Thursday, April 25, 2024
HomeNationalമക്കാ മസ്ജിദ് സ്ഫോടനക്കേസ്: വിധി പ്രസ്താവിച്ച ജഡ്ജി രാജിവെച്ചതിൽ ദുരൂഹത

മക്കാ മസ്ജിദ് സ്ഫോടനക്കേസ്: വിധി പ്രസ്താവിച്ച ജഡ്ജി രാജിവെച്ചതിൽ ദുരൂഹത

മക്കാ മസ്ജിദ് സ്‌ഫോടനക്കേസില്‍ വിധി പറഞ്ഞ ജഡ്ജി രാജി വച്ചു. എന്‍.ഐ.എ പ്രത്യേക കോടതി ജഡ്ജി രവീന്ദര്‍ റെഡ്ഡി ആണ് വിധിപ്രസ്താവത്തിന് തൊട്ടുപിന്നാലെ രാജിവച്ചത്. കേസിലെ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടുകൊണ്ടുള്ള വിധിക്ക് തൊട്ടുപിന്നാലെ ജഡ്ജി രാജിവച്ചതിന് പിന്നിലെ കാരണം വ്യക്തമല്ല. 2007 മെയ് 18നാണ് ഹൈദരാബാദിലെ മക്ക മസ്ജിദില്‍ സ്‌ഫോടനം ഉണ്ടായത്. പ്രാര്‍ത്ഥനക്കിടെ ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. സ്‌ഫോടനത്തില്‍ ഒന്‍പത് പേരാണ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നില്‍ ലഷ്‌കറെ ത്വയിബ പോലുള്ള സംഘടനകളാണെന്നായിരുന്നു ആദ്യം ആരോപിച്ചിരുന്നതെങ്കിലും എന്നാല്‍ പിന്നീട് സംഘപരിവാര നേതാക്കള്‍ കേസില്‍ പ്രതികളാവുകയായിരുന്നു. കേസിലെ മുഖ്യ പ്രതി ഹിന്ദുത്വ നേതാവ് സ്വാമി അസീമാനന്ദയുടെ വെളിപ്പെടുത്തല്‍ അടങ്ങിയ സുപ്രധാന രേഖകള്‍ കാണാതായത് ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് വാര്‍ത്തയായിരുന്നു. എന്നാല്‍ ഈ രേഖകള്‍ ദിവസങ്ങള്‍ക്ക് ശേഷം കോടതിയില്‍ കണ്ടെത്തി. കേസിന്റെ ഭാവിയെത്തന്നെ ബാധിക്കാവുന്ന രണ്ടു പേജുള്ള നിര്‍ണായക രേഖയാണ് ദുരൂഹ സാഹചര്യത്തില്‍ കോടതിയില്‍ നിന്നു കാണാതായതും പിന്നീട് കണ്ടെടുക്കപ്പെട്ടതും. കേസില്‍ അസീമാനന്ദ ഉള്‍പ്പടെയുള്ള അഞ്ച് പ്രതികളെയും തെളിവില്ലെന്ന കാരണം പറഞ്ഞ് കോടതി ഇന്ന് വെറുതെ വിടുകയായിരുന്നു. വിധി പുറത്തു വന്ന് മണിക്കൂറുകള്‍ക്കകം രവീന്ദര്‍ റെഡ്ഡി വ്യക്തിപരമായ കാരണങ്ങളാല്‍ സ്ഥാനമൊഴിയുന്നതായി കാണിച്ച് ആന്ധ്രാ ഗവര്‍ണര്‍ക്ക് തന്റെ രാജിക്കത്ത് കൈമാറി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments