പത്തനംതിട്ടയിൽ കെ എസ് ആർ ടി സിയും ഓട്ടോ റിക്ഷയും തമ്മിൽ കൂട്ടിയിടിച്ചു

accident

പത്തനംതിട്ട കളക്ട്രേറ്റിനു മുന്നിൽ കെ എസ് ആർ ടി സിയും ഓട്ടോ റിക്ഷയും തമ്മിൽ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ദമ്പതികളടക്കം 5 പേർക്ക് പരിക്ക്. ഓട്ടോറിക്ഷയിലുണ്ടായിരുന്ന കരിമ്പനക്കുഴി കോഴികുന്നത്ത് അനിൽകുമാർ (38), ഭാര്യ ബിൻസി (32), മണ്ണാറമല കാലായിൽ സുരേന്ദ്രന്റെ മകൻ അഖിൽ (20), കെഎസ്ആർടിസി ബസിൽ യാത്രചെയ്ത അരുവാപ്പുലം സ്വദേശി ഗീത, പത്തനംതിട്ട സ്വദേശി മായ (44) എന്നിവർക്കാണ് പരിക്ക്. ബുധനാഴ്ച രാത്രി 8.15ന് കലക്ടറേറ്റ് പടിക്കൽ ആയിരുന്നു അപകടം. അപകടത്തിൽ ഓട്ടോ റിക്ഷ പൂർണമായി തകർന്നു. ഓട്ടോ റിക്ഷ വെട്ടിപ്പൊളിച്ചാണ് അപകടത്തിൽപ്പെട്ടവരെ പുറത്തെടുത്തത്. അനിൽകുമാറാണ് ഓട്ടോ ഓടിച്ചിരുന്നത്. ഗുരുതരമായി പിരിക്കേറ്റ ബിൻസിയേയും അനിലിനെയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. അഖിൽ, മായ, ഗീത എന്നിവരെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൈക്ക് സെറ്റ് ഉടമയായ അനിൽകുമാർ സ്വന്തം ഓട്ടോയിൽ മൈക്ക്സെറ്റ് സാധനങ്ങൾ പരിപാടി നടക്കുന്ന സ്ഥലത്ത് ഇറക്കിയശേഷം ഭാര്യയോടൊപ്പം അരിയും മറ്റും വാങ്ങി വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ടൗണിൽ മരുന്നു വാങ്ങാൻ വന്ന അഖിൽ പരിചയക്കാരെ കണ്ടപ്പോൾ അവരോടൊപ്പം ഓട്ടോയിൽ കയറിയതാണ്. ബസ് പത്തനംതിട്ടയിലേക്ക് വരികയായിരുന്നു.