Saturday, April 20, 2024
HomeKeralaദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ മറ്റൊരു ദുരന്തമായി മാറി: എം എം ഹസന്‍

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ മറ്റൊരു ദുരന്തമായി മാറി: എം എം ഹസന്‍

പ്രളയാനന്തര കാലം പീഡനകാലമായെന്നും പ്രളയബാധിതരില്‍ നിന്നുപോലും പണപ്പിരിവ് നടത്തുന്നതിലൂടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ മറ്റൊരു ദുരന്തമായി മാറിയെന്നും കെപിസിസി പ്രസിഡന്റ് എം എം ഹസന്‍. ദുരന്തം ഉണ്ടായപ്പോള്‍ അനുഭവിച്ചതിന്റെ പതിന്മടങ്ങ് ദുരിതമാണ് പ്രളയബാധിത മേഖലയിലെ ജനങ്ങള്‍ ഇപ്പോള്‍ അനുഭവിക്കുന്നത്. പ്രളയ ദുരന്തം ഏറ്റവുമധികം ഏറ്റുവാങ്ങേണ്ടിവന്ന ചെങ്ങന്നൂര്‍, ആറന്മുള എന്നിവിടങ്ങളിലെ ജനങ്ങളില്‍ നിന്ന് പണം പിരിച്ചെടുക്കാനായി 788 ഉദ്യോഗസ്ഥരെയാണ് ജില്ലാ കളക്ടര്‍ നിയോഗിച്ചിരിക്കുന്നത്. ഉദ്യോഗസ്ഥര്‍ പിരിവിന് ഇറങ്ങിയില്ലെങ്കില്‍ കര്‍ശന നടപടിയുണ്ടാകുമെന്നാണ് പത്തനംതിട്ട ജില്ലാ കളക്ടറുടെ ഉത്തരവ്. പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ എണ്ണയിട്ട യന്ത്രം പോലെ നടത്തേണ്ട ഈ ഘട്ടത്തില്‍ നിര്‍ബന്ധിത പണപ്പിരിവിനോടാണ് സര്‍ക്കാരിന് താല്‍പ്പര്യമെന്നതിന്റെ തെളിവാണിത്. ദയവുചെയ്ത് പ്രളയബാധിതരെ പിഴിയരുതെന്നും അവരെ ഗണ്‍പോയിന്റില്‍ നിര്‍ത്തി പണം തട്ടിയെടുക്കുന്ന നടപടി ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.തിരുവനന്തപുരം പ്രസ്‌ക്ലബിന്റെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു എം എം ഹസന്‍. സുനാമിയും ഓഖിയും കേരളത്തിന് ചില പാഠങ്ങളാണ് നല്‍കിയത്. എന്നാല്‍, പ്രളയദുരന്തകാലത്തും നമ്മള്‍ പാഠം പഠിച്ചിട്ടില്ല. പ്രളയത്തെ നേരിടുന്നതില്‍ വലിയ ഐക്യമാണ് ഉണ്ടായത്. അത് അതിജീവനത്തിന് കരുത്തായി മാറുകയും ചെയ്തു. എന്നാല്‍, മുഖ്യമന്ത്രി അമേരിക്കയിലേക്ക് പറന്നതോടെ വിവാദങ്ങളുടെ പ്രളയമാണ് കേരളത്തില്‍ ഉണ്ടായത്. പുനരധിവാസ നടപടികള്‍ പ്രളയ വിവാദത്തില്‍ ഒലിച്ചുപോയി. പണപ്പിരിവ് തിരുതകൃതിയായി നടക്കുന്നു എന്നല്ലാതെ, ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ തികഞ്ഞ അനാസ്ഥയാണ് സര്‍ക്കാര്‍ തുടരുന്നത്. മുഖ്യമന്ത്രി പോയതോടെ ദുരിതാശ്വാസപുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ സര്‍വ്വത്ര ആശയക്കുഴപ്പമായി. മന്ത്രിസഭാ യോഗങ്ങള്‍ നടക്കുന്നില്ല, മന്ത്രിമാര്‍ തമ്മിലടിക്കുന്നു, ആഘോഷങ്ങള്‍ മാറ്റിവെച്ചു, പിന്നീട് ചെലവ് ചുരിക്കി നടത്താമെന്ന് തീരുമാനിച്ചു, കണ്‍സള്‍ട്ടന്‍സിയെ നിയമിച്ചതില്‍ ഭരണപക്ഷത്ത് തന്നെ എതിര്‍പ്പ്. ദുരിതാശ്വാസത്തിനായുള്ള പ്രത്യേക അക്കൗണ്ടിന്റെ കാര്യത്തില്‍ ആശയക്കുഴപ്പം, നിര്‍ബന്ധ പണപ്പിരിവിലെ പ്രതിഷേധം തുടങ്ങി നിരവധി വിവാദങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. നൂറുകണക്കിന് ഫയലുകള്‍ ചീഫ് സെക്രട്ടറിയുടെ ഓഫീസില്‍ കിടക്കുമ്പോഴാണ് അജണ്ടയില്ലെന്ന് കള്ളം പറഞ്ഞ് മന്ത്രിസഭാ യോഗങ്ങള്‍ ഒഴിവാക്കുന്നത്. പ്രമുഖ വ്യക്തികള്‍ മരിക്കുമ്പോള്‍ മാത്രം മന്ത്രിസഭാ യോഗങ്ങള്‍ ഒഴിവാക്കുന്നതാണ് കീഴ്‌വഴക്കം. മന്ത്രിമാര്‍ പിരിവിന് പോയതിനാല്‍ മന്ത്രിസഭ ചേരാത്തത് ആദ്യ സംഭവമാണ്. സര്‍ക്കാരിന്റെ ഈ നടപടികള്‍ ദുരിതബാധിതരുടെയും ജനങ്ങളുടെയും ആത്മവിശ്വാസം തകര്‍ത്തുവെന്നും സ്‌പെഷ്യല്‍ അക്കൗണ്ട് പിന്‍വലിച്ചത് ദുരിതാശ്വാസ ഫണ്ട് വകമാറ്റി ചെലവഴിക്കാനാണോയെന്ന് ജനങ്ങളില്‍ സംശയം ഉണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു. ