സീരിയല്‍, ടെലിഫിലിം സംവിധായകനായ ജയകൃഷ്ണനെ കൊലപ്പെടുത്തി

blood

സീരിയല്‍, ടെലിഫിലിം സംവിധായകനായ ജയകൃഷ്ണനെ സഹനിര്‍മാതാവ് കൊലപ്പെടുത്തി. 48കാരനായ ജയകൃഷ്ണന്‍ എന്ന ജയന്‍ കൊമ്പനാടിനെ കഴുത്തറത്തു കൊന്നശേഷം സുഹൃത്തും ടെലിംഫിലിം നിര്‍മാണപങ്കാളിയും അഭിനേതാവുമായ നേര്യമംഗലം സ്വദേശി പുതുക്കുന്നേല്‍ ജോബി സില്‍വറാര്‍ പോലീസില്‍ കീഴടങ്ങി. സുഹൃത്ത് കഴുത്തറത്ത് കൊലപ്പെടുത്തി. കോതമംഗലം പട്ടണത്തില്‍ വ്യാഴാഴ്ച രാത്രിയാണ് സംഭവം.
കോതമംഗലം ബസ് സ്റ്റാന്‍ഡിനു പിന്നിലെ മാര്‍ക്കറ്റിനു സമീപം ബൈപ്പാസ്‌ലിങ്ക് റോഡരികില്‍ ഇവര്‍ ഒരുമിച്ച് താമസിച്ചിരുന്ന ഫഌറ്റിലായിരുന്നു കൊലപാതകം. പെരുമ്പാവൂര്‍ വേങ്ങൂര്‍ കൊമ്പനാട് പടിക്കക്കുടി പരേതനായ കൃഷ്ണന്റെയും നളിനിയുടെയും മകനാണ് കൊല്ലപ്പെട്ട ജയകൃഷ്ണന്‍ (ജയന്‍). തല മുറിച്ചുമാറ്റിയ നിലയിലായിരുന്നു മൃതദേഹം. തലയിലും കഴുത്തിലും ഉള്‍പ്പെടെ ആഴത്തിലുള്ള 19 മുറിവുകളുണ്ടെന്ന് അന്വേഷണത്തിനു നേതൃത്വം നല്‍കുന്ന സി.ഐ. വി.ടി. ഷാജന്‍ പറഞ്ഞു. പ്രതി വെള്ളിയാഴ്ച രാവിലെ കോതമംഗലം പോലീസ് സ്റ്റേഷനിലെത്തി വെളിപ്പെടുത്തിയപ്പോഴാണ് അരുംകൊലയുടെ വിവരം പുറത്തറിഞ്ഞത്. ഫഌറ്റിലെ അടുക്കളയില്‍ കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. പുണ്യാളന്റെ നേര്‍ച്ചക്കോഴികള്‍”’എന്ന ടെലിഫിലിം ജോബിനെ നായകനാക്കി ജയന്‍ സംവിധാനം ചെയ്തിരുന്നു. ഇതിന്റെ നിര്‍മാണ പങ്കാളിയായിരുന്നു ജോബി. ഇയാള്‍ കോതമംഗലത്തും പരിസരത്തുമായി സ്റ്റുഡിയോകള്‍ നടത്തിയിരുന്നു. ഏതാനും സിനിമകളിലും ടെലിഫിലിമുകളിലും സംവിധാന സഹായിയായി പ്രവര്‍ത്തിച്ചിരുന്ന ജയന്‍ ഭാര്യയുമായി അകന്നാണു കഴിഞ്ഞിരുന്നത്. കോതമംഗലം മാര്‍ക്കറ്റിന് സമീപമുള്ള ജോബിയുടെ ഫല്‍റ്റിലായിരുന്നു ടെലിഫിലിം പൂര്‍ത്തിയായശേഷവും ജയന്‍ താമസിച്ചിരുന്നത്. കുടുംബവുമായി അകന്നു കഴിഞ്ഞിരുന്ന ജോബി ഇടയ്ക്ക് ഇവിടെ വന്ന് താമസിക്കാറുണ്ടായിരുന്നു. വ്യാഴാഴ്ച ഇവിടെയെത്തിയ ജോബിയും ജയനും മദ്യപിച്ചു. ഇതിനിടെ ഒരുമാസമായി പണത്തിന് ബുദ്ധിമുട്ടുകയാണെന്നും പണം നല്‍കണമെന്നും ജയന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇപ്പോള്‍ ബുദ്ധിമുട്ടാണെന്ന മറുപടി ജയനെ പ്രകോപിപ്പിക്കുകയും ഇരുവരും തമ്മില്‍ ബലപ്രയോഗമുണ്ടാവുകയും ചെയ്തു. തുടര്‍ന്ന് അടുക്കളയിലെത്തിയ ജയനെ ജോബി കറിക്കത്തിക്ക് അക്രമിക്കുകയായിരുന്നു. മദ്യലഹരിയില്‍ താഴെ വീണ ജയന്റെ ശിരസ് ജോബി കറിക്കത്തി ഉപയോഗിച്ച് മുറിച്ചുമാറ്റി. പിന്നീട് ഇവിടെ കിടന്നുറങ്ങി. രാവിലെ ഉറക്കമെണീറ്റപ്പോള്‍ ചില സുഹൃത്തുക്കളെ വിളിച്ചു കാര്യം പറഞ്ഞു. ഇവരാണു പോലീസില്‍ കീഴടങ്ങാന്‍ ആവശ്യപ്പെട്ടത്. തുടര്‍ന്നു കുളിച്ച് വേഷംമാറി പോലീസ് സ്‌റ്റേഷനിലെത്തുകയായിരുന്നു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ജോബി ഭാര്യയുമായി പിണങ്ങി കഴിയുകയാണ്. ജയകൃഷ്ണന്റെ മൃതദേഹം മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ശവസംസ്‌കാരം ശനിയാഴ്ച ഉച്ചയ്ക്ക് മൂന്നിന് ഒക്കല്‍ എസ്.എന്‍.ഡി.പി. ശ്മശാനത്തില്‍.