അരവിന്ദ് കേജ്‌രിവാളിന്റെ മേഷ്ടിക്കപ്പെട്ട കാർ യുപിയിൽ കണ്ടെത്തി

kejarival

ഡൽഹിയിൽ നിന്ന് മോഷണം പോയ അരവിന്ദ് കേജ്‌രിവാളിന്റെ കാർ കണ്ടുപിടിച്ചു. ഡൽഹിയിൽ സെക്രട്ടേറിയറ്റിനു സമീപം നിർത്തിയിട്ടിരുന്ന വാഗൺ ആർ കാർ ആയിരുന്നു മോഷ്ടിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്കാണു മോഷണം നടന്നതു. യുപിയിലെ ഗാസിയാബാദിലാണു മോഷ്ടിക്കപ്പെട്ട കാർ കണ്ടെത്തിയിരിക്കുന്നത്. ആരെയും മോഷണവുമായി ബന്ധപെട്ട് അറസ്റ്റ് ചെയ്തിട്ടില്ലെന്നാണ് റിപ്പോർട്ട് . ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു കാർ കണ്ടെത്തിയത്. ഇത് സംബന്ധിച്ച വിവരം ഉത്തർ പ്രദേശ് പൊലീസ് ഡൽഹി പൊലീസിനു കൈമാറി. കാർ ഉപേക്ഷിക്കപ്പെട്ട പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച അന്വേഷണ സംഘം പ്രതികളെ തിരിച്ചറിഞ്ഞു. പ്രതിയെന്നു സംശയിക്കുന്നവരുടെ ചിത്രം ഡൽഹിയിൽ പ്രചരിപ്പിച്ചിട്ടുണ്ട്.

2015ലെ നിയമസഭാ തിരഞ്ഞെടുപ്പു മുതൽ കേജ്‌രിവാൾ ഉപയോഗിച്ചിരുന്നത് ഈ നീലക്കാറായിരുന്നു. എന്നാൽ പിന്നീട് മുഖ്യമന്ത്രിയുടെ വാഹനം ഇന്നോവയിലേക്ക് മാറിയപ്പോൾ ആം ആദ്മി പാർട്ടിയുടെ പല ആവശ്യങ്ങൾക്കുമായിരുന്നു കാർ ഉപയോഗിച്ചിരുന്നത്. സോഫ്റ്റ്‌വെയർ എൻജിനീയറായ കുന്ദർ ശർമ 2013 ജനുവരിയിൽ കേജ്‌രിവാളിന് സമ്മാനിച്ചതാണ് കാർ. 2013-ലെ തിരഞ്ഞെടുപ്പു കാലത്താണു കേജ്‌രിവാളിന്റെ കാർ വിഐപിയായി മാറിയത്. പ്രചാരണകാലത്തും പിന്നീടു മുഖ്യമന്ത്രിയായപ്പോഴും അദ്ദേഹത്തിന്റെ സഞ്ചാരം ഈ കാറിലായിരുന്നു. 2014ൽ സംസ്‌ഥാന മന്ത്രിസഭാ യോഗത്തിനും കാർ വേദിയായി. ആഭ്യന്തര മന്ത്രാലയത്തിനെതിരെ റയിൽ ഭവനിനു മുന്നിൽ കേജ്‌രിവാൾ സമരം നടത്തിയപ്പോൾ കാറിലായിരുന്നു യോഗം.