നാഥനില്ലാത്ത സമരത്തിന് ആളെ കൂട്ടേണ്ട ഗതികേട് എസ്എന്‍ഡിപിക്കില്ലെന്ന് വെള്ളാപ്പള്ളി

vellappally Nadeshan

ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ നിലപാട് മയപ്പെടുത്തി എസ്എന്‍ഡിപി. സര്‍ക്കാരെടുത്ത നിലപാടിനുള്ള പിന്തുണ തുടരുമ്പോഴും പ്രതിഷേധത്തിനെതിരായ നിലപാടില്‍ നിന്ന് പിന്നോട്ട് പോവുകയാണ് ഇന്ന് ചേര്‍ന്ന എസ്എന്‍ഡിപി കൗണ്‍സില്‍ യോഗം. ആചാരങ്ങള്‍ സംരക്ഷിക്കാന്‍ നിയമനിര്‍മ്മാണം വേണമെന്നും വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ ഉള്ളവര്‍ പ്രതിഷേധത്തില്‍ പങ്കെടുക്കുന്നതില്‍ തെറ്റില്ലെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. നാഥനില്ലാത്ത സമരത്തിന് ആളെ കൂട്ടേണ്ട ഗതികേട് എസ്എന്‍ഡിപിക്കില്ലെന്ന് വെള്ളാപ്പള്ളി നടേശന്‍. പ്രതിഷേധത്തിൽ എസ്എന്‍ഡിപി പ്രവർത്തകർ പങ്കെടുക്കുന്നതിനെ എതിർക്കില്ലെന്നും എന്നാല്‍ പ്രതിഷേധം എസ്എന്‍ഡിപി എന്ന മേല്‍വിലാസത്തില്‍ വേണ്ടെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. ശബരിമല സ്ത്രീ പ്രവേശനത്തിൽ സര്‍ക്കാരിനെ വെള്ളാപ്പള്ളി വീണ്ടും ന്യായീകരിച്ചു.സ്ത്രീ പ്രവേശനത്തിന്‍റെ പേരില്‍ തെരുവിലെ സമരം കലാപം സൃഷ്ടിക്കാന്‍ മാത്രമേ ഇടയാക്കൂ എന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു. ആചാരങ്ങൾ സംരക്ഷിക്കാൻ നിയമനിർമാണം വേണമെന്നും എസ്എന്‍ഡിപി. സുപ്രീംകോടതി വിധി നിരാശാജനകമെന്നും വെള്ളാപ്പളി നടേശന്‍ ആവര്‍ത്തിച്ചു.