കുട്ടികളുടെ അന്താരാഷ്ട്ര ചലച്ചിത്രോത്സവം മെയ് 14ന് തുടങ്ങും

children film

സംസ്ഥാനത്ത് ആദ്യമായി സംഘടിപ്പിക്കുന്ന കുട്ടികളുടെ അന്താരാഷ്ട്ര ചലച്ചിത്രോത്സവം മെയ് 14ന് ആരംഭിക്കും. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന മേള 15ന് ഉച്ചക്ക് 12ന് ടാഗോര്‍ തിയേറ്ററില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, എംഎല്‍എമാരായ മുകേഷ്, വിഎസ് ശിവകുമാര്‍, കെടിഡിസി ചെയര്‍മാന്‍ എം വിജയകുമാര്‍, നടന്‍ മധു, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍, ആദ്യകാല സംവിധായകന്‍ പിവി ശിവന്‍, ചലച്ചിത്ര വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ ലെനിന്‍ രാജേന്ദ്രന്‍ എന്നിവര്‍ പങ്കെടുക്കും. സിനിമയുടെ സാങ്കേതികവശങ്ങള്‍ കുട്ടികളെ പരിചയപ്പെടുത്തുക, സിനിമ ആസ്വദിക്കാനുള്ള കഴിവു വര്‍ദ്ധിപ്പിക്കുക തുടങ്ങിയവയാണ് ചലച്ചിത്രമേളയുടെ ലക്ഷ്യമെന്ന് ഫെസ്റ്റിവല്‍ കമ്മിറ്റി ചെയര്‍മാന്‍ മുകേഷ് എംഎല്‍എ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കൈരളി, ശ്രീ, നിള, ടാഗോര്‍, കലാഭവന്‍ എന്നീ തീയേറ്ററുകളില്‍ ദിവസം 4 സിനിമകള്‍ വീതം പ്രദര്‍ശിപ്പിക്കും. ലോകത്തോരങ്ങളായ140 സിനിമകള്‍ക്ക് പുറമേ ഷോര്‍ട്ട് ഫിലിം, ഡോക്യുമെന്ററി വിഭാഗങ്ങളില്‍നിന്നു തെരഞ്ഞെടുത്തവയും മേളയില്‍ പ്രദര്‍ശിപ്പിക്കും. ഇന്ത്യയിലെയും വിദേശത്തെയും 4000 ത്തോളം ഡെലിഗേറ്റുകള്‍ ചലച്ചിത്രോത്സവത്തില്‍ രജിസ്റ്റര്‍ ചെയ്തു. കുട്ടികള്‍ക്കൊപ്പം രക്ഷിതാക്കളും പണമടച്ച്‌ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ആദിവാസി മേഖലയില്‍ നിന്നുള്ള കുട്ടികളും അനാഥമന്ദിരങ്ങളിലെ കുട്ടികളും പ്രത്യേക ക്ഷണിതാക്കളാണ്. പ്രധാനവേദിയായ ടാഗോര്‍ തിയേറ്ററില്‍ ഇവരുടെ പ്രത്യേക കലാപരിപാടി അരങ്ങേറും. സംസ്ഥാന ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തില്‍ ചലച്ചിത്ര അക്കാദമി, ചലച്ചിത്ര വികസന കോര്‍പറേഷന്‍, ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവ സംയുക്തമായാണ് ചലച്ചിത്രോത്സവം സംഘടിപ്പിക്കുന്നത്. വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന ശിശുക്ഷേമസമിതി ജനറല്‍ സെക്രട്ടറി അഡ്വ. എസ്പി ദീപക്, ചലച്ചിത്ര അക്കാഡമി സെക്രട്ടറി മഹേഷ് പിഞ്ചു, ശിശുക്ഷേമസമിതി ട്രഷറര്‍ ജി രാധാകൃഷ്ണന്‍ എന്നിവരും പങ്കെടുത്തു. 20 ന്‌ മേള സമാപിക്കും.