Friday, April 19, 2024
HomeKeralaജിഷ്ണുവിന്‍റെ മാതാപിതാക്കളുടെ രക്തസാമ്പിള്‍ ഇന്ന് കോടതിയില്‍ ഹാജരാക്കും

ജിഷ്ണുവിന്‍റെ മാതാപിതാക്കളുടെ രക്തസാമ്പിള്‍ ഇന്ന് കോടതിയില്‍ ഹാജരാക്കും

കൊലപ്പെടുത്തി കെട്ടിത്തൂക്കിയതാണ് -ജിഷ്ണുവിന്‍റെ ബന്ധുക്കളുടെ വാദം

ജിഷ്ണു പ്രണോയിയുടെ അച്ഛൻ അശോകൻ, അമ്മ മഹിജ എന്നിവരുടെ രക്തസാമ്പിള്‍ അന്വേഷണ സംഘം ഇന്ന് കോടതിയില്‍ ഹാജരാക്കും.കോളേജില്‍ നിന്നും കണ്ടെത്തിയ രക്തക്കറ ജിഷ്ണുവിന്‍റെതാണ് എന്ന് ഫോറന്‍സിക് പരിശോധനയില്‍ തെളിഞ്ഞ സാഹചര്യത്തില്‍ ഡിഎന്‍എ പരിശോധനക്കാണ് മാതാപിതാക്കളുടെ രക്തം ശേഖരിച്ചത്. അതേ സമയം കേസിലെ മൂന്നും നാലും പ്രതികളുടെ മൂന്‍കൂര്‍ ജാമ്യഹര്‍ജി തൃശൂര്‍ പ്രിന്‍സിപ്പല്‍ സെക്ഷന്‍സ് കോടതി ഇന്ന് പരിഗണിക്കും.
ജിഷ്ണുവിനെ കൊലപ്പെടുത്തിയശേഷം കെട്ടിത്തൂക്കിയതാണെന്ന കാര്യത്തില്‍ സംശയമില്ലെന്നാണ് ജിഷ്ണുവിന്‍റെ ബന്ധുക്കളുടെ വാദം. ഇപ്പോള്‍ പുറത്തുവരുന്ന തെളിവുകളെല്ലാം അതിലേക്ക് സൂചന നല്‍കുന്നതാണെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.
കോളജിലെ  ഇടിമുറിയില്‍ വെച്ച് ജിഷ്ണുവിന് മര്‍ദ്ദനമേറ്റിരുന്നെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. ജിഷ്ണുവിന്റെ മൃതദേഹത്തില്‍ക്കണ്ട മുറിവുകള്‍ ഈ മര്‍ദ്ദത്തിന്‍റെ ഭാഗമാണെന്നും ബന്ധുക്കളും സഹപാഠികളും ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ജിഷ്ണുവിനെ മര്‍ദ്ദിച്ചിട്ടില്ലെന്ന നിലപാടാണ് കോളെജ് അധികൃതര്‍ സ്വീകരിച്ചിരുന്നത്. എന്നാല്‍ ഇടിമുറിയില്‍ പരിശോധന നടത്തിയ പൊലീസ് രക്തക്കറ കണ്ടെടുക്കുകയായിരുന്നു. ഇതോടെ ജിഷ്ണുവിന് മര്‍ദ്ദനമേറ്റെന്ന സംശയം ബലപ്പെട്ടു.

ജിഷ്ണുവിന്‍റെ കൈയിലും മുഖത്തും മുറിവേറ്റ പാടുകളുണ്ടായിരുന്നു. ജിഷ്ണുവിനെ വൈസ് പ്രിന്‍സിപ്പലിന്റെ റൂമില്‍ വച്ച് മര്‍ദ്ദിച്ചതായി ബന്ധുക്കളും ആരോപിച്ചിരുന്നു. ജിഷ്ണുവിന്‍റെ മരണവുമായി ബന്ധപ്പെട്ട് കോടതിയില്‍ പൊലീസ് സമര്‍പ്പിച്ച കുറ്റപത്രത്തിലും ഇക്കാര്യത്തെ കുറിച്ച് പരാമര്‍ശമുണ്ടായിരുന്നു. ഇതെല്ലാം തന്നെ സാധൂകരിക്കുന്നതാണ് ഫോറന്‍സിക് സംഘത്തിന്റെ കണ്ടെത്തല്‍.

കോപ്പിയടി പിടിച്ചതിന് തുടര്‍ന്ന് പ്രിന്‍സിപ്പിലിന്റെ റൂമില്‍ വിളിച്ച് വരുത്തി ഉപദേശിച്ചതിന് ശേഷം ജിഷ്ണുവിനെ വിട്ടയച്ചു എന്നായിരുന്നു കോളേജ് അധികൃതരുടെ വാദം.ജിഷ്ണുവിന്‍റെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിന്  മുന്നിൽ കൊണ്ടുവന്ന് പൊലീസ് കാക്കിയുടെ വില പൊതുജനത്തിന് കാട്ടിക്കൊടുക്കണമെന്ന് ജിഷ്ണുവിന്‍റെ അമ്മ മഹിജ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞു .

RELATED ARTICLES
- Advertisment -

Most Popular

Recent Comments