ഭരണഘടനയ്ക്കെതിരേ ഒരു ഗവര്‍ണര്‍ക്കും നിലപാടെടുക്കാൻ കഴിയില്ല-ഗുലാം നബി ആസാദ്

gulam nabi asadh

ഒരു ഗവര്‍ണര്‍ക്കും ഭരണഘടനയ്ക്കെതിരേ പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്ന് കോണ്‍ഗ്രസ്സ് നേതാവ് ഗുലാം നബി ആസാദ്. ഞങ്ങള്‍ ആരെ സമീപിക്കുമെന്നോ ആരെ സമീപിക്കില്ലെന്നോ ഇപ്പോള്‍ പറയാന്‍ കഴിയില്ല. ഈ സന്നിഗ്ധ ഘട്ടത്തില്‍ ഞങ്ങള്‍ക്ക് ഗവര്‍ണ്ണറില്‍ പരിപൂര്‍ണ്ണ വിശ്വാസമുണ്ടെന്നും ഗുലാം നബി ആസാദ് പറഞ്ഞു. ജെഡിഎസ്-കോണ്‍ഗ്രസ്സ് സഖ്യം സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ തയ്യാറാണെന്ന പിന്തുണ കത്ത് ഗവര്‍ണ്ണര്‍ക്ക് നല്‍കാന്‍ കഴിയാതെ വന്നതോടെയായിരുന്നു ഗുലാം നബി ആസാദിന്റെ പ്രതികരണം. ഗവര്‍ണ്ണര്‍ ഭരണഘടനാപരമായി നീങ്ങുമെന്നും പകരം കക്ഷി രാഷ്ര്ടീയം കളിക്കില്ലന്നുമാണ് തങ്ങളുടെ വിശ്വാസമെന്നും ഗുലാം നബി ആസാദ് പറഞ്ഞു. അതേസമയം കര്‍ണാടകത്തില്‍ സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണര്‍ ബി.ജെ.പിയെ ക്ഷണിച്ചാല്‍ സുപ്രീംകോടതിയെ സമീപിക്കുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു. ബി.എസ് യദ്യൂരപ്പ ഗവര്‍ണര്‍ വാജുഭായ വാലയെ കണ്ടതിനു പിന്നാലെയാണ് കോണ്‍ഗ്രസ് ഇത്തരത്തിലൊരു തീരുമാനത്തിലെത്തിയത്. കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ ക്ഷണിച്ചില്ലെങ്കില്‍ നാളെ രാജ്ഭവനു മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്. ബി.ജെ.പിക്ക് 104-ലും തങ്ങള്‍ക്ക് 117-ഉം എംഎല്‍എമാരുണ്ട്.