കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് പ്രളയ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു

Raj Nath Singh

എറണാകുളം, ഇടുക്കി ജില്ലകളിലെ പ്രളയ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് കൊച്ചിയിലെത്തി. ഉച്ചയ്ക്ക് 12.30ന് വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ നെടുമ്ബാശേരി വിമാനത്താവളത്തിലിറങ്ങിയ കേന്ദ്രമന്ത്രിയെ റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍, ഡിജിപി ലോക്‌നാഥ് ബെഹ്‌റ, അഡീഷണല്‍ ചീഫ് സെക്രട്ടറി പി എച്ച്‌ കുര്യന്‍, ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫീറുല്ലാഹ്, ഐജി വിജയ് സാക്കറെ, റൂറല്‍ എസ്പി രാഹുല്‍ ആര്‍ നായര്‍ എന്നിവര്‍ ചേര്‍ന്ന് ടാര്‍മാര്‍ക്കില്‍ സ്വീകരിച്ചു. കേന്ദ്ര സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനവും ഡല്‍ഹിയില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ കൊച്ചിയിലെത്തി. തുടര്‍ന്ന് ഡൊമസ്റ്റിക് ടെര്‍മിനലിലെ വിഐപി ലോഞ്ചില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍, കൃഷി വകുപ്പ് മന്ത്രി വി എസ് സുനില്‍കുമാര്‍, ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസ്, ചീഫ് സെക്രട്ടറി ടോം ജോസ്, ജിസിസിഎ ചെയര്‍മാന്‍ സി എന്‍ മോഹനന്‍ എന്നിവരുമായി കേന്ദ്രമന്ത്രി കൂടിക്കാഴ്ച നടത്തി. തുടര്‍ന്ന് വ്യോമസേനയുടെ ഹെലികോപ്റ്ററില്‍ പ്രളയബാധിത മേഖലകള്‍ കാണുന്നതിനായി കേന്ദ്ര മന്ത്രി നെടുമ്ബാശ്ശേരിയില്‍ നിന്നും യാത്ര തിരിച്ചു. ഇടുക്കി, ചെറുതോണി ഡാമുകളും ദുരിത ബാധിത പ്രദേശങ്ങളും ഹെലികോപ്റ്ററില്‍ നിന്ന് അദ്ദേഹം വീക്ഷിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്ര സഹമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം, റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍, അഡീഷണല്‍ ചീഫ് സെക്രട്ടറി പി എച്ച്‌ കുര്യന്‍ എന്നിവരും ഹെലികോപ്റ്ററില്‍ കേന്ദ്രമന്ത്രിയ്‌ക്കൊപ്പമുണ്ടായിരുന്നു. തുടര്‍ന്ന് ഇളന്തിക്കര ഗവ. എല്‍ പി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്ബിലും അദ്ദേഹം സന്ദര്‍ശനം നടത്തി.