാഫിക് നിയമം തെറ്റിച്ചതിന് ഒന്നരലക്ഷത്തിനുമേല്‍ ഫൈന്‍ അടയ്ക്കാന്‍ കുടിശ്ശിഖ

kummanam

ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ 97 തവണ ട്രാഫിക് നിയമം തെറ്റിച്ചതിന് ഒന്നരലക്ഷത്തിനുമേല്‍ ഫൈന്‍ അടയ്ക്കാന്‍ ബാക്കി കിടക്കുന്നതായി വെളിപ്പെടുത്തല്‍. ഫൈന്‍ കുടിശ്ശിഖയില്‍ ഒരു രൂപപോലും കുമ്മനം ഇതുവരെ സര്‍ക്കാരില്‍ അടച്ചിട്ടില്ല.

കുമ്മനം രാജശേഖരന് രണ്ടു കാറുകള്‍ ഉണ്ട്. രണ്ടു കാറുകളും അമിതവേഗതയുടെ പേരില്‍ ട്രാഫിക് നിയമം ലംഘിച്ചിട്ടുണ്ട്. അതും ആകെ 97 തവണ. മോട്ടോര്‍ വകുപ്പ് നിയമപ്രകാരം ആദ്യമായി ട്രാഫിക് നിയമം ലംഘിച്ചാല്‍ ഡ്രൈവര്‍ക്ക് 400 രൂപ പിഴയും വാഹന ഉടമയ്ക്ക് 300 രൂപയുമാണ് പിഴ. എന്നാല്‍ തുടര്‍ച്ചയായി നിയമലംഘനം നടത്തിയാല്‍ ഡ്രൈവര്‍ക്ക് ആയിരം രൂപയും ഉടമയ്ക്ക് 500 യുമാണ്‌ പിഴ ചുമത്തുക. അതെല്ലാം ചേര്‍ത്ത് കുമ്മനം ഇതുവരെ ഒടുക്കേണ്ട തുക ഒരു ലക്ഷത്തി അന്‍പത്തൊന്നായിരം രൂപയാണ് ( 1,51,000 രൂപ ) .

ഇത്രയും തവണ ട്രാഫിക് റൂള്‍ തെറ്റിച്ചിട്ടും മോട്ടോര്‍ വാഹന വകുപ്പ് ഒരു നടപടിയും ഇതുവരെ കൈക്കൊണ്ടിട്ടില്ലെന്നതാണ് അതിശയകരമായ വസ്തുത. സാധാരണഗതിയില്‍ ലൈസന്‍സ് തന്നെ ക്യാന്‍സല്‍ ചെയ്യേണ്ടതാണ്. സാധാരണക്കാരാണെങ്കില്‍ അതാകും സംഭവിക്കുക. നമ്മുടെ നേതാക്കള്‍ക്കൊക്കെ രാജകീയ കാലമാണോ കേരളത്തില്‍ എന്ന് തോന്നിയാല്‍ തെറ്റുണ്ടോ ? പിഴ ഈടാക്കാനുള്ള ഒരു നടപടിയും വകുപ്പിന്റെ ഭാഗത്തുനിന്ന് ഇതുവരെയും ഉണ്ടായിട്ടില്ല. പൊതുപ്രവര്‍ത്തകനായ സി.എന്‍.ഷാനവാസിന് വിവരാവകാശനിയമപ്രകാരം ലഭിച്ചതാണ് ഈ വിവരങ്ങള്‍. പിഴ ഈടാക്കാനും ശിക്ഷാ നടപടി സ്വീകരിക്കാനും വിമുഖത കാട്ടുന്ന മോട്ടോര്‍ വാഹന വകുപ്പിനെ തിരെ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ഷാനവാസ്.