തരൂരിനെ പ്രതിയാക്കിതിന്റെ കാരണം; ചെന്നിത്തലയും ഹസനും പ്രതികരിക്കുന്നു

ramesh chennithala

സുനന്ദാ പുഷ്‌കറുടെ മരണവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ്​ എം.പി ശശി തരൂരിനെതിരെ ആത്മഹത്യാ പ്രേരണകുറ്റം ചുമത്തിയ ഡല്‍ഹി പൊലീസ് നടപടി തികച്ചും രാഷ്ടീയ പ്രേരിതമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അധികാരമുപയോഗിച്ച്‌ കോണ്‍ഗ്രസ് നേതാക്കളെ അടിച്ചമര്‍ത്താനും അപമാനിക്കാനുള്ളമുള്ള ശ്രമമാണ് ബി.ജെ.പി നടത്തുന്നതെന്നും ചെന്നിത്തല ആരോപിച്ചു.സുനന്ദയുടെ മരണവുമായി ബന്ധപ്പെട്ട്​ നിരവധി തവണ തെറ്റായ വാര്‍ത്തകള്‍ മാധ്യമങ്ങള്‍ക്ക് നല്‍കി അദ്ദേഹത്തെ അപമാനിച്ചതിന് പിറകേയാണ് ഇപ്പോള്‍ പ്രേരണാകുറ്റം ചുമത്തിയത്. ഇത് ഒരു കാരണവശാലും അംഗീകരിക്കില്ല. ജനങ്ങള്‍ ഇത് തള്ളിക്കളയുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

അതേസമയം  തരൂരിനെതിരേ കുറ്റപത്രം സമര്‍പ്പിച്ചത് രാഷ്ട്രീയ പ്രതികാരം തീര്‍ക്കാനാണെന്ന് കെപിസിസി പ്രസിഡന്റ് എംഎം ഹസനും ഈ വിഷയത്തിൽ പ്രതികരിച്ചു. പ്രധാനമന്ത്രിയേയും സംഘപരിവാരങ്ങളെയും നിശിതമായി വിമര്‍ശിച്ചതിന്റെ പേരില്‍ രാഷ്ട്രീയ ഇടപെടല്‍ നടന്നിട്ടുണ്ടെന്ന് വ്യക്തം. ഫാസിസ്റ്റുകള്‍ മാത്രമേ ഇങ്ങനെ രാഷ്ട്രീയ എതിരാളികളെ കൈകാര്യം ചെയ്യുകയുള്ളു. ശശി തരൂരിനെ രാഷ്ട്രീയമായി ഇല്ലാതാക്കാനുള്ള നീക്കമാണ് ഇപ്പോഴത്തേതെന്നും ഹസന്‍ പറഞ്ഞു.ധിഷണാശക്തിയും സംശുദ്ധ രാഷ്ട്രീയവും കൈമുതലായുള്ള ശശി തരൂരിന് ജനഹൃദയങ്ങളില്‍ വലിയ സ്ഥാനമുണ്ടെന്നും ഹസന്‍ പറഞ്ഞു.