Thursday, April 25, 2024
HomeKeralaമഞ്ഞപ്പിത്തം; ഒറ്റമൂലി മരുന്നുകളെ ആശ്രയിക്കുന്നതാണു മരണങ്ങള്‍ക്കു കാരണം

മഞ്ഞപ്പിത്തം; ഒറ്റമൂലി മരുന്നുകളെ ആശ്രയിക്കുന്നതാണു മരണങ്ങള്‍ക്കു കാരണം

സംസ്ഥാനത്ത് മഞ്ഞപ്പിത്തം ബാധിച്ചു മരിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നു. 17 പേരാണ് ഈ വര്‍ഷം പകുതിയാകുമ്പോഴേക്കും മരിച്ചത്. രോഗം ബാധിച്ചതിനാലെന്നു സംശയിക്കുന്ന മരണങ്ങള്‍ ഇതിന്റെ രണ്ടിരട്ടിയിലധികംവരും. കഴിഞ്ഞവര്‍ഷം 15 പേരാണു മഞ്ഞപ്പിത്തം ബാധിച്ചു മരിച്ചത്. രോഗബാധിതര്‍ ഒറ്റമൂലി ചികിത്സയെ ആശ്രയിക്കുന്നതാണു മരണസംഖ്യ ഉയരാന്‍ കാരണമാകുന്നതെന്നാണ് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്.

ഒറ്റമൂലി മരുന്നുകളെ ആശ്രയിക്കുന്നതാണു മരണങ്ങള്‍ക്കു കാരണമാകുന്നതെന്നു സംസ്ഥാന പകര്‍ച്ചവ്യാധി നീരീക്ഷണ സെല്ലിലെ എപ്പിഡമോളജിസ്റ്റ് എ. സുകുമാരന്‍ പറഞ്ഞു. ഒറ്റമൂലി മരുന്നുകളെ മാത്രം ആശ്രയിച്ചുകഴിഞ്ഞ രണ്ടു പേരാണു കഴിഞ്ഞ ദിവസങ്ങളിലായി മലപ്പുറത്തു മരിച്ചതെന്നു ഡി.എം.ഒ: കെ. സക്കീനയും വ്യക്തമാക്കി.

ഈ വര്‍ഷം മഞ്ഞപ്പിത്തം ബാധിച്ചുള്ള മരണം ഏറ്റവും സ്ഥിരീകരിച്ചതു വയനാട് ജില്ലയിലാണ്. അഞ്ചുപേര്‍. മലപ്പുറത്തു നാലും എറണാകുളത്തും മൂന്നും പേര്‍ മരിച്ചു. അതേസമയം, മലപ്പുറത്തു മഞ്ഞപ്പിത്തം ബാധിച്ചതിനാലെന്നു സംശയിക്കുന്ന മരണങ്ങള്‍ ഏഴാണ്. ഇത്തരത്തില്‍ മറ്റു ജില്ലകളിലെയും എണ്ണത്തില്‍ വ്യത്യാസമുണ്ട്. അസുഖം ബാധിക്കുന്നവരിലും മരിക്കുന്നവരിലും ഭൂരിഭാഗവും യുവാക്കളാണ്. മഞ്ഞപ്പിത്തം പലപ്പോഴും മറ്റു രോഗങ്ങളുടെയും ലക്ഷണമാകാം.

എലിപ്പനി ഉള്‍പ്പെടെ കരളിനെ ബാധിക്കുന്ന പലരോഗങ്ങളുടെയും ആദ്യ ലക്ഷണം മഞ്ഞപ്പിത്തമാകും. കൃത്യമായ രോഗനിര്‍ണയംനടത്താതെ ചികിത്സ തുടങ്ങുന്നതു പലപ്പോഴും അപകടങ്ങള്‍ ഉണ്ടാകാന്‍ കാരണമാകുന്നുണ്ടെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. മഞ്ഞപ്പിത്തംബാധിച്ചു മരണങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാന ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ആയുര്‍വേദ, ഹോമിയോ, അലോപ്പതി ഡോക്ടര്‍മാരുടെ സംയുക്ത യോഗം വിളിക്കാന്‍ ആലോചനയുണ്ട്.

ആരോഗ്യവകുപ്പിന് ആശങ്കയേറ്റി എച്ച്1എന്‍1 മരണനിരക്കുയരുന്നു. ശ്വാസകോശത്തെ ബാധിക്കുന്ന ഈ െവെറസ് രോഗം ഈവര്‍ഷം ഇതുവരെ അപഹരിച്ചതു 49 മനുഷ്യജീവന്‍. ഈമാസം മാത്രം രോഗം പിടിപെട്ട 101 പേരില്‍ അഞ്ചുപേര്‍ മരിച്ചതായാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. ഈവര്‍ഷം രോഗബാധിതരുടെ എണ്ണം വര്‍ധിച്ചതായി വകുപ്പധികൃതര്‍ വ്യക്തമാക്കി. അഞ്ചുമാസത്തിനിടെ 705 പേരില്‍ രോഗം കണ്ടെത്തി. ഇവരില്‍ 49 പേര്‍ മരിച്ചു.

രാജ്യത്ത് 2009-ല്‍ കണ്ടെത്തിയ എച്ച്1എന്‍1 പനി 2012, ’15 വര്‍ഷങ്ങളിലാണു കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. എന്നാല്‍ ഇത്തവണ രോഗബാധ കൂടുതല്‍ മാരകമാണെന്നു കണക്കുകള്‍ വ്യക്തമാക്കുന്നു. എറണാകുളം ജില്ലയിലാണു രോഗം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞദിവസം 10 പേരില്‍ സ്ഥിരീകരിച്ചു. തുമ്മലിലൂടെയും ചുമയിലൂടെയും പകരുന്ന എച്ച്1എന്‍1 തുടക്കത്തില്‍ കണ്ടുപിടിക്കാതെ പോകുന്നതാണ് രോഗിയുടെ ആരോഗ്യനില വഷളാക്കുന്നത്.

അതുകൊണ്ടുതന്നെ പനി ബാധിച്ചാല്‍ രോഗനിര്‍ണയത്തില്‍ ജാഗ്രത പാലിക്കണം. രോഗം കണ്ടെത്തിയാല്‍ നിലവിലുള്ള മാര്‍ഗരേഖകള്‍ പ്രകാരം പ്രത്യേകചികിത്സ ലഭ്യമാക്കണമെന്ന് ആരോഗ്യവകുപ്പ് ഡയറക്ടര്‍ നിര്‍ദേശിച്ചു. ഡെങ്കിപ്പനിയും സംസ്ഥാനത്തു പടര്‍ന്നുപിടിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളിലാണു രോഗം കൂടുതലായി കണ്ടെത്തുന്നത്. ഈമാസം ഇതുവരെ 4951 പേര്‍ ഡെങ്കിപ്പനിബാധ സംശയിച്ച് വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടി. 1042 പേര്‍ക്കു രോഗം സ്ഥിരീകരിച്ചു. ഇവരില്‍ 10 പേര്‍ മരിച്ചു.

എച്ച്1 എന്‍1 െവെറസ് രോഗമാണ്. രോഗി തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും രോഗം പകരാം. രോഗാണുക്കള്‍ നിറഞ്ഞ മലിനവസ്തുക്കളില്‍ സ്പര്‍ശിച്ചശേഷം െകെകള്‍ കഴുകാതെ മൂക്കിലും കണ്ണിലും വായിലും തൊട്ടാല്‍ രോഗബാധയുണ്ടാകും. ഗര്‍ഭിണികള്‍, മറ്റു രോഗങ്ങളുള്ളവര്‍, പ്രമേഹരോഗികള്‍, വയോധികര്‍, കുട്ടികള്‍ എന്നിവരില്‍ രോഗം മാരകമാകാം. ശക്തമായ പനി, ജലദോഷം, തൊണ്ടവേദന. ചുമ, തലവേദന, ശരീരവേദന, കഠിനമായ ക്ഷീണം, ശ്വാസംമുട്ടല്‍, നെഞ്ചുവേദന, രക്തം കലര്‍ന്ന കഫം എന്നിവയുണ്ടായാല്‍ ഡോക്ടറുടെ സേവനം ഉറപ്പുവരുത്തണം. രോഗികള്‍ പോഷകാഹാരങ്ങള്‍ കഴിക്കുകയും ആവശ്യത്തിനു വെള്ളം കുടിക്കുകയും വേണം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments