“പ്രണയ മാർച്ച്’ പോലീസ് തടഞ്ഞത് സംഘർഷത്തിനിടയാക്കി

police

പ്രണയ ദിനത്തിൽ എറണാകുളം ലോ കോളജിലെ വിദ്യാർഥികൾ സംഘടിപ്പിച്ച “പ്രണയ മാർച്ച്’ പോലീസ് തടഞ്ഞത് നേരിയ സംഘർഷത്തിനിടയാക്കി. ലോ കോളജിൽ നിന്നും വിദ്യാർഥികൾ റോസാപ്പൂക്കളുമായി എറണാകുളം സെന്‍റ് തെരേസാസ് കോളജിലേക്കാണ് മാർച്ച് നിശ്ചയിച്ചിരുന്നത്. എന്നാൽ മാർച്ചിനുള്ള ഒരുക്കങ്ങൾ ലോ കോളജിൽ ആരംഭിച്ചപ്പോൾ തന്നെ പ്രിൻസിപ്പൽ പോലീസിന്‍റെ സഹായം തേടി. കോളജിൽ അധ്യയനം തടസപ്പെടുന്നുവെന്ന് അറിയിച്ചാണ് പ്രിൻസിപ്പൽ പോലീസിനെ വിളിച്ചുവരുത്തിയത്. പോലീസ് എത്തിയ വിദ്യാർഥികളെ ലോ കോളജിൽ നിന്നും പുറത്തിറങ്ങുന്നത് തടഞ്ഞതോടെയാണ് നേരിയ സംഘർഷം ഉടലെടുത്തത്.

പോലീസിനെതിരേ വിദ്യാർഥികൾ സംഘടിച്ചതോടെ സംഘർഷ സാധ്യതയുണ്ടാവുകയായിരുന്നു. കോളജിന് പുറത്തേക്ക് മാർച്ച് അനുവദിക്കില്ലെന്ന് പോലീസ് കർശന നിലപാടെടുത്തു. പോലീസിനെതിരേ മുദ്രാവാക്യം വിളിച്ച് വിദ്യാർഥികളും പ്രതിഷേധിച്ചെങ്കിലും കൂടുതൽ അനിഷ്ട സംഭവങ്ങൾ ഉണ്ടായില്ല. അതിനിടെ സംഭവം ചിത്രീകരിക്കാനെത്തിയ ഫ്രാൻസിൽ നിന്നുള്ള മാധ്യമ സംഘത്തെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരോട് പാസ്പോർട്ട് പോലുള്ള രേഖകൾ ആവശ്യപ്പെട്ടപ്പോൾ കൈവശമുണ്ടായിരുന്നില്ല. രേഖകൾ പരിശോധിച്ച ശേഷം ഇവരെ വിടുമെന്ന് പോലീസ് അറിയിച്ചു.