Tuesday, March 19, 2024
HomeKeralaസ്ത്രീപ്രവേശവിധി നടപ്പാക്കുന്നതിൽ സാവകാശം തേടി ദേവസ്വംബോർഡ് നാളെ സുപ്രീം കോടതിയിൽ

സ്ത്രീപ്രവേശവിധി നടപ്പാക്കുന്നതിൽ സാവകാശം തേടി ദേവസ്വംബോർഡ് നാളെ സുപ്രീം കോടതിയിൽ

ശബരിമലയിലെ സ്ത്രീപ്രവേശവിധി നടപ്പാക്കുന്നതിൽ സാവകാശം തേടി ദേവസ്വംബോർഡ് നാളെ സുപ്രീം കോടതിയിൽ സാവകാശ ഹർജി നൽകും. നാളെ ഹർജി നൽകാനാകില്ലെങ്കിൽ തിങ്കളാഴ്ച തീർച്ചയായും ഹർജി സമർപ്പിക്കാനാകുമെന്നും ദേവസ്വംബോർഡ് പ്രസിഡന്‍റ് എ.പദ്മകുമാർ വ്യക്തമാക്കി.

ശബരിമലയിലെ ക്രമസമാധാനപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാവും പ്രധാനമായും സാവകാശ ഹർജി നൽകുക. പന്തളം രാജ കുടുംബവും തന്ത്രി കുടുംബവും ഉന്നയിച്ച ആചാരപ്രശ്നങ്ങൾ കൂടി ഹർജിയിൽ ചൂണ്ടിക്കാട്ടുമെന്നും ബോർഡ് പ്രസിഡന്‍റ് എ.പദ്മകുമാർ വ്യക്തമാക്കി.

സാവകാശഹർജി നൽകാമെന്ന കാര്യത്തിൽ അനുകൂലമായ നിയമോപദേശം കിട്ടിയ സാഹചര്യത്തിലാണ് സുപ്രീം കോടതിയെ സമീപിക്കുന്നതെന്ന് പദ്മകുമാർ വ്യക്തമാക്കി. സുപ്രീംകോടതി വിധി നടപ്പാക്കാൻ എല്ലാവരും ബാധ്യസ്ഥരാണ്. വിധി നടപ്പാക്കുന്നതിൽ സാവകാശം വേണമെന്ന് മാത്രമാണ് ബോർഡ് ആവശ്യപ്പെടുക. എത്ര കാലം സാവകാശം വേണമെന്നാണ് ആവശ്യപ്പെടുന്നതെന്ന് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ അത്തരം ഒരു ആവശ്യവും ഇപ്പോൾ ബോർഡ് ഉന്നയിക്കില്ലെന്ന് പദ്മകുമാർ വ്യക്തമാക്കി. എത്ര കാലം സാവകാശം നൽകാനാകുമെന്ന് സുപ്രീംകോടതി തീരുമാനിക്കട്ടെയെന്നും പദ്മകുമാർ പറഞ്ഞു.

സുപ്രീംകോടതിയിൽ ദേവസ്വംബോർഡിന് വേണ്ടി ഹാജരാകുന്നത് അഡ്വ. ചന്ദ്രോദയ് സിംഗ് ഹാജരാകും. ഒപ്പം ദേവസ്വംബോർഡിന്‍റെ അഭിഭാഷകൻ, അഡ്വ.സുധീറും സുപ്രീംകോടതിയിൽ ബോർഡിനെ പ്രതിനിധീകരിക്കും. അഡ്വ. ശശികുമാർ, അഡ്വ. രാജ്മോഹൻ എന്നീ ഹൈക്കോടതിയിലെ അഭിഭാഷകരും സാവകാശ ഹർജി നൽകാനാകുമെന്ന് ബോർഡിന് നിയമോപദേശം നൽകിയിട്ടുണ്ടെന്നും പദ്മകുമാർ അറിയിച്ചു.

ശബരമലയിലെ സ്ഥിതി ആശങ്കാജനകമായി തുടരുന്ന സാഹചര്യത്തിലാണ് ബോർഡ് പമ്പയിൽ അടിയന്തരമായി യോഗം ചേർന്നത്. ഇന്നലെ തന്ത്രി, രാജകുടുംബാംഗങ്ങളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ബോർഡിന് സ്വന്തം നിലയ്ക്ക് സുപ്രീംകോടതിയെ സമീപിക്കാനാകുമോ എന്ന് പരിശോധിക്കട്ടെയെന്ന് മുഖ്യമന്ത്രി പറഞ്ഞതായി പന്തളം കൊട്ടാരപ്രതിനിധി വ്യക്തമാക്കിയത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments