കാറിന്റെ ടയർ കടിച്ചു മുറിച്ച്‌ പൊട്ടിച്ചു ആക്രമിച്ച സിംഹം (Viral video)


ദക്ഷിണാഫ്രിക്കയിലെ ക്രൂഗര്‍ ദേശീയ പാര്‍ക്കില്‍ കുടുംബം സഞ്ചരിച്ചിരുന്ന വാഹനത്തിനു നേരെ സിംഹത്തിന്റെ ആക്രമണം. പതിവ് രീതിയിലുള്ള വിരട്ടലോ ഗര്‍ജ്ജനമോ ഉണ്ടായിരുന്നില്ല മറിച്ച് വാഹനത്തിന്റെ ടയറ് കടിച്ചു മുറിച്ച് വാഹനത്തില്‍ സഞ്ചരിച്ചിരുന്നവരെ പെരുവഴിയിലാക്കുകയായിരുന്നു സിംഹം ചെയ്തത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുകയാണ്. റോഡരികില്‍ സിംഹക്കൂട്ടത്തെ കണ്ടാണ് സഞ്ചാരികള്‍ വാഹനങ്ങള്‍ നിര്‍ത്തിയത്. അഞ്ചു വാഹനങ്ങളടങ്ങിയ സംഘമാണ് അവിടെയെത്തിയിരുന്നത്. ഇക്കൂട്ടത്തില്‍ ഒരു കാറിനു നേരെയായിരുന്നു പെണ്‍സിംഹത്തിന്റെ അപ്രതീക്ഷിതമായ ആക്രമണം. സിംഹത്തിന്റെ ആക്രമണം നേരിട്ട കാറിനു മുന്നിലുണ്ടായിരുന്ന വാഹനത്തിലുണ്ടായിരുന്നവരാണ് ഈ ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയത്. നിര്‍ത്തിയിട്ടിരിക്കുന്ന കാറിനു സമീപത്തേക്കെത്തിയ സിംഹങ്ങളിലൊന്ന് ഏറെ നേരം വാഹനം പരിശോധിച്ചു. ഇതിനു ശേഷം മുന്‍വശത്തെ ടയറില്‍ പിടുത്തമിട്ടു. ഇതിനിടെ വലിയ ശബ്ദത്തോടെ ടയര്‍ പൊട്ടിത്തെറിച്ചു. ടയര്‍ പൊട്ടുന്ന ശബ്ദം കേട്ട് ഭയന്ന സിംഹക്കൂട്ടം നാലു വഴിക്കും ചിതറിയോടുന്നതും വീഡിയോയിലുണ്ട്. സിംഹങ്ങള്‍ പോയതിനു ശേഷം ടയര്‍ മാറ്റി ഇവര്‍ യാത്ര തുടരുകയായിരുന്നു.