കക്കൂസിനായി വെച്ച പണം കൊണ്ട് ഭര്‍ത്താവ് മൊബൈല്‍ വാങ്ങി, എന്നാല്‍ പ്രതിഷേധിച്ച ഭാര്യ ഫോണ്‍ അടിച്ചുതകര്‍ത്തു. ജാര്‍ഖണ്ഡിലെ ധന്‍ബാദ് ജില്ലയിലെ ബുലിയിലാണ് സംഭവം. കക്കൂസ് നിര്‍മ്മിക്കാനായി സര്‍ക്കാര്‍ അനുവദിച്ച പണംകൊണ്ട് ഭര്‍ത്താവ് മൊബൈല്‍ ഫോണ്‍ വാങ്ങിക്കൊണ്ടു വന്നതാണ് ഭാര്യയെ പ്രകോപിപ്പിച്ചത്. തുടര്‍ന്ന് ഭര്‍ത്താവിനെതിരെ ഭാര്യ ശക്തമായ നിരാഹാര സമരം പ്രഖ്യാപിക്കുകയും ചെയ്തു.
കക്കൂസ് പണിയുന്നതു വരെ ഇവിടെ ആരും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കില്ലെന്ന് പറഞ്ഞ ഭാര്യ ഒടുവില്‍ അത് എറിഞ്ഞുടയ്ക്കുകയായിരുന്നു. മാത്രമല്ല കക്കൂസ് നിര്‍മിക്കുന്നതുവരെ നിരാഹാരം പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ ഭാര്യയുടെ പ്രതിഷേധത്തില്‍ അയവുണ്ടാകാതെ വന്നതോടെ വട്ടിപ്പലിശക്കാരന്റെ കയ്യില്‍ നിന്നും വായ്പയെടുത്ത് കക്കൂസ് നിര്‍മ്മിച്ച് ഒടുവില്‍ ഭര്‍ത്താവ് പ്രശ്‌നം പരിഹരിച്ചു. ജാര്‍ഖണ്ഡ് സ്വദേശിയായ രാജേഷ് മഹാത്തോയാണ് ഭാര്യ ലക്ഷ്മി ദേവിയുടെ ശൗചാലയത്തിനായുള്ള പ്രതിഷേധത്തിന് മുന്നില്‍ മുട്ടുമടക്കിയത്. ശൗചാലയം നിര്‍മ്മിച്ചു നല്‍കണമെന്ന് ആവശ്യപ്പെട്ട ലക്ഷ്മി രണ്ടു ദിവസത്തേക്ക് പച്ചവെള്ളം പോലും കുടിക്കാന്‍ തയ്യാറായില്ല.
ശൗചാലയം നിര്‍മ്മിക്കാന്‍ സ്വച്ഛ് ഭാരത് പദ്ധതി പ്രകാരം ഗുണഭോക്താക്കള്‍ക്ക് 12,000 രൂപ വീതം രണ്ടു തവണയായാണ് സര്‍ക്കാര്‍ നല്‍കി വരുന്നത്. 6000 വീതമായാണ് നല്‍കുക. ഇതില്‍ ആദ്യം നല്‍കിയ പണം കൊണ്ടാണ് രാജേഷ് സ്മാര്‍ട്ട് ഫോണ്‍ വാങ്ങിയത്. എന്നാല്‍ ഇക്കാര്യം ഭാര്യയോട് പറഞ്ഞില്ല. ഒടുവില്‍ പണം കിട്ടിയിട്ടും കക്കൂസിന്റെ നിര്‍മാണം തുടങ്ങാത്തിനെ ചോദ്യം ചെയ്തതോടെയാണ് മൊബൈല്‍ ഫോണ്‍ വാങ്ങിയ കാര്യം അറിയുന്നത്. തുടര്‍ന്നാണ് പ്രതിഷേധിച്ചത്. തനിക്ക് തെറ്റു മനസിലാക്കാന്‍ രണ്ടു ദിവസമെടുത്തുവെന്ന് രാജേഷ് പറയുന്നു.