കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി വന്‍ സന്നാഹം

flood accident

ജില്ലയില്‍ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ഒറ്റപ്പെട്ട് നൂറ് കണക്കിനാളുകള്‍. വിവിധ പ്രദേശങ്ങളിലായി നിരവധി കുടുംബങ്ങളാണ് പുറംലോകവുമായി ബന്ധപ്പെടാനാകാതെ ഇവിടെ കഴിയുന്നത്. റാന്നിയില്‍ നിന്നും പരിസര പ്രദേശങ്ങളില്‍ നിന്നുമായി ഏതാണ്ട് രണ്ടായിരത്തോളം പേരെ ഇതിനോടകം രക്ഷപ്പെടുത്തിയെന്നും കൂടുതല്‍ പേര്‍ ഇവിടങ്ങളില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും രാജു എബ്രഹാം എം.എല്‍.എ അറിയിച്ചു. പ്രളയക്കെടുതിയില്‍ കുടുങ്ങിയിട്ടുള്ളവരെ രക്ഷപ്പെടുത്തുന്നതിന് ബോട്ടുകള്‍ ഉള്‍പ്പെടെയുള്ള വന്‍ സന്നാഹം ഒരു മണിക്കൂറിനുള്ളില്‍ ജില്ലയില്‍ എത്തുമെന്ന് ജില്ലാ കളക്ടര്‍ പി.ബി. നൂഹ് അറിയിച്ചു. ഇപ്പോള്‍ നാടന്‍ ബോട്ടുകള്‍ ഉള്‍പ്പെടെ 28 ബോട്ടുകളാണ് രക്ഷാപ്രവര്‍ത്തനത്തിനായി വിന്യസിച്ചിട്ടുള്ളത്. പുതുതായി 23 ബോട്ടുകള്‍ കൂടി ജില്ലയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. തോമസ് ചാണ്ടി എംഎല്‍എയുടെ ഉടമസ്ഥതയിലുള്ള രണ്ട് ബോട്ടുകള്‍, പോലീസിന്റെ ആറ് ബോട്ടുകള്‍, കോസ്റ്റ് ഗാര്‍ഡിന്റെ രണ്ട് ബോട്ടുകള്‍, നേവിയുടെ രണ്ട് ബോട്ടുകള്‍, കൊല്ലത്തു നിന്ന് രണ്ട് ബോട്ടുകള്‍, എന്‍ഡിആര്‍എഫിന്റെ ആറ് ബോട്ടുകള്‍, ഫയര്‍ഫോഴ്‌സിന്റെ ഒരു ബോട്ട്, എറണാകുളത്തു നിന്ന് രണ്ട് ബോട്ട് എന്നിവയാണ് ഉടന്‍ എത്തുന്നത്. ഇതിനു പുറമേ ആര്‍മിയുടെ 69 സൈനികര്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തു വരുന്നു. നൂറനാട് ഐടിബിപിയില്‍നിന്നും 37 സേനാംഗങ്ങള്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലാ ആസ്ഥാനത്തു നിന്നും റാന്നിയിലേക്ക് പുറപ്പെട്ടു. രണ്ട് ഹെലികോപ്ടറുകളാണ് രക്ഷാ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തുകൊണ്ടിരിക്കുന്നത്. നിലവില്‍ കനത്ത വെള്ളക്കെട്ടില്‍ മുങ്ങിയ വീടുകളുടെ ടെറസിലാണ് പല കുടുംബങ്ങളും ഇപ്പോള്‍ അഭയം പ്രാപിച്ചിട്ടുള്ളത്. കുടിവെള്ളമോ ഭക്ഷണമോ വൈദ്യുതിയോ ഇല്ലാതെ വലയുകയാണിവര്‍. രാത്രിയായതോടെ രക്ഷാപ്രവര്‍ത്തനവും പ്രതിസന്ധിയിലായിരിക്കുകയാണ്. ഇതിനിടെ വീടുകളില്‍ കുടുങ്ങി കിടക്കുന്നവരോട് ടെറസിന് മുകളില്‍ ടോര്‍ച്ച്‌ മിന്നിച്ച്‌ നില്‍ക്കാനുളള നിര്‍ദേശവും അധികൃതര്‍ നല്‍കിയിട്ടുണ്ട്. നിലവില്‍ പ്രദേശത്ത് നിന്ന് ആളുകളെ രക്ഷപ്പെടുത്തിയത് ഹെലികോപ്ടറുപയോഗിച്ചാണ്. പലയിടങ്ങളിലും ശക്തമായ ഒഴുക്കുള്ളതിനാല്‍ ബോട്ടിലെ രക്ഷാപ്രവര്‍ത്തനം അവതാളത്തിലായിരിക്കുകയാണ്. പമ്ബയിലെ വെള്ളപ്പൊക്കത്തിന്റെ ഭാഗമായും നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. സോഷ്യല്‍ മീഡിയകള്‍ വഴി നിരവധി പേരാണ് പത്തനംതിട്ടയില്‍ നിന്ന് മാത്രം സഹായമഭ്യര്‍ത്ഥിച്ചെത്തിയത്. പലര്‍ക്കും ഇപ്പോഴും സഹായം ലഭ്യമായിട്ടില്ല. എന്നാല്‍ പ്രതികൂല സാഹചര്യങ്ങളിലും ഇവിടങ്ങളില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നുണ്ട്.