Tuesday, April 16, 2024
HomeNational2017-18 സാമ്പത്തിക വര്‍ഷത്തില്‍ വരുത്തിയ സുപ്രധാന മാറ്റങ്ങള്‍

2017-18 സാമ്പത്തിക വര്‍ഷത്തില്‍ വരുത്തിയ സുപ്രധാന മാറ്റങ്ങള്‍

കഴിഞ്ഞ വര്‍ഷങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ 2017-2018 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്ത് നിരവധി മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ബാങ്കിംഗ്, ടാക്‌സ് തുടങ്ങി വിവിധ മേഖലകളില്‍ വന്ന മാറ്റങ്ങള്‍ സാധാരണ ജനങ്ങളടക്കമുള്ളവര്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ടതുമാണ്. 2017-18 സാമ്പത്തിക വര്‍ഷത്തില്‍ പ്രധാനമായും വരാന്‍ പോകുന്ന മാറ്റങ്ങള്‍ ഇവയാണ്:-
ബാങ്കിംഗില്‍ വരുത്തിയ മാറ്റങ്ങള്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അക്കൗണ്ടുകളില്‍ ബാങ്ക് നിഷ്‌കര്‍ഷിക്കുന്ന മിനിമം ബാലന്‍സ് സൂക്ഷിക്കാത്തവര്‍ക്ക് പിഴ. സേവിംഗ്‌സ് അക്കൗണ്ടില്‍ 20 മുതല്‍ 100 രൂപവരെയും കറന്റ് അക്കൗണ്ടില്‍ 500 രൂപയുമാണ് പിഴ. മലയാളിയുടെ സ്വന്തം സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ ഇനി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ)യുടെ ഭാഗമായി കഴിഞ്ഞു. എസ്ബിടിയുടെ എല്ലാ ശാഖകളും എസ്ബിഐയുടേതായി. എസ്ബിടിയില്‍ അക്കൗണ്ടുള്ളവര്‍ക്ക് ജൂണ്‍വരെ നിലവിലെ പാസ്ബുക്കും ചെക്ക് ബുക്കും ഉപയോഗിക്കാം. എസ്ബിടി അക്കൗണ്ടുള്ളവരും ഇന്റര്‍നെറ്റ് ബാങ്കിംഗിനായി എസ്ബിഐയുടെ സൈറ്റ് (www.onlinesbi.com)ആണ് ഇനി ഉപയോഗിക്കേണ്ടത്.
നികുതിയില്‍ വന്ന മാറ്റങ്ങള്‍ രണ്ടര മുതല്‍ അഞ്ച് ലക്ഷം വരെ വരുമാനമുള്ളവരുടെ നികുതി 10 ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനമായി കുറച്ചിട്ടുണ്ട്. നികുതി കണക്കേണ്ട വരുമാനം ഈ പരിധിക്കുള്ളില്‍ വരുന്നവര്‍ക്ക് നല്ലൊരു തുക നികുതി ലാഭിക്കാന്‍ ഇത് സഹായകമാവും. അഞ്ച് ലക്ഷം വരെ വരുമാനമുള്ളവര്‍ക്ക് ഇപ്പോള്‍ നല്‍കിയിരുന്ന 5000 രൂപയുടെ റിബേറ്റ് ഇനി മുതല്‍ 2500 രൂപയായി കുറച്ചിട്ടുണ്ട്. 2.5 മുതല്‍ 3.5 ലക്ഷം വരെ വരുമാനമുള്ളവര്‍ക്കായിരിക്കും ഇതിന്റെ പ്രയോജനം ലഭിക്കുന്നത്. അഞ്ച് ലക്ഷം രൂപ വരെ വരുമാനമുള്ളവര്‍ക്ക് ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള ഫോം ലളിതമാക്കിയിട്ടുണ്ട്. ബിസിനസില്‍ നിന്നുള്ള വരുമാനം ഒന്നുമില്ലാത്തവര്‍ക്ക് ഒരു പേജ് മാത്രമുള്ള ലളിതമായ ഫോമില്‍ റിട്ടേണ്‍ സമര്‍പ്പിക്കാം. ഈ വിഭാഗത്തില്‍ ആദ്യമായി റിട്ടേണ്‍ സമര്‍പ്പിക്കുന്നവരുടേത് കാര്യമായി പരിശോധിക്കില്ലെന്നും അറിയിച്ചിട്ടുണ്ട്. 2017-18 സാമ്പത്തിക വര്‍ഷത്തെ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ വൈകിയാല്‍ വലിയ പിഴ ഈടാക്കും. 