Tuesday, April 16, 2024
HomeInternationalവടക്കന്‍ ഇറാഖിലെ ഭൂകമ്പം ; മരണ സംഖ്യ 300 കവിഞ്ഞു

വടക്കന്‍ ഇറാഖിലെ ഭൂകമ്പം ; മരണ സംഖ്യ 300 കവിഞ്ഞു

ഇറാന്‍-ഇറാഖ് അതിര്‍ത്തിയിലെ കുര്‍ദ് മേഖലയിലുണ്ടായ ഭൂകമ്പത്തില്‍ മരണം 300 കടന്നു. നാലായിരത്തിലേറെ പേര്‍ക്ക് പരിക്കേറ്റു. പാര്‍പ്പിടങ്ങളും കെട്ടിടസമുച്ചയങ്ങളും വ്യാപകമായി തകര്‍ന്നടിഞ്ഞു. തകര്‍ന്ന കെട്ടിടങ്ങള്‍ക്കടിയില്‍പ്പെട്ടവരെ കണ്ടെത്താനുള്ള രക്ഷാപ്രവര്‍ത്തനം തുടരുന്നു. ഗള്‍ഫ് മേഖലയില്‍ ഖത്തര്‍വരെ ഭൂകമ്പത്തിന്റെ അനുരണനമുണ്ടായി.

വടക്കന്‍ ഇറാഖിലെ കുര്‍ദിഷ് ഭരണമേഖലയായ സുലൈമാനിയയിലെ തെക്കുകിഴക്കന്‍ മേഖലയായ ഹലെബ്ജായില്‍ ഞായറാഴ്ച രാത്രിയാണ് റിക്ടര്‍ സ്കെയിലില്‍ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം അനുഭവപ്പെട്ടത്. പടിഞ്ഞാറന്‍ ഇറാനിയന്‍ പ്രവിശ്യയായ കെര്‍മാന്‍ഷായില്‍ ഭൂകമ്പം വന്‍ നാശം വിതച്ചു. തിങ്കളാഴ്ച നൂറിലേറെ തുടര്‍ചലനങ്ങള്‍ അനുഭവപ്പെട്ടു. ഇറാനിലെ 14 പ്രവിശ്യകളില്‍ ഭൂകമ്പം അനുഭവപ്പെട്ടു. കെര്‍മാന്‍ഷായിലെ സാര്‍പോള്‍ ഇ സഹാബില്‍ കാര്യമായ നാശനഷ്ടമുണ്ടായി. ഗ്രാമീണ മലയോരമേഖലയിലുണ്ടാ ഭൂകമ്പത്തിന്റെ ഇരകള്‍ ഭൂരിഭാഗവും സാധാരണ കര്‍ഷകരാണ്.

ഗുരുതരപരിക്കേറ്റ 382 പേര്‍ ആശുപത്രിയിലാണ്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ ഇറാനിയന്‍ പ്രസിഡന്റ് ഹസ്സന്‍ റൂഹാനി മന്ത്രിതലസമിതിയെ മേഖലയിലേക്ക് അയച്ചു. ഇറാനിയന്‍ സൈനികരുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. ഇറാന്‍ മേഖലയില്‍മാത്രം എഴുപതിനായിരത്തോളംപേര്‍ അഭയാര്‍ഥികളായി. സുലൈമാനിയയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.

ഇറാഖി മേഖലയില്‍ ഭൂകമ്പത്തില്‍ ഏഴുപേര്‍ മരിച്ചു. ദുരിതാശ്വാസസാമഗ്രികളും രക്ഷാപ്രവര്‍ത്തകരെയും എത്തിച്ച തുര്‍ക്കിക്ക് കുര്‍ദിഷ് സര്‍ക്കാര്‍ നന്ദി അറിയിച്ചു. ഭൂകമ്പസാധ്യത കൂടുതലുള്ള ഇറാനില്‍ 2003ലെ ഭൂകമ്പത്തില്‍ 26000 പേര്‍ മരിച്ചിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments