Tuesday, March 19, 2024
HomeKeralaതൃപ്തി ദേശായി കൊച്ചിയിൽ; പ്രതിഷേധക്കാരും തൃപ്തി ദേശായിയും ചേർന്ന് കള്ളക്കളിയോ ?

തൃപ്തി ദേശായി കൊച്ചിയിൽ; പ്രതിഷേധക്കാരും തൃപ്തി ദേശായിയും ചേർന്ന് കള്ളക്കളിയോ ?

ശബരിമല ദര്‍ശനത്തിനായി ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി കൊച്ചിയിൽ വിമാനമിറങ്ങി. വിമാനത്താവളത്തിന് മുന്നില്‍ ശക്തമായ പ്രതിഷേധം അലയടിച്ചുകൊണ്ടിരിക്കുന്നു.

തൃപ്തിക്ക് പ്രത്യേക സുരക്ഷ ഒരുക്കിയിട്ടില്ലെന്ന് പൊലീസ്

പുലര്‍ച്ചെ 4.45 ഓടെയാണ് ഇന്റിഗോ വിമാനത്തില്‍ തൃപ്തി ദേശായി ഉള്‍പ്പെടെ ആറ് പേര്‍ എത്തിയത്. നേരത്തെ തന്നെ പ്രതിഷേധക്കാര്‍ ഇവിടെ തമ്പടിച്ചിരുന്നു. നെടുമ്പാശ്ശേരിയില്‍ നിന്ന് പോകാനായി ഇവര്‍ക്ക് വാഹനങ്ങള്‍ സജ്ജീകരിച്ചിട്ടില്ല. തൃപ്തിയെയും സംഘത്തെയും കൊണ്ടു പോകാനാവില്ലെന്ന് പ്രീ പെയ്ഡ് ടാക്‌സി ഡ്രൈവർമാർ അറിയിച്ചു. പൊലീസ് വാഹനത്തില്‍ ഇവരെ വിമാനത്താവളത്തില്‍ നിന്ന് പുറത്ത് കൊണ്ടുപോകാന്‍ ശ്രമിച്ചാല്‍ തടയുമെന്ന് പ്രതിഷേധക്കാരും അറിയിച്ചിട്ടുണ്ട്. തൃപ്തിക്ക് പ്രത്യേക സുരക്ഷ ഒരുക്കിയിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. അതേസമയം, എന്തുവന്നാലും തിരിച്ചുപോകില്ലെന്ന നിലപാടിലാണ് തൃപ്തി ദേശായി.

തൃപ്തി ദേശായിയെ തടഞ്ഞുവച്ചത് പ്രാകൃതമായ പ്രതിഷേധമെന്ന് മന്ത്രി കടകംപള്ളി

അതേസമയം വനിതാവകാശ പ്രവര്‍ത്തക തൃപ്തി ദേശായിയെ തടഞ്ഞുവച്ചത് പ്രാകൃതമായ പ്രതിഷേധമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുന്നത് പ്രാകൃതമാണ്. തൃപ്തിയോട് മടങ്ങിപ്പോവാന്‍ പൊലീസ് ആവശ്യപ്പെട്ടെങ്കിലും അവര്‍ തയാറായില്ലെന്ന് മന്ത്രി പറഞ്ഞു. സുപ്രീം കോടതി വിധിയുടെ ബലത്തിലാണ് അവർ വന്നതെങ്കിലും ഇത്രയും ബഹളം നടക്കുന്ന പശ്ചാത്തലത്തില്‍ രമേശ് ചെന്നിത്തല ഇടപെട്ട് അവരെ തിരിച്ച് അയക്കാവുന്നതേയുള്ളൂവെന്ന് കടകംപള്ളി പറഞ്ഞു.  തൃപ്തി ദേശായി കാവിക്കൊടി പിടിച്ചു നില്‍ക്കുന്ന ചിത്രങ്ങളും കണ്ടിട്ടുണ്ട്. കോണ്‍ഗ്രസ്, ബി.ജെ.പി നേതാക്കള്‍ ഇടപെട്ട് അവരെ തിരിച്ചയക്കാന്‍ ശ്രമിക്കുകയാണ് വേണ്ടതെന്ന് കടകംപള്ളി പറഞ്ഞു.

തിരിച്ചു പോകുമോയെന്ന കാര്യത്തിൽ തീരുമാനം വൈകിട്ട് 6 മണിയ്ക്കു അറിയിക്കുമെന്നാണ് അവർ പോലീസിനോട് പറഞ്ഞിരിക്കുന്നത്. എന്നാല്‍, എത്രയും വേഗം തീരുമാനമാറിയിക്കണമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. തൃപ്തി ദേശായിയെ തടഞ്ഞു കൊണ്ട് നെടുമ്പാശേരി വിമാനത്താവളത്തിനു മുന്നില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന 250പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. സമരങ്ങള്‍ നിരോധിച്ച മേഘലയില്‍ പ്രതിഷേധിച്ചതിനാണ് ഇവര്‍ക്കെതിരെ കേസ്.

ശബരിമല തീര്‍ത്ഥാടനത്തിനായി ഇന്ന് രാവിലെ നെടുമ്പാശേരിയിലെത്തിയ തൃപ്തി ദേശായിയെ ശബരിമലയിലേക്ക് മാത്രമല്ല, കൊച്ചിയിലെ ഹോട്ടലിലേക്ക് പോലും പോകാന്‍ അനുവദിക്കില്ലെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞിരുന്നു. രാവിലെ 4.45ന് ഇന്റിഗോ വിമാനത്തിലെത്തിയ തൃപ്തി ദേശായിയും മറ്റ് അഞ്ച് സ്ത്രീകളും പുറത്തിറങ്ങാനാവാതെ ഇപ്പോഴും വിമാനത്താവളത്തിനുള്ളില്‍ തന്നെ തുടരുകയാണ്.