2018 ഡിസംബര്‍ 31ന് മുമ്പ് റിട്ടേണ്‍ സമര്‍പ്പിച്ചാല്‍ 5000 രൂപയായിരിക്കും പിഴ. അതും കഴിഞ്ഞാല്‍ പിഴ സംഖ്യയും വര്‍ദ്ധിക്കും. എന്നാല്‍ അഞ്ച് ലക്ഷം വരെ വരുമാനമുള്ളവര്‍ക്കുള്ള പിഴ 1000 രൂപയായി നിജപ്പെടുത്തിയിട്ടുണ്ട്. രാജീവ് ഗാന്ധി ഇക്വിറ്റി സേവിംഗ്‌സ് സ്‌കീം അനുസരിച്ചുള്ള നിക്ഷേപങ്ങള്‍ക്ക് 2018-19 അസസ്‌മെന്റ് ഇയര്‍ മുതല്‍ ആദായ നികുതി ഇളവ് ലഭിക്കില്ല. 2012-13 സാമ്പത്തിക വര്‍ഷത്തിലേക്കുള്ള ബജറ്റിലാണ് ഈ പദ്ധതി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത്. 50,000 രൂപയോ അതിന് മുകളിലോ വാടക നല്‍കുന്നവര്‍ അതിന്റെ അഞ്ച് ശതമാനം ടിഡിഎസ് പിടിയ്ക്കണം. വാടക ഇനത്തില്‍ വലിയ വരുമാനമുണ്ടാക്കുന്നവരെ നികുതി വലയില്‍ ഉള്‍പ്പെടുത്താന്‍ ഇതിലൂടെ സാധിക്കും. 2017 ജൂണ്‍ ഒന്നു മുതലാണ് ഇത് പ്രാബല്യത്തില്‍ വരുന്നത്. പാന്‍ കാര്‍ഡിന് അപേക്ഷിക്കാന്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നതാണ് മറ്റൊരു പ്രധാന മാറ്റം. ജൂലൈ ഒന്നു മുതല്‍ ആദായ നികുതി റിട്ടേണ്‍ നല്‍കാനും ആധാറോ അല്ലെങ്കില്‍ ആധാര്‍ എന്റോള്‍മെന്റ് നമ്പറോ ആവശ്യമാണ്. ദേശീയ പെന്‍ഷന്‍ പദ്ധതിയില്‍ നിന്ന് (എന്‍പിഎസ്)ഭാഗികമായി പിന്‍വലിക്കുന്ന പണത്തിന് നികുതി അടയ്‌ക്കേണ്ടതില്ല. പെന്‍ഷനാകുന്നതിന് മുമ്പ് അത്യാവശ്യ ഘട്ടങ്ങളില്‍ 25 ശതമാനം വരെ തുക പിന്‍വലിക്കാനാണ് അനുവാദമുള്ളത്.
ഇരുചക്ര വാഹനങ്ങളില്‍ പകലും ലൈറ്റ് നിര്‍ബന്ധം പകലും ലൈറ്റിട്ട് പോകുന്ന ഇരുചക്രവാഹനങ്ങള്‍ കണ്ടാല്‍ ഇനി ലൈറ്റ് ഓഫ് ചെയ്യാന്‍ ആവശ്യപ്പെടേണ്ട കാര്യമില്ല. കാരണം കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന പുതിയ നിയമം ഏപ്രില്‍ ഒന്ന് മുതല്‍ നിലവില്‍ വന്നു കഴിഞ്ഞു. ഇതോടെ ഇരുചക്രവാഹനങ്ങള്‍ പകല്‍ ലൈറ്റ് തെളിയിച്ച് മാത്രമേ നിരത്തിലിറങ്ങാന്‍ പാടുള്ളൂ. അപകടങ്ങള്‍ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയുളളതാണ് പുതിയ നിയമം നടപ്പിലാക്കുന്നത്. ഓട്ടോമാറ്റിക് ഹെഡ് ലൈറ്റ് ഓണ്‍ സംവിധാനമുളള വാഹനങ്ങളാണ് പുതുതായി നിരത്തിലിറങ്ങുന്നത്. ഇരുചക്രവാഹനങ്ങളുടെ എഞ്ചിന്‍ ഓണാക്കി കഴിഞ്ഞാല്‍ ഒപ്പം ഹെഡ് ലൈറ്റും തെളിയും. ലൈറ്റ് ഓഫ് ചെയ്യാനോ ഓണ്‍ചെയ്യാനോ സ്വിച്ചുണ്ടാകില്ല. വെളിച്ചത്തിന്റെ തീവ്രതകുറയ്ക്കാന്‍ കഴിയും. പകലും ലൈറ്റ് തെളിക്കുന്നതോടെ തിരക്കുള്ള റോഡുകളില്‍ വലിയവാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്ക് ഇരുചക്രവാഹനങ്ങള്‍ എളുപ്പത്തില്‍ ശ്രദ്ധയില്‍പ്പെടും.
സ്വര്‍ണത്തിനും നിയന്ത്രണം ഏപ്രില്‍ ഒന്നുമുതല്‍ സ്വര്‍ണം വില്‍ക്കുമ്പോള്‍ പണമായി കൈയില്‍ക്കിട്ടുന്നത് 10,000 രൂപമാത്രം. ബാക്കി തുക ചെക്കായോ ഡിജിറ്റല്‍ മാര്‍ഗങ്ങളിലൂടെയോ കൈമാറും. കൂടാതെ സ്വര്‍ണം പണയംവെച്ചാല്‍ പണമായി നല്‍കാവുന്നത് പരമാവധി 20,000 രൂപവരെ. ഒരു ലക്ഷം രൂപയില്‍ കൂടുതലുള്ള വായ്പ ചെക്കായിമാത്രം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments