Tuesday, April 16, 2024
HomeInternationalഅതിര്‍ത്തിയില്‍ പാകിസ്ഥാന്‍ ആക്രമണം; 2 പേര്‍ കൊല്ലപ്പെട്ടു

അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ ആക്രമണം; 2 പേര്‍ കൊല്ലപ്പെട്ടു

ഇന്ത്യ-പാക് അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ റേഞ്ചേഴ്സ് നടത്തിയ ആക്രമണത്തില്‍ പെണ്‍കുട്ടിയടക്കം 2 പേര്‍ കൊല്ലപ്പെട്ടു. നാല് സൈനികര്‍ ഉള്‍പ്പെടെ 7 പേര്‍ക്ക് പരിക്കേറ്റു. കശ്മീരിലെ രജൌരി ജില്ലയില്‍ ശനിയാഴ്ച രാവിലെയാണ് പാക് അതിര്‍ത്തിസേന വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. രജൌരി നൌഷേറ മേഖലയിലെ ഹാജി തുഫൈല്‍ (50), ബന്ധു അസിയ (14) എന്നിവരാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച രാവിലെ ഏഴരയോടെ പാക് അതിര്‍ത്തിസേന മേഖലയില്‍ കനത്ത ഷെല്ലാക്രമണവും വെടിവയ്പും നടത്തുകയായിരുന്നെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.

നിയന്ത്രണരേഖയ്ക്കു സമീപമുള്ള ലാം, ബാബകോരി, ജാംഗര്‍, മക്രി, താര്യ തുടങ്ങിയ ഗ്രാമങ്ങളെ ലക്ഷ്യമിട്ടായിരുന്നു പാക് ഷെല്ലാക്രമണം. ജാംഗര്‍ ഗ്രാമത്തിലെ ഹാജിതുഫൈലും കുടുംബവും വീടിനു പുറത്തുനില്‍ക്കുന്ന സമയത്താണ് വെടിവയ്പുണ്ടായത്. തുഫൈലിന്റെ ഭാര്യ സെയ്തൂന്‍ബീഗത്തിന് ഗുരുതരമായി പരിക്കേറ്റു. നാല് സൈനികര്‍ക്കും മൂന്ന് നാട്ടുകാര്‍ക്കും പരിക്കേറ്റു. നിയന്ത്രണരേഖയില്‍ തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്ഥാന്‍ അനാവശ്യ പ്രകോപനം സൃഷ്ടിക്കുകയാണെന്ന് സൈനികവക്താവ് കേണല്‍ മനീഷ് മേത്ത പ്രതികരിച്ചു. ശനിയാഴ്ചയും പാക് അതിര്‍ത്തിസേനയുടെ ഭാഗത്തുനിന്ന് പ്രകോപനം കൂടാതെയുള്ള ആക്രമണമാണുണ്ടായത്. സൈന്യം ഉചിതമായ രീതിയില്‍ പ്രത്യാക്രമണം നടത്തിയതായും അദ്ദേഹം അവകാശപ്പെട്ടു. പ്രത്യാക്രമണത്തിനിടെയാണ് 48 രാഷ്ട്രീയ റൈഫിള്‍സിലെ നാല് സൈനികര്‍ക്ക് പരിക്കേറ്റത്. രണ്ട് പാകിസ്ഥാന്‍ സൈനികര്‍ക്കും പരിക്കേറ്റതായി സൂചനയുണ്ടെങ്കിലും ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമില്ല.

അതിര്‍ത്തിയില്‍ മൂന്നുദിവസത്തിനിടെ പാകിസ്ഥാന്റെ ഭാഗത്തുനിന്നുണ്ടാകുന്ന മൂന്നാമത്തെ വെടിനിര്‍ത്തല്‍ കരാര്‍ലംഘനമാണിത്. അതിര്‍ത്തിഗ്രാമങ്ങളില്‍നിന്ന് നാട്ടുകാര്‍ കൂട്ടത്തോടെ പലായനം തുടങ്ങി. പാക് അതിര്‍ത്തിസേനയുടെ ആക്രമണം ഉണ്ടായേക്കാവുന്ന മേഖലകളില്‍നിന്ന് ആള്‍ക്കാരെ മാറ്റിപ്പാര്‍പ്പിക്കാനുള്ള നടപടി ജില്ലാ അധികൃതരും തുടങ്ങി. ആക്രമണം തുടരുന്ന പശ്ചാത്തലത്തില്‍ മേഖലയിലെ അമ്പതോളം സ്കൂളിന് അവധി പ്രഖ്യാപിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments