Friday, March 29, 2024
HomeKeralaഡിജിപി സെൻകുമാറിനു വീണ്ടും സർക്കാരിനു പാര

ഡിജിപി സെൻകുമാറിനു വീണ്ടും സർക്കാരിനു പാര

മുഖ്യമന്ത്രിയും ഡിജിപിയും തമ്മില്‍ പോരുതുടങ്ങി. പോലീസ് മേധാവിയായി തിരിച്ചെത്തിയ ഉടന്‍ ടി.പി. സെന്‍കുമാര്‍ പുറപ്പെടുവിച്ച അഞ്ച് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി കൊണ്ടുള്ള ഉത്തരവ് റദ്ദ്‌ചെയ്യാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയെന്ന് സൂചന. പോലീസ് ആസ്ഥാനത്തെ അതീവരഹസ്യ വിഭാഗമായ ടി ബ്രാഞ്ചിലെ ജൂനിയര്‍ സൂപ്രണ്ട് കുമാരി ബീന സര്‍ക്കാരിന് നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഉത്തരവ് റദ്ദ് ചെയ്യുന്നതെന്നാണ് വിവരം.

ഡിജിപി സ്ഥാനമേറ്റെടുത്ത ഉടനെ സെന്‍കുമാര്‍ എടുത്ത നടപടികളിലൊന്നായിരുന്നു കുമാരി ബീന ഉള്‍പ്പെടെയുള്ള അഞ്ച് ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റം. കൊടുവള്ളി എംഎല്‍എ കാരാട്ട് റസാഖിന് വധഭീഷണി ഉണ്ടെന്ന് കാണിച്ച് പോലീസ് ആസ്ഥാനത്ത് നല്‍കിയ പരാതി ടി ബ്രാഞ്ചില്‍ പൂഴ്ത്തിയെന്ന ആരോപണത്തെ തുടര്‍ന്നാണ് ജൂനിയര്‍ സൂപ്രണ്ടിനെ സ്ഥലംമാറ്റിയത്.

അകാരണമായി സ്ഥലംമാറ്റിയെന്നാരോപിച്ച് കുമാരി ബീന ചീഫ് സെക്രട്ടറിക്ക് പരാതി നല്‍കി. ടി ബ്രാഞ്ചില്‍ നിയമനം ലഭിച്ച് ഒരു വര്‍ഷം തികയും മുമ്പ് സ്ഥലം മാറ്റിയെന്നും ആദ്യം യു ബ്രാഞ്ചിലേക്കും പിന്നീട് എസ്എപി ക്യാംപിലേക്കും മാറ്റിനിയമിച്ചത് പ്രതികാര ബുദ്ധിയോടെയാണെന്നുമായിരുന്നു പരാതി. ആരോപണങ്ങളുടെ പേരില്‍ നേരത്തെ സ്ഥലംമാറ്റിയ സുരേഷ് കൃഷ്ണയെ വീണ്ടും ടി ബ്രാഞ്ചിലേക്ക നിയമിച്ചത് ഗൂഢലക്ഷ്യത്തോടെയാണെന്നും പരാതിയില്‍ ഉന്നയിച്ചിരുന്നു. ഭരണ വിഭാഗത്തിന്റെ ചുമതലയുള്ള എഡിജിപിയും മറ്റ് ഉദ്യോഗസ്ഥരും അറിയാതെയാണ് ഡിജിപി സ്ഥലമാറ്റ ഉത്തരവ് ഇറക്കിയതെന്നും ആക്ഷേപം ഉയര്‍ന്നു.

അതിനിടെ ഡിജിപി ടി.പി. സെന്‍കുമാര്‍ മുഖ്യമന്ത്രിയെ നേരില്‍കണ്ട് സ്ഥലംമാറ്റ വിവാദം വിശദീകരിച്ചു. ഇതിന്പുറമെ ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് ഡിജിപി നല്‍കിയ റിപ്പോര്‍ട്ട് കൂടി പരിശോധിച്ച ശേഷമാണ് ഉത്തരവ് റദ്ദാക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് നിര്‍ദ്ദേശം നല്‍കിയതെന്നാണ് സൂചന. സര്‍ക്കാര്‍ അനുകൂല സംഘടനാ പ്രതിനിധിയായ കുമാരി ബീനയെ സ്ഥലംമാറ്റിയതിനെതിരെ എന്‍ജിഒ യൂണിയനും രംഗത്തുവന്നിരുന്നു. സെന്‍കുമാറിന്റെ ഉത്തരവ് വകവയ്ക്കാതെ ബീന കഴിഞ്ഞ ദിവസവും ടി ബ്രാഞ്ചില്‍ തന്നെ ജോലി ചെയ്തു. സെന്‍കുമാര്‍ സ്ഥലംമാറ്റിയ അഞ്ചില്‍ നാലുപേരും ചുമതലയേറ്റിരുന്നില്ല.

ബീനയ്ക്ക് പകരം നിയമിച്ച സുരേഷ്‌കൃഷ്ണ ആംഡ് പോലീസ് ബറ്റാലിയനിലെ ചുമതലയൊഴിഞ്ഞ് പൊലീസ് ആസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും ചുമതലയേല്‍ക്കാനായില്ല. കുമാരി ബീനയ്ക്ക് ഡിജിപി ഓഫീസില്‍ തുടരാമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിട്ടുള്ളതതെന്നും സൂചനയുണ്ട്. എന്നാല്‍ ഇത് സംബന്ധിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ് പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.

RELATED ARTICLES
- Advertisment -

Most Popular

Recent Comments