Thursday, April 18, 2024
HomeNationalപെട്രോളിന് 55 ദിവസത്തിനിടെ വര്‍ധിച്ചത് 7.34 രൂപ

പെട്രോളിന് 55 ദിവസത്തിനിടെ വര്‍ധിച്ചത് 7.34 രൂപ

ഒരു ലിറ്റര്‍ പെട്രോളിന് 55 ദിവസത്തിനിടെ വര്‍ധിച്ചത് 7.34 രൂപ. ഡീസലിന് 5.23 രൂപയും. ജൂലൈ ഒന്നിന് കൊച്ചിയില്‍ 65 രൂപ 63 പൈസയായിരുന്ന പെട്രോളിന് ബുധനാഴ്ച വില 72 രൂപ 97 പൈസ. ഡീസല്‍ 57 രൂപ 12 പൈസയില്‍നിന്ന് 62 രൂപ 57 പൈസയിലുമെത്തി. ജൂണ്‍ 16 മുതല്‍ പ്രതിദിനം വില നിശ്ചയിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയതുമുതല്‍ വില അടിക്കടി കൂട്ടിയും അഞ്ചുപൈസയും പത്തുപൈസയും കുറച്ചും എണ്ണക്കമ്പനികള്‍ ചോര്‍ത്തുന്നത് കോടികള്‍. അന്താരാഷ്ട്ര വിപണിയില്‍ അസംസ്കൃത എണ്ണയുടെ വില കുറഞ്ഞിരിക്കുമ്പോഴും കൊള്ളലാഭമാണ് എണ്ണക്കമ്പനികളുടെ ലക്ഷ്യമെന്ന് അറിഞ്ഞിട്ടും പ്രതികരിക്കാനാവാതെ ജനവും.

അസംസ്കൃത എണ്ണയ്ക്ക് അന്താരാഷ്ട്ര മാര്‍ക്കറ്റിലെ നിലവിലെ വില ബാരലിന് 48.23 ഡോളറാണ് (3086.24 രൂപ). അമേരിക്കയില്‍ 48.31 ഡോളറും. ഒരു ബാരല്‍ അസംസ്കൃത എണ്ണ 159 ലിറ്ററാണ്. ഈ അസംസ്കൃത എണ്ണയാണ് എണ്ണക്കമ്പനികള്‍ വാങ്ങുന്നത്. അസംസ്കൃത എണ്ണ നിരവധി പ്രക്രിയകളിലൂടെ ശുദ്ധീകരിച്ചെടുക്കുമ്പോള്‍ കുറഞ്ഞത് 24 മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ കിട്ടും. ഒരു ലിറ്റര്‍ എണ്ണ ശുദ്ധീകരിച്ചെടുക്കാനുള്ള ചെലവ് ലിറ്ററിന് 1.60 രൂപയാണ്. ഈ തുകയും അസംസ്കൃത എണ്ണയുടെ വിലയും നികുതിയുമുള്‍പ്പെടെ അറുപതു ശതമാനവും ഗതാഗത, വിതരണ ചെലവും കമീഷന്‍ മാര്‍ജിനുമെല്ലാം മാറ്റിവച്ചാലും എണ്ണക്കമ്പനികള്‍ക്ക് കിട്ടുന്നത് കോടികളുടെ ലാഭം.

പ്രതിദിനം വില നിശ്ചയിക്കാനുള്ള അധികാരം എണ്ണക്കമ്പനികള്‍ക്ക് നല്‍കിയതിന് കേന്ദ്രസര്‍ക്കാര്‍ പറയുന്ന ന്യായമാണ് ഏറ്റവും പരിഹാസ്യം. ഇന്ത്യയെ ഇന്ധനവിലനിര്‍ണയത്തെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനാണത്രേ ഈ തീരുമാനം. എന്നാല്‍, ഈ അനുമതി എണ്ണക്കമ്പനികള്‍ പ്രാവര്‍ത്തികമാക്കിത്തുടങ്ങിയ ജൂണ്‍ 16ന് അന്താരാഷ്ട്ര വിപണിയില്‍ അസംസ്കൃതഎണ്ണയ്ക്ക് വില ഏറ്റവും കുറവായിരുന്നു. ബാരലിന് 45.94 ഡോളര്‍ (2939 രൂപ 70 പൈസ). രൂപയുടെ വിനിമയനിരക്കില്‍ വരുന്ന മാറ്റങ്ങളോ മൂല്യത്തകര്‍ച്ചയോ അന്താരാഷ്ട്ര എണ്ണവിപണിയിലെ വ്യതിയാനങ്ങളോ മൂലം ഉണ്ടാകാവുന്ന നഷ്ടങ്ങളെ 15 ദിവസത്തിനുള്ളില്‍ നികത്താനാകുന്നതരത്തിലാണ് ഇപ്പോള്‍ എണ്ണക്കമ്പനികള്‍ ദിവസവും വില നിശ്ചയിക്കുന്നതെന്ന് ധനകാര്യവിദഗ്ധര്‍ പറയുന്നു. പൊതുമേഖലാ എണ്ണക്കമ്പനികള്‍ക്കു പുറമെ സ്വകാര്യ എണ്ണക്കമ്പനികളായ എസ്സാര്‍ ഓയില്‍സ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ് എന്നിവരും ഇതേരീതിയാണ് പിന്തുടരുന്നത്. പാചകവാതകവിലയിലും ഈ രീതി പിന്തുടരാനാണ് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments