Thursday, April 25, 2024
HomeKeralaഹൈക്കോടതി വിദ്യാര്‍ഥിരാഷ്ട്രീയം കോളേജുകളില്‍ നിരോധിച്ചു

ഹൈക്കോടതി വിദ്യാര്‍ഥിരാഷ്ട്രീയം കോളേജുകളില്‍ നിരോധിച്ചു

കോളേജുകളില്‍ വിദ്യാര്‍ഥിരാഷ്ട്രീയം നിരോധിച്ച് ഹൈക്കോടതി ഉത്തരവ്. രാഷ്ട്രീയപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്ന വിദ്യാര്‍ഥികളെ കോളേജുകള്‍ക്ക് പുറത്താക്കാമെന്നും ചീഫ് ജസ്റ്റിസ് നവനീതിപ്രസാദ് സിങ്, ജസ്റ്റിസ് രാജാ വിജയരാഘവന്‍ എന്നിവരടങ്ങുന്ന ബെഞ്ച് ഉത്തരവില്‍ പറഞ്ഞു. കോളേജുകള്‍ക്കകത്തും സമീപത്തും ധര്‍ണ, സത്യഗ്രഹം, നിരാഹാരസമരം എന്നിവയ്ക്ക് കോടതി നിരോധനം ഏര്‍പ്പെടുത്തി.

വിദ്യാര്‍ഥി സമരത്തിനെതിരെ പൊലീസ്സംരക്ഷണം നല്‍കണമെന്ന ഉത്തരവ് നടപ്പാക്കിയില്ലെന്ന് കാണിച്ച് പൊന്നാനി എംഇഎസ് കോളേജ് സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജിയിലാണ് വിദ്യാര്‍ഥിസംഘടനാപ്രവര്‍ത്തനം തടഞ്ഞ് കോടതിയുടെ ഉത്തരവ്. കോളേജുകള്‍ക്കകത്തും പരിസരപ്രദേശത്തും സമരപ്പന്തലുകള്‍ സ്ഥാപിച്ചാല്‍ അവ പൊളിച്ചുനീക്കാനും പൊലീസിന് നിര്‍ദേശം നല്‍കി. വിദ്യാഭ്യാസസ്ഥാപനങ്ങള്‍ അധ്യയനത്തിനുള്ളതാണെന്നും രാഷ്ട്രീയപാര്‍ടി പ്രവര്‍ത്തനത്തിനുള്ളതല്ലെന്നും ഉത്തരവില്‍ പറയുന്നു.

ഫുട്പാത്തിലൂടെ നടക്കാനുള്ള സാധാരണക്കാരന്റെ അവകാശം പന്തലുകെട്ടി തടയരുതെന്നും ഇക്കാര്യത്തില്‍ പൊലീസ് നടപടി വേണമെന്നും നിര്‍ദേശമുണ്ട്. നിയമാനുസൃതം ലഭിക്കില്ലെന്ന് ഉറപ്പുള്ള കാര്യങ്ങള്‍ക്കാണ് വിദ്യാര്‍ഥികള്‍ ധര്‍ണയടക്കമുള്ള സമരങ്ങളില്‍ ഏര്‍പ്പെടുന്നതെന്നും കോടതിയില്‍നിന്നോ ബന്ധപ്പെട്ട അധികാരികളില്‍നിന്നോ അനുമതിയ്ക്ക് ശ്രമിക്കാതെ ധര്‍ണയും മറ്റും നടത്തുന്നതിന് ന്യായീകരണമില്ലെന്നും ഉത്തരവില്‍ പറയുന്നു. കേസില്‍ എതിര്‍കക്ഷിയായ എസ്എഫ്ഐ പ്രവര്‍ത്തകന് ആവശ്യമെങ്കില്‍ പഠനം തുടരാം. എന്നാല്‍ കാമ്പസ്രാഷ്ട്രീയവും പഠനവും ഒരുമിച്ച് തുടരാനാവില്ലെന്നും രാഷ്ട്രീയപ്രവര്‍ത്തനമാണ് ഉദ്ദേശിക്കുന്നതെങ്കില്‍ കോളേജിന് പുറത്തുപോകാമെന്നും ഉത്തരവിലുണ്ട്. കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments