Friday, March 29, 2024
HomeSportsഇന്ത്യ- ഒാസ്ട്രേലിയ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഓസ്ട്രേലിയയ്ക്ക് ഒട്ടും മോശമല്ലാത്ത തുടക്കം

ഇന്ത്യ- ഒാസ്ട്രേലിയ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഓസ്ട്രേലിയയ്ക്ക് ഒട്ടും മോശമല്ലാത്ത തുടക്കം

ഇന്ത്യ- ഒാസ്ട്രേലിയ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ആദ്യം ബാറ്റു ചെയ്യുന്ന ഓസ്ട്രേലിയയ്ക്ക് ഒട്ടും മോശമല്ലാത്ത തുടക്കം. ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 109 റൺസ് എന്ന നിലയിലാണ് ഓസ്ട്രേലിയ. 34 റൺസോടെ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തും ആറു റൺസുമായി പീറ്റർ ഹാൻഡ്സ്കോംബുമാണ് ക്രീസിൽ. ഓപ്പണർമാരായ മാറ്റ് റെൻഷോ (44), ഡേവിഡ് വാർണർ (19), ഷോൺ മാർഷ് (2) എന്നിവരാണ് പുറത്തായത്. ഇന്ത്യയ്ക്കായി അശ്വിൻ, ജഡേജ, ഉമേഷ് യാദവ് എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.

ഓസീസ് ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് ടോസ് നേടിയപ്പോൾ  ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യൻ ബോളർമാരെ നിഷ്പ്രയാസം നേരിട്ട ഓപ്പണർമാർ ഓസീസിന് സമ്മാനിച്ചത് തകർപ്പൻ തുടക്കം. ഏകദിനശൈലിയിൽ ബാറ്റു വീശിയ വാർണർ–റെൻഷോ സഖ്യം 9.4 ഓവറിൽ കൂട്ടിച്ചേർത്തത് 50 റൺസ്. എന്നാൽ, അർധസെഞ്ചുറി കൂട്ടുകെട്ട് പൂർത്തിയാക്കിയതിനു പിന്നാലെ വാർണരെ മടക്കി ജഡേജ ഇന്ത്യ കാത്തിരുന്ന വിക്കറ്റു സമ്മാനിച്ചു. 26 പന്തിൽ രണ്ടു ബൗണ്ടറിയുൾപ്പെടെ 19 റൺസെടുത്ത വാർണറിനെ ജഡേജ സ്വന്തം ബോളിങ്ങിൽ പിടികൂടി.

തുടർന്നെത്തിയ ക്യാപ്റ്റനെ കൂട്ടുപിടിച്ച് റെൻഷോ ഓസീസ് ഇന്നിങ്സിനെ മുന്നോട്ടു നയിച്ചു. സ്കോർ 80ൽ എത്തിയപ്പോൾ റെൻഷോയും പുറത്ത്. ഉമേഷ് യാദവിന്റെ പന്തിൽ ഇന്ത്യൻ ക്യാപ്റ്റന്‍ വിരാട് കോഹ്‍ലിക്ക് ക്യാച്ചു സമ്മാനിച്ചു മടങ്ങുമ്പോൾ 69 പന്തിൽ ഏഴു ബൗണ്ടറികൾ ഉൾപ്പെടെ 44 റൺസായിരുന്നു റെൻഷോയുടെ സമ്പാദ്യം. തുടർന്നെത്തിയ ഷോൺ മാർഷ് (എട്ടു പന്തിൽ 2) അശ്വിന്റെ പന്തിൽ പൂജാരയ്ക്ക് പിടികൊടുത്ത് പെട്ടെന്ന് മടങ്ങി. പിരിയാത്ത നാലാം വിക്കറ്റിൽ സ്മിത്ത്–ഹാൻസ്ഡ്കോംബ് സഖ്യം 20 റൺസ് കൂട്ടിച്ചേർത്തിട്ടുണ്ട്.

നേരത്തെ, ടോസ് നേടിയ ഓസീസ് നായകൻ സ്റ്റീവ് സ്മിത്ത് ബാറ്റിങ് തിര‍ഞ്ഞെടുക്കുകയായിരുന്നു. ആദ്യ രണ്ടു മൽസരങ്ങളിലും ടോസ് നേടി ആദ്യം ബാറ്റു ചെയ്ത ടീമാണ് ജയിച്ചത്. നാലു മത്സരങ്ങളുളള പരമ്പരയില്‍ ഇരു ടീമുകളും ഒരോ മത്സരം വീതം ജയിച്ചു നില്‍ക്കുകയാണ്. പരുക്കിൽനിന്ന് മുക്തനായി മടങ്ങിയെത്തിയ മുരളി വിജയ് ടീമിൽ മടങ്ങിയെത്തി. ഇതോടെ അഭിനവ് മുകുന്ദ് പുറത്താകും. ഓസീസ് ടീമിൽ സ്റ്റാർക്കിനു പകരം പാറ്റ് കമ്മിൻസും മാർഷിനു പകരം മാക്സ്‌വെല്ലും ഇടം പിടിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments