Friday, April 19, 2024
HomeKeralaചാര കേസില്‍ പുറത്തുവന്ന സുപ്രീം കോടതി വിധി; ദിലീപിനും കൂട്ടർക്കും പ്രതീക്ഷ

ചാര കേസില്‍ പുറത്തുവന്ന സുപ്രീം കോടതി വിധി; ദിലീപിനും കൂട്ടർക്കും പ്രതീക്ഷ

ചാര കേസില്‍ പുറത്തുവന്ന സുപ്രീം കോടതി വിധിയുടെ വെളിച്ചത്തിൽ ഉദ്യോഗസ്ഥ വിഭാഗം കടുത്ത സമ്മർദ്ദത്തിൽ. 50 ലക്ഷം രൂപ നഷ്ടപരിഹാരം സര്‍ക്കാറിനോട് നല്‍കാന്‍ ഉത്തരവിട്ട സുപ്രീംകോടതി കള്ള കേസിനു പിന്നില്‍ പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥര്‍ക്കെതിരായ നടപടി സ്വീകരിക്കാന്‍ ജുഡിഷ്യല്‍ കമ്മീഷനെ നിയോഗിച്ചത് പൊലീസ് ഉദ്യോഗസ്ഥരെ പരിഭ്രാന്തിയിലാക്കിയിരിക്കുകയാണ്. ഒരു നിരപരാധിയെ അറസ്റ്റ് ചെയ്ത് ഉദ്യോഗസ്ഥര്‍ ജയിലിലടച്ചാല്‍ പിഴ മാത്രമല്ല, തടവ് ശിക്ഷയും ഏറ്റു വാങ്ങേണ്ടി വരുമെന്ന മുന്നറിയിപ്പായാണ് വിധിയെ നിയമ വിദഗ്ദരും നോക്കി കാണുന്നത്. നടി ആക്രമിക്കപ്പെട്ട കേസില്‍ നിരപരാധിയായ ദിലീപിനെ കൊടും ക്രിമിനലിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ അറസ്റ്റ് ചെയ്ത് തുറങ്കിലടക്കുകയും ഭാവി തന്നെ തകര്‍ക്കുകയും ചെയ്തതിനെതിരെ നിയമപരമായി ഏതറ്റം വരെയും പോകുമെന്ന നിലപാടിലാണ് ബന്ധുക്കളും സുഹൃത്തുക്കളും. ഇക്കാര്യത്തില്‍ കോടതി വിലക്കുള്ളതിനാല്‍ ഇന്നുവരെ പരസ്യ പ്രതികരണത്തിനു മുതിരാതിരുന്ന ദിലീപ് നിയമപരമായ പോരാട്ടം തുടരുകയാണ്. കുറ്റവിമുക്തനായാല്‍ ക്രിമിനലായും സിവിലായും നിയമ നടപടി സ്വീകരിക്കാനാണ് തീരുമാനം. കേസില്‍ സി.ബി.ഐ അന്വോഷണം ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി ഇപ്പോള്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്. നമ്പി നാരായണനെ അപേക്ഷിച്ച്‌ ദിലീപ് കുറ്റവിമുക്തനായാല്‍ വന്‍ തുക തന്നെ നഷ്ട പരിഹാരമായി ആവശ്യപ്പെടാനാണ് സാധ്യത. മലയാളത്തില്‍ മോഹന്‍ലാല്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരമാണ് ദിലീപ്. സാറ്റ് ലൈറ്റ് റൈറ്റിലും ദിലീപ് സിനിമകള്‍ മുന്‍ നിരയിലാണ്. എത്ര കോടിയുടെ നഷ്ടം ദിലീപിന് ഉണ്ടായി എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടിയാല്‍ കേസില്‍ കോടതി വെറുതെ വിട്ടാല്‍ അത് പരിഗണിക്കപ്പെടാനാണ് സാധ്യതയെന്നും നിയമകേന്ദ്രങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. കോടതിയില്‍ പ്രോസിക്യൂഷന്‍ കൂടുതല്‍ ജാഗ്രത കാട്ടേണ്ട സാഹചര്യമാണ് ഇതോടെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. ശക്തമായ തെളിവുകള്‍ ഹാജരാക്കാന്‍ കഴിഞ്ഞില്ലങ്കില്‍ തിരിച്ചടി നേരിടുമെന്നും നിയമ കേന്ദ്രങ്ങള്‍ വ്യക്തമാക്കി. അതേസമയം ഹൈക്കോടതിക്ക് എതിരെ വരെ നമ്ബി നാരായണന്‍ കേസില്‍ സുപ്രീം കോടതിയുടെ വിമര്‍ശനം ഉയര്‍ന്നതിനാല്‍ വിചാരണ കോടതി ഉള്‍പ്പെടെ കൂടുതല്‍ ഗൗരവമായിതന്നെ ദിലീപിനെ പ്രതിയാക്കിയ സാഹചര്യം പരിശോധിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ആരാധകര്‍.സത്യം കോടതി വിധിയിലൂടെയോ സി.ബി.ഐ അന്വോഷണത്തിലൂടെയോ പുറത്തുവരുമെന്ന് തന്നെയാണ് അവരുടെ പ്രതീക്ഷ. നമ്പി നാരായണന്‍ 50 ദിവസമാണ് ജയിലില്‍ കിടന്നതെങ്കില്‍ ദിലീപ് 85 ദിവസമാണ് ജയിലിലടക്കപ്പെട്ടത്. തെളിവെടുപ്പ് എന്ന പേരില്‍ ദിലീപിനെ അന്വേഷണ സംഘം കസ്റ്റഡിയില്‍ വാങ്ങി ചാനല്‍ ‘വിചാരണ’ക്ക് വിട്ടു കൊടുത്തതിനെതിരെയും പ്രതിഷേധമുയര്‍ന്നിരുന്നു. നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ പള്‍സര്‍ സുനിയുടെ മൊഴി പ്രകാരമാണ് ദിലീപിനെ ഗൂഢാലോചന കുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്.എ.ഡി.ജി.പി സന്ധ്യ, എസ്.പി എ.വി ജോര്‍ജ്ജ് എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ആലുവ പൊലീസ് ക്ലബിലെ ചോദ്യം ചെയ്യലിനുശേഷം ദിലീപിനെ അറസ്റ്റ് ചെയ്തത്. ചാരക്കേസില്‍ നമ്പി നാരായണന്റെ സ്വാതന്ത്ര്യവും അന്തസും അട്ടിമറിക്കപ്പെട്ടെന്നും കേരള പൊലീസിന്റെ നടപടി ദുരുദ്ദേശ്യപരമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. തന്നെ കേസില്‍ കുരുക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ടു നമ്ബി നാരായണന്‍ സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു വിധി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗബെഞ്ചാണ് കേസ് പരിഗണിച്ചത്. മുന്‍ ഡിജിപി സിബി മാത്യൂസ്, പൊലീസ് ഉദ്യോഗസ്ഥരായിരുന്ന കെ.കെ. ജോഷ്വ, എസ്. വിജയന്‍ ഉള്‍പ്പെടെയുളളവര്‍ക്കെതിരെ നടപടി വേണമെന്നായിരുന്നു ആവശ്യം. 24 വര്‍ഷമായി തുടരുന്ന നിയമയുദ്ധത്തില്‍ നിര്‍ണായകമായിരുന്നു ഇന്നത്തെ വിധി. കേസില്‍ നമ്പി നാരായണന്റെ അറസ്റ്റ് അനാവശ്യമായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു. വീഴ്ചവരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാനുള്ള മാര്‍ഗവും രീതിയും പരിശോധിക്കാന്‍ സുപ്രീം കോടതി റിട്ടയേര്‍ഡ് ജസ്റ്റിസിന്റെ നേതൃത്വത്തില്‍ മൂന്നംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ശക്തമായ നടപടിതന്നെ ഉദ്യോഗസ്ഥര്‍ക്കെതിരെയുണ്ടാകും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments