ആലപ്പുഴ കളക്ടർക്കെതിരെ ആരോപണവുമായി തോമസ് ചാണ്ടിയുടെ സഹോദരൻ

thomas chandy

ഭൂമി കയ്യേറ്റം തെളിഞ്ഞതോടെ തോമസ് ചാണ്ടി മുന്നണിയിൽ ഒറ്റപ്പെടുകയും കാര്യങ്ങൾ രാജിയിലേക്ക് നീങ്ങുകയും ചെയ്യുമ്പോൾ ആലപ്പുഴ കളക്ടർക്കെതിരെ ആരോപണവുമായി മന്ത്രിയുടെ സഹോദരൻ. ആലപ്പുഴ ജില്ലാ കളക്ടറുടെ റിപ്പോർട്ട് സംശയാസ്പദം ആണെന്നും കളക്ടർ മറ്റാർക്കോവേണ്ടി പ്രവർത്തിക്കുകയാണെന്നും മന്ത്രിയുടെ സഹോദരൻ തോമസ് കെ തോമസ് ആരോപിച്ചു.

സത്യം തെളിയിക്കാന്‍ വേണ്ടിവന്നാൽ സുപ്രീം കോടതി വരെ പോകാനും തയ്യാറാണ്. മന്ത്രി രാജിവെക്കേണ്ട സാഹചര്യം ഇപ്പോഴില്ല. ആലപ്പുഴ ജില്ലാ കളക്ടർ ടി.വി.അനുപമ തയ്യാറാക്കിയ റിപ്പോര്‍ട്ട് വളരെ സംശയകരമാണ്. മന്ത്രിക്കെതിരെ ഗൂഢാലോചനയുണ്ട്. അത് വെളിപ്പെടുത്താന്‍ ഹൈക്കോടതിക്ക് മാത്രമെ സാധിക്കുകയുള്ളു. അതു കൊണ്ടാണ് ഹൈക്കോടതിയെ സമീപിച്ചതെന്നും തോമസ്.കെ.തോമസ് പറഞ്ഞു.

അതേസമയം ഗതാഗതമന്ത്രി തോമസ് ചാണ്ടി നാളെ രാജിവെക്കില്ലെന്നും രാജിവയ്ക്കണമോ എന്ന കാര്യം നാളത്തെ എന്‍.സി.പി സംസ്ഥാന സമിതി യോഗത്തില്‍ ചര്‍ച്ച ചെയ്യില്ലെന്നും പാര്‍ട്ടി പ്രസിഡന്റ് ടി.പി.പീതാംബരന്‍ മാസ്റ്റര്‍ പറഞ്ഞു. രണ്ടു ദിവസത്തിനുള്ളിൽ തീരുമാനം എടുക്കണമെന്ന് എൽ.ഡി.എഫ് പറഞ്ഞിട്ടില്ലെന്നാണ് പീതാംബരൻ മാസ്റ്ററുടെ വാദം.

രാജിക്കാര്യത്തിൽ എൻ.സി.പി തീരുമാനിക്കട്ടെ എന്ന മുഖ്യമന്ത്രിയുടെ നിലപാടിനെ പരമാവധി പ്രയോജനപ്പെടുത്തി രാജി ഹൈക്കോടതി വിധി വരുന്നതുവരെ നീട്ടിക്കൊണ്ടു പോകുന്നതിനാണ് തോമസ് ചാണ്ടിയും അദ്ദേഹത്തെ പിന്തുണക്കുന്നവരും സ്വീകരിക്കുന്നത്. കോടതിയിൽ നിന്ന് അനുകൂലമായ വിധി ഉണ്ടായാൽ രാജി ഒഴിവാക്കുകയും ചെയ്യാം എന്നും തോമസ് ചാണ്ടി കരുതുന്നു.

തോമസ് ചാണ്ടിയ്‌ക്കെതിരായ പല നിര്‍ണായക കേസുകളും ചൊവ്വാഴ്ച്ച ഹൈക്കോടതിയുടെ പരിഗണനയില്‍ വരുന്നുവെന്നത് പ്രധാനമാണ്. കേസുകള്‍ കൈകാര്യം ചെയ്യാന്‍ സുപ്രീംകോടതിയില്‍ നിന്നുള്ള സീനിയര്‍ അഭിഭാഷകരെ തന്നെ തോമസ് ചാണ്ടി ചുമതലപ്പെടുത്തിയിട്ടുണ്ടെങ്കിലും ആലപ്പുഴ കളക്ടറുടെ റിപ്പോര്‍ട്ട് തോമസ് ചാണ്ടിയ്ക്ക് അഴിയാക്കുരുക്കാണ്. കോടതിയിൽ നിന്ന് പ്രതികൂലമായ പരാമർശം ഉണ്ടായാൽ മുഖ്യമന്ത്രി തന്നെ തോമസ് ചാണ്ടിയോട് രാജി ആവശ്യപ്പെടാനാണ് സാധ്യത.