ദേശായിക്കെതിരെ സംഘപരിവാര്‍ ശക്തികേന്ദ്രമായ മഹരാഷ്ട്രയില്‍ ഒരു പ്രതിഷേധ കൊടി പോലും ഉയരാത്തതെന്ത്?

തൃപ്തി ദേശായിയും സംഘവും കേരളത്തിലേക്ക് തിരിക്കും മുന്‍പ് കേരള മുഖ്യമന്ത്രി പിണറായി വിജയനെ മാത്രമല്ല മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവന്ദ്ര ഫട്‌നാവിസിനെയും രേഖാമൂലം അറിയിച്ചിരുന്നു. ഇത്രയും സെന്‍സിറ്റീവായ വിഷയത്തില്‍ മഹാരാഷ്ട്രയിലെ ബി.ജെ.പി സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് ഇപ്പോള്‍ സംശയത്തിന്റെ മുൾമുനയിലാണ്. കൊച്ചി വിമാനത്താവളത്തില്‍ തൃപ്തി ദേശായിയെ പുറത്ത് കടക്കാന്‍ സമ്മതിക്കാതെ ഉപരോധിച്ച സംഘപരിവാറുകാര്‍ക്ക് തൃപ്തി മഹാരാഷ്ട്രയില്‍ നിന്നും പുറപ്പെടുന്നതിനു മുന്‍പ് തന്നെ തടയാമായിരുന്നു. ആര്‍.എസ്.എസ് കേന്ദ്ര ആസ്ഥാനത്തിന്റെ മൂക്കിന്റെ തുമ്പത്തിരുന്ന് തൃപ്തി ദേശായി ശബരിമല പ്രവേശനം പ്രഖ്യാപിക്കുമ്പോഴും ഒരു പ്രതിഷേധവും മഹാരാഷ്ട്രയില്‍ അരങ്ങേറിയില്ല. ഇവിടെ ശബരിമല കയറാന്‍ വന്ന ആക്ടിവിസ്റ്റുകളുടെ വീട് ആക്രമിച്ച സംഘപരിവാറുകാരുടെ കൈകള്‍ സ്വന്തം പാര്‍ട്ടി ഭരിക്കുന്ന മഹാരാഷ്ടയില്‍ തൃപ്തിയുടെ വീടിനു നേരെ ഉയരാതിരുന്നത് എന്തുകൊണ്ടാണെന്ന ചോദ്യത്തിനു മുന്നില്‍ ആര്‍.എസ്.എസ് – ബി.ജെ.പി നേതൃത്വവും ഉത്തരം മുട്ടി നില്‍ക്കുകയാണ്.

പ്രതിഷേധക്കാരും തൃപ്തി ദേശായിയും ചേർന്ന് കള്ളക്കളിയോ ?

തൃപ്തി ദേശായിയെ കേരളത്തിലെത്തിച്ച്‌ മന:പൂര്‍വ്വം ഇടതു സര്‍ക്കാറിനെയും സി.പി.എമ്മിനെയും പ്രതിരോധത്തിലാക്കുക ആയിരുന്നുവോ പ്രതിഷേധക്കാര്‍ ഉദ്ദേശിച്ചത് എന്ന ചോദ്യം ഇവിടെ പ്രസക്തമാണ്.

ശബരിമലയില്‍ തങ്ങള്‍ ഒരു അജണ്ട സെറ്റ് ചെയ്തു, മറ്റുള്ളവര്‍ അതില്‍ വീണു എന്ന ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ളയുടെ പ്രസ്താവനയും തൃപ്തി ദേശായിയുടെ കേരള സന്ദര്‍ശനവും ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് ഈ സംഭവവികാസങ്ങള്‍ ചൂണ്ടിക്കാട്ടി ഉയരുന്ന ആരോപണം.

തൃപ്തി ദേശായിക്കെതിരെ സംഘപരിവാര്‍ ശക്തികേന്ദ്രമായ മഹരാഷ്ട്രയില്‍ ഒരു പ്രതിഷേധ കൊടി പോലും ഉയരാത്തതാണ് ഈ വാദത്തിന് ശക്തി പകരുന്നതാണ്. മുന്‍പ് സംഘപരിവാര്‍ നേതാക്കള്‍ക്കൊപ്പം തൃപ്തി ദേശായി നില്‍ക്കുന്ന ഫോട്ടോകളും വ്യാപകമായി പ്രചരിച്ചിരുന്നു.

അതേസമയം ഇന്ന് മടങ്ങിയാലും മണ്ഡലകാലത്ത് ശബരിമലയിലെത്തുമെന്ന നിലപാടില്‍ ഉറച്ച്‌ നില്‍ക്കുകയാണ് തൃപ്തി ദേശായി. താന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും വക്താവല്ലെന്നും താന്‍ സ്ത്രീകളുടെ പക്ഷത്താണ് നിലകൊള്ളുന്നതെന്നും തൃപ്തി ദേശായി പറഞ്ഞു. അടുത്ത തവണ കൂടുതല്‍ തയാറെടുപ്പുകളോടെ ശബരിമല സന്ദര്‍ശനത്തിന് എത്താന്‍ തൃപ്തിയോടും സംഘത്തോടും പൊലീസ് നിര്‍ദേശിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments