വാഹനങ്ങളിൽ ഇന്ധനം മാനദണ്ഡമാക്കി വ്യത്യസ്ത നിറങ്ങളിലുള്ള സ്റ്റിക്കര്‍ പതിക്കണമെന്നു കേന്ദ്രം

petrol

ഡല്‍ഹിയില്‍ വാഹനങ്ങളില്‍ ഉപയോഗിക്കുന്ന ഇന്ധനം മാനദണ്ഡമാക്കി വ്യത്യസ്ത നിറങ്ങളിലുള്ള സ്റ്റിക്കര്‍ പതിക്കണമെന്ന കേന്ദ്ര നിര്‍ദേശത്തിന് സുപ്രീംകോടതിയുടെ അംഗീകാരം. ഇതു സംബന്ധിച്ച കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങള്‍ക്കാണ് സുപ്രീംകോടതി പച്ചക്കൊടി കാട്ടിയത്. സെപ്റ്റംബര്‍ 30 മുതല്‍ പദ്ധതി നടപ്പാക്കാന്‍ സുപ്രീംകോടതി ബെഞ്ച് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന് അനുമതി നല്‍കിയിട്ടുണ്ട്. പെട്രോളും സിഎന്‍ജിയും ഇന്ധനമാക്കിയ വാഹനങ്ങള്‍ക്ക് ഹോളോഗ്രാമോട് കൂടിയ ഇളം നീല സ്റ്റിക്കറും, ഡീസല്‍ വാഹനങ്ങള്‍ക്ക് ഹോളോഗ്രാമോട് കൂടിയ ഓറഞ്ച് നിറത്തിലുള്ള സ്റ്റിക്കറുകളും പതിച്ചിരിക്കണമെന്നാണ് നിര്‍ദേശം. ജസ്റ്റീസ് മദന്‍ ബി.ലോകൂര്‍ അധ്യക്ഷനായ ബെഞ്ചിന് മുന്നിലാണ് മന്ത്രാലയം നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചത്. വായു മലിനീകരണം വര്‍ധിച്ച ദിവസങ്ങളില്‍ ഉപയോഗിക്കുന്ന ഇന്ധനം അടിസ്ഥാനമാക്കി വാഹനങ്ങള്‍ നിരത്തിലെത്താതെ നിയന്ത്രിക്കാന്‍ ഇതിലൂടെ സാധിക്കും. ഫ്രാന്‍സ് തലസ്ഥാനമായ പാരീസില്‍ നടപ്പാക്കിവരുന്ന മാതൃകയുടെ ചുവടുപിടിച്ചാണ് പുതിയ പദ്ധതി. ഡല്‍ഹിയില്‍ മലിനീകരണതോത് ഏറിയ ദിവസങ്ങളില്‍ വാഹന നമ്ബറുകളിലെ ഒറ്റ-ഇരട്ട അക്കങ്ങള്‍ അടിസ്ഥാനമാക്കി അവ നിരത്തില്‍ നിന്ന് ഒഴിവാക്കുകയാണ് നിലവില്‍ ചെയ്യുന്നത്. ഇതിനേക്കാള്‍ ശാസ്ത്രീയമായി മലിനീകരണ നിയന്ത്രണ നടപടികള്‍ നടപ്പാക്കാന്‍ കളര്‍കോഡിങ്ങിലൂടെ സാധിക്കുമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ വിലയിരുത്തല്‍.