മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ഷട്ടറുകള്‍ ഉടന്‍ തുറക്കാന്‍ സാധ്യത

mulaperiyar dam

കനത്ത മഴയെ തുടര്‍ന്ന് ജലനിരപ്പ് അതിവേഗം ഉയരുന്ന സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ഷട്ടറുകള്‍ ഉടന്‍ തുറക്കാന്‍ സാധ്യത. ചൊവ്വാഴ്ച വൈകുന്നേരം ഏഴ് മണിക്ക് 137.70 അടിയായിരുന്നു അണക്കെട്ടിലെ ജലനിരപ്പ്. ഇത് ഉടന്‍ തന്നെ 142 അടിയിലെത്താന്‍ സാധ്യതയുണ്ട്. എന്നാല്‍ അണക്കെട്ടിലെ ജലനിരപ്പ് 139 അടിയിലെത്തുമ്ബോള്‍ തന്നെ ഷട്ടറുകള്‍ തുറന്ന് വെള്ളം തുറന്നുവിടാന്‍ തമിഴ്നാടിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം തമിഴ്നാടിന്റേതാണ്.അതേസമയം, അണക്കെട്ട് തുറക്കാനുള്ള സാഹചര്യം കണക്കിലെടുത്ത് പ്രദേശത്തെ അയ്യായിരത്തോളം പേരെ ഉടന്‍ തന്നെ ഒഴിപ്പിച്ച്‌ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റും. പ്രദേശത്ത് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഡാം തുറന്നേക്കുമെന്ന് പരിസര വാസികള്‍ക്ക് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ഇത് സംബന്ധിച്ച അന്തിമ തീരുമാനത്തിലെത്തുന്നതിനായി തിരുവനന്തപുരത്ത് അടിയന്തര യോഗം ചേരുന്നുണ്ട്. ജലനിരപ്പ് 138 അടിയിലെത്തുമ്ബോള്‍ ആദ്യ മുന്നറിയിപ്പായ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കും. ചെറുതോണി അണക്കെട്ടില്‍ നിന്നും ഒഴുക്കി വിടുന്ന വെള്ളത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കുമെന്നും ഇതിന് പിന്നാലെ പെരിയാറിലെ ജലനിരപ്പ് ഉയരുമെന്നും അധികൃതര്‍ അറിയിച്ചു. എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ പെരിയാര്‍ തീരത്ത് വസിക്കുന്നവര്‍ ജില്ലാ കളക്ടര്‍മാര്‍ ആവശ്യപ്പെടുന്ന സമയത്ത് ക്യാംപുകളിലേക്ക് ഒഴിഞ്ഞുപോകണം. പൊതുജനങ്ങള്‍ സര്‍ക്കാര്‍ സംവിധാനങ്ങളുമായി പൂര്‍ണമായും സഹകരിക്കണമെന്നും സര്‍ക്കാര്‍ അറിയിച്ചു. കഴിഞ്ഞ നവംബറില്‍ ഒറ്റ രാത്രി കൊണ്ട് മുല്ലപ്പെരിയാറിലെ ജലനിരപ്പ് ആറര അടിയിലേറെ വര്‍ദ്ധിച്ചിരുന്നു. ജലം നിറഞ്ഞുകിടക്കുന്ന വിസ്തൃതമായ പ്രദേശം കുറവായതിനാല്‍ അണക്കെട്ടിലെ ജലനിരപ്പ് പെട്ടെന്ന് വര്‍ദ്ധിക്കുമെന്നതും അണക്കെട്ടിന്റെ കാലപ്പഴക്കവും ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. എന്നാല്‍ ആശങ്കപ്പെടേണ്ടതില്ലെന്നും സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നുമാണ് അധികൃതര്‍ നല്‍കുന്ന സൂചന.