ക്രൈസ്തവ ദേവാലയങ്ങള്‍ക്ക് നേരെ ചാവേറാക്രമണം

church attack

ഇന്തൊനേഷ്യയെ നടുക്കി മൂന്ന് ക്രൈസ്തവ ദേവാലയങ്ങള്‍ക്ക് നേരെ ചാവേറാക്രമണം. ആക്രമണത്തില്‍ 11 പേര്‍‌ കൊല്ലപ്പെടുകയും 40ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഞായറാഴ്ച പ്രാദേശിക സമയം രാവിലെ ഏഴരയോടെ നടന്ന കുര്‍ബാനയ്ക്കിടെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം ഇസ്‌ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. ഒരു കുടുംബത്തിലെ ആറ് പേരാണ് സ്‌ഫോടനങ്ങള്‍ക്ക് പിന്നിലെന്ന് പൊലീസ് അറിയിച്ചു. ഈയിടെ സിറിയയില്‍ നിന്ന് മടങ്ങിയെത്തിയ അഞ്ഞൂറോളം ഇന്തൊനേഷ്യന്‍ കുടുംബങ്ങളില്‍ ഒന്നായിരുന്നു ഇതെന്നും പൊലീസ് പറഞ്ഞു. ഇവര്‍ ഐ.എസ് അനുഭാവികളായിരുന്നു. ഒന്നാമത്തെ പള്ളിയില്‍ സ്‌ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ ഗേറ്റിലേക്ക് ഇടിച്ചു കയറ്റിയത് ഗൃഹനാഥനാണെന്ന് പൊലീസ് പറഞ്ഞു. രണ്ടാമത്തെ പള്ളിയില്‍ അമ്മയും പന്ത്രണ്ടും ഒന്‍പതും പ്രായമുള്ള രണ്ട് പെണ്‍മക്കളുമാണ് സ്‌ഫോടനത്തിനായി എത്തിയത്. മൂന്നാമത്തെ പള്ളിയിലേക്ക് ഇവരുടെ തന്നെ പതിനെട്ടും പതിനാറും വയസുള്ള രണ്ട് ആണ്‍ കുട്ടികളും ആക്രമണത്തിനെത്തി. തുടയില്‍ സ്‌ഫോടകവസ്തുക്കള്‍ കെട്ടിവച്ച്‌ ബൈക്കിലായിരുന്നു മൂന്നാമത്തെ പള്ളിയിലേക്ക് രണ്ട് പേരും എത്തിയത്. അതേസമയം, ഐ.എസ് അനുഭാവമുള്ള ഇന്തൊനേഷ്യയിലെ ജെ.എ.ഡി ഗ്രൂപ്പിനെയാണ് സംഭവത്തില്‍ പൊലീസ് സംശയിക്കുന്നത്. യു.എസ് ഭീകരസംഘടനാ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ജെ.എ.ഡി ഇന്തൊനേഷ്യയില്‍ നിന്ന് ഒട്ടേറെ പേരെ ഐ.എസിലേക്ക് റിക്രൂട്ട് ചെയ്യുന്നുണ്ടെന്നാണ് പൊലീസ് കണ്ടെത്തല്‍. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമായതിനാല്‍ മരണസംഖ്യം ഇനിയും കൂടുമെന്നാണ് സൂചന.