വാഹനത്തിന് സൈഡ് നല്‍കിയില്ലെന്ന് ആരോപിച്ച് പത്തനാപുരം എംഎല്‍എ കെ.ബി. ഗണേഷ് കുമാറും ഡ്രൈവറും ചേര്‍ന്ന യുവാവിനെയും അമ്മയെയും മര്‍ദിച്ച കേസില്‍ രഹസ്യമൊഴിയെടുക്കുന്നു. പരാതിക്കാരിയായ അഞ്ചല്‍ പുലിയത്ത് വീട്ടില്‍ ഗോപാലകൃഷ്ണന്റെ ഭാര്യ ഷീനയുടെ രഹസ്യമൊഴിയാണ് രേഖപ്പെടുത്തുന്നത്. ഇന്ന് 2.30ന് ചവറ കോടതിയിലാണ് മൊഴി രേഖപ്പെടുത്തുന്നത്.എംഎല്‍എയും ഡ്രൈവറും സ്ത്രീത്വത്തെ അപമാനിച്ചുവെന്നും അസഭ്യം പറയുകയും അശ്ലീലച്ചുവയുള്ള ആംഗ്യം കാണിക്കുകയും ചെയ്തുവെന്ന് ചൂണ്ടിക്കാട്ടി ഷീന പോലീസില്‍ പരാതി നല്‍കിയിരുന്നു. ഗണേഷിന്റെയും ഡ്രൈവറുടെ മര്‍ദനത്തില്‍ പരിക്കേറ്റ ഇവരുടെ മകന് അനന്തകൃഷ്ണന് ചികിത്സയിലാണ്.കെ.ബി ഗണേഷ്‌കുമാറിന് എതിരായ പരാതി ഫയലില്‍ സ്വീകരിച്ചിരുന്നു. വനിതാ കമ്മീഷനാണ് മര്‍ദ്ദന പരാതി ഫയലില്‍ സ്വീകരിച്ചത്. വീട്ടമ്മയുടെ പരാതിയില്‍ അന്വേഷണം നടത്താന്‍ വനിതാ കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു.എംഎല്‍എ സഞ്ചരിച്ചിരുന്ന കാറിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ചായിരുന്നു ഗണേഷ് കുമാറും അദ്ദേഹത്തിന്റെ ഡ്രൈവറും വഴിയില്‍ വെച്ച് യുവാവിനെ മര്‍ദ്ദിച്ചത്. അമ്മയുടെ മുന്നിലിട്ടാണ് യുവാവിനെ ഇരുവരും മര്‍ദ്ദിച്ചത്.ഇരുകൂട്ടരും ശബരിഗിരിയിലെ ഒരു മരണ വീട്ടിലെത്തിയതായിരുന്നു. ഇവിടെനിന്ന് മടങ്ങും വഴി അനന്തകൃഷ്ണനും അമ്മയും സഞ്ചരിച്ച കാറ് എംഎല്‍എയുടെ കാറിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ചാണ് മര്‍ദ്ദിച്ചത്. ആദ്യം എംഎല്‍എയും പിന്നാലെ ഡ്രൈവറും എത്തി മര്‍ദ്ദിച്ചെന്നാണ് പരാതി. അനന്തകൃഷ്ണന്റെ അമ്മയെ അസഭ്യം പറഞ്ഞെന്നും പരാതിയുണ്ട്.