Friday, March 29, 2024
HomeKeralaസുനില്‍ പി ഇളയിടത്തിന് നേരെ ആക്രമണം;ആശയത്തെ ആയുധം കൊണ്ട് നേരിടുന്നുവെന്ന് മന്ത്രി എ കെ...

സുനില്‍ പി ഇളയിടത്തിന് നേരെ ആക്രമണം;ആശയത്തെ ആയുധം കൊണ്ട് നേരിടുന്നുവെന്ന് മന്ത്രി എ കെ ബാലന്‍

എഴുത്തുകാരനും പ്രഭാഷകനുമായ  സുനില്‍ പി ഇളയിടത്തിന് നേരെ സംഘപരിവാര്‍  വധഭീഷണിയും ആക്രമണവും അഴിച്ചുവിടുന്നത് പ്രതിഷേധാര്‍ഹമാണെന്ന് സാംസ്‌കാരിക മന്ത്രി എ കെ ബാലന്‍ പറഞ്ഞു. ആശയത്തെ ആയുധം കൊണ്ട് നേരിടുന്നത് ഫാസിസമാണെന്ന് അദ്ദേഹം പറഞ്ഞു.  ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ അദ്ദേഹം നടത്തുന്ന പ്രഭാഷണം ജനങ്ങളില്‍ സ്വീകാര്യത ലഭിക്കുന്നതാണ് സംഘപരിവാറിനെ അസ്വസ്ഥപ്പെടുത്തുന്നത്. ആചാരസംരക്ഷണത്തിന് വേണ്ടി സംഘപരിവാറും കോണ്‍ഗ്രസും നടത്തുന്ന പ്രചാരണങ്ങളിലെ പൊള്ളത്തരം തുറന്നുകാട്ടുന്നത് ഏറ്റവും കൂടുതല്‍ വിറളിപിടിപ്പിക്കുന്നതും ഈ ശക്തികളെയാണ്.

കേരളത്തിന്റെ സാമൂഹ്യ സാംസ്‌കാരിക മുന്നേറ്റത്തില്‍ നവോത്ഥാന പ്രസ്ഥാനങ്ങള്‍ വഹിച്ച പങ്കും അതിന് കാരണമായ ചരിത്രപശ്ചാത്തലവും സംഭവ വികാസങ്ങളും സുനില്‍ ജനങ്ങളെ ഓര്‍മപ്പെടുത്തുന്നു. ഓരോ ആചാരങ്ങളും എങ്ങനെ ഉണ്ടായി എന്നും അത് എങ്ങനെയാണ് മാറിയതെന്നും വിശദീകരിക്കുന്നതാണ് സംഘപരിവാര്‍ ശക്തികളെ പ്രകോപിപ്പിച്ചിരിക്കുന്നത് .

തങ്ങള്‍ക്ക് ഇഷ്ടമില്ലാത്തതും തങ്ങള്‍ പറയുന്നതിനെ ഖണ്ഡിക്കുന്നതും അത് ആരായിരുന്നാലും അവരെ വകവരുത്തുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യുക സംഘപരിവാര്‍ നയമാക്കി നടത്തിക്കൊണ്ടിരിക്കുകയാണ്. സന്ദീപാനന്ദഗിരിയെപോലുള്ള ആത്മീയ ആചാര്യന്മാരെ പോലും ആക്രമിക്കുന്നതിലൂടെ അതാണ് അവര്‍ നടപ്പിലാക്കുന്നത്. സമൂഹത്തില്‍ ഭീതി പരത്തി തങ്ങളുടെ നിലപാടുകള്‍ സ്ഥാപിക്കുന്ന ഫാസിസ്റ്റ് രീതിയാണ് സംഘപരിവാര്‍ കേരളത്തില്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നത്. പ്രബുദ്ധകേരളം അതിനെ തള്ളിക്കളയുക തന്നെ ചെയ്യും. കേരളത്തെ പിറകോട്ട് നയിക്കാന്‍ ശ്രമിക്കുന്ന ഛിദ്രശക്തികള്‍ക്കെതിരെ ശക്തമായ പ്രതിരോധമുയര്‍ത്തുന്ന സുനിലിനെ പോലുള്ളവര്‍ക്ക് നേരെ നടക്കുന്ന അക്രമങ്ങളെ ചെറുക്കാന്‍ സാംസ്‌കാരിക കേരളം ഒറ്റക്കെട്ടായി മുന്നോട്ട് വരണം; മന്ത്രി പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments