Thursday, April 18, 2024
HomeInternationalക്രൈസ്തവ സമൂഹം ഇന്ന് ദുഃഖവെള്ളി ആചരിക്കുന്നു

ക്രൈസ്തവ സമൂഹം ഇന്ന് ദുഃഖവെള്ളി ആചരിക്കുന്നു

യേശുദേവന്റെ കുരിശിലേറ്റപ്പെട്ടതിന്റെ സ്മരണ പുതുക്കി ആഗോള ക്രൈസ്തവ സമൂഹം ഇന്ന് ദുഃഖവെള്ളി ആചരിക്കുന്നു.മുള്‍ക്കിരീടം ചാര്‍ത്തി പീഡനങ്ങളേറ്റു വാങ്ങി ഭാരമേറിയ കുരിശും ചുമന്ന് ഗാഗുല്‍ത്താമലയിലേയ്ക്കുള്ള ത്യാഗയാത്രയ്ക്ക് ശേഷം യേശുവിനെ കാല്‍വരില്‍ കുരിശില്‍ തറച്ച ദിനമാണ് ദുഃഖവെള്ളിയായി ക്രൈസ്തവര്‍ ആചരിക്കുന്നത്.

ദു:ഖവെള്ളിയോടനുബന്ധിച്ച് ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനകളും തിരുക്കര്‍മങ്ങളും നടക്കും. പീഡാനുഭവ വായന, കുര്‍ബാന സ്വീകരണം, കുരിശിന്‍റെ വഴി, പരിഹാരപ്രദക്ഷിണം എന്നിവയാണു പള്ളികളില്‍ ഇന്ന് നടക്കുക‌. വിവിധ ദേവാലയങ്ങളുടെ നേതൃത്വത്തില്‍ കുരിശുമല കയറ്റവും ഉണ്ടാകും. മലയാറ്റൂര്‍, വാഗമണ്‍ കുരിശുമല, തുമ്പച്ചി കുരിശുമല തുടങ്ങിയ തീര്‍ഥാടന കേന്ദ്രങ്ങളിലേക്കു വിശ്വാസികള്‍ പരിഹാരപ്രദക്ഷിണം നടത്തും.

ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തിന്റെയും വിശുദ്ധ കുര്‍ബാനയുടെയും സ്മരണ പുതുക്കി ഇന്നലെ വിശ്വാസികള്‍ പെസഹ വ്യാഴം ആചരിച്ചു. കത്തോലിക്ക, ഓര്‍ത്തഡോക്സ്, യാക്കോബായ, മാര്‍ത്തോമ്മാ, സിഎസ്ഐ, ആംഗ്ളിക്കന്‍ സഭകളുടെ കീഴിലുള്ള പള്ളികളില്‍ പ്രാര്‍ഥനാനിര്‍ഭരമായ ചടങ്ങുകളോടെയായിരുന്നു പെസഹ ആചരിച്ചത്. ക്രിസ്തു, ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകിയതിന്റെ ഓര്‍മ പുതുക്കി വിവിധ ദേവാലയങ്ങളില്‍ കാല്‍കഴുകല്‍ ശുശ്രൂഷയും നടന്നു.

നാളെ രാവിലെ ദുഃഖശനി ശുശ്രൂഷകൾക്കുശേഷം വൈകുന്നേരത്തോടെ ഈസ്റ്റർ ആചരണത്തിലേക്ക് കടക്കും. 50 ദിവസം നീണ്ട നോമ്പ് ആചരണത്തിന് ഞായറാഴ്ച ഈസ്റ്റര്‍ ആഘോഷത്തോടെ വിരാമമാകും. ഈസ്റ്റര്‍ നാളിലെ പുലര്‍ച്ചെ ആരാധനയോടെയാണ് ചടങ്ങുകള്‍ പൂര്‍ത്തിയാകുന്നത്. വിഭവസമൃദ്ധമായ സദ്യയും ബന്ധുക്കളുടെ സന്ദര്‍ശനവുമൊക്കെയായി ആഘോഷങ്ങള്‍ നീളും. നോമ്പുവീടലിന്റെ ഭാഗമായി അനാഥാലയങ്ങള്‍, അഗതിമന്ദിരങ്ങള്‍, വൃദ്ധ-ബാല സദനങ്ങള്‍, ആതുരാലയങ്ങള്‍ എന്നിവിടങ്ങളില്‍ വിഭവസമൃദ്ധമായ ഭക്ഷണം വിളമ്പാന്‍ വിവിധ അല്‍മായ, സന്നദ്ധ സംഘടനകള്‍ നേതൃത്വം നല്‍കും

RELATED ARTICLES
- Advertisment -

Most Popular

Recent Comments