താജ്മഹലിനു നേരെ വിശ്വ ഹിന്ദു പരിഷത്ത് പ്രവർത്തകരുടെ ആക്രമണം

tajmahal

താജ്മഹലിനു നേരെ വിശ്വ ഹിന്ദു പരിഷത്ത് പ്രവർത്തകരുടെ ആക്രമണം. വിശ്വ ഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍ താജ്മഹലിന്റെ പടിഞ്ഞാറ് ഭാഗത്തെ ഗേറ്റ് തകര്‍ത്തു. ചുറ്റികകളും കമ്ബിപ്പാരകളുമായി വന്നായിരുന്നു വിഎച്ച്‌‌പി പ്രവര്‍ത്തകരുടെ അഴിഞ്ഞാട്ടം. സംഭവത്തെ ന്യായീകരിച്ച്‌ വിഎച്ച്‌പി രംഗത്തെത്തിയിട്ടുണ്ട്. ബസായ് ഘട്ടിലുള്ള സിദ്ധേശ്വര്‍ മഹാദേവ ക്ഷേത്രത്തിലേക്ക് പോകുന്ന വഴിയിലാണ് താജ്മഹലിന്റെ പടിഞ്ഞാറേ കവാടം നില്‍ക്കുന്നത്. 400 വര്‍ഷം പഴക്കമുള്ള ക്ഷേത്രത്തിലേക്കുള്ള വഴി തടസപ്പെടുത്തുന്നുവെന്ന് ആരോപിച്ചായിരുന്നു ആക്രമണം. നേരത്തെ താജ്മഹലിന്റെ പേര് റാം മഹല്‍ എന്നോ കൃഷ്ണ മഹല്‍ എന്നോ മാറ്റണമെന്നാവശ്യപ്പെട്ട് ബിജെപി എംഎല്‍എ സുരേന്ദ്ര സിങ് വന്നിരുന്നു. ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ സംഭവത്തില്‍ പൊലീസിന് പരാതി നല്‍കിയിട്ടുണ്ട്. 30 പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. സംഭവത്തെ ന്യായീകരിച്ചു കൊണ്ട് വി.എച്ച്‌.പി നേതാവ് രവി ദുബെ പറഞ്ഞത് ഇങ്ങനെയാണ്: ‘ഗേറ്റ് താജ് മഹലിന് സമീപത്തുള്ള സിദ്ധാര്‍ത്ഥേശ്വര മഹാദേവ ക്ഷേത്രത്തിലേക്കുള്ള വഴി തടസപ്പെടുന്നു. താജ് മഹലിനേക്കാള്‍ മുന്‍പ് നിലവിലുള്ളതും 400 വര്‍ഷം പഴക്കമുള്ളതുമാണ് ക്ഷേത്രം. അതുകൊണ്ട് ക്ഷേത്രത്തിലേക്ക് ആളുകള്‍ പ്രവേശിക്കുന്നത് തടസപ്പെടുത്താന്‍ സാധിക്കില്ല.’ ഹാമറുകളും ഇരുമ്ബ് ദണ്ഡുകളും ഉപയോഗിച്ച്‌ അക്രമാസക്തരായി ഗേറ്റ് തകര്‍ക്കുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. അടുത്തിടെ താജ്മഹല്‍ ശിവ ക്ഷേത്രമാണെന്ന ആരോപണം ഉയര്‍ത്തി സംഘപരിവാര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ ഈ വാദം തെറ്റാണെന്ന് മുഗള്‍ ചക്രവര്‍ത്തി ഷാജഹാന്റേയും അദ്ദേഹത്തിന്റെ ഭാര്യ മുംതാസിന്റേയും ശവകുടീരമാണെന്നും ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ. നിലവില്‍ താജ്മഹല്‍ ശിവ ക്ഷേത്രമായിരുന്നുവെന്നും ഹിന്ദുക്കള്‍ക്ക് താജ്മഹലില്‍ ആരാധന നടത്താന്‍ അവകാശമുണ്ടെന്നും കാണിച്ച്‌ ആഗ്ര കോടതിയില്‍ കേസ് നിലവിലുണ്ട്. ഇതിന് മറുപടിയായാണ് താജ്മഹല്‍ ശിവ ക്ഷേത്രമായിരുന്നുവെന്നതിന് തെളിവുകള്‍ ഇല്ലെന്ന് കാട്ടി ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യ സത്യവാങ്മൂലം നല്‍കിയത്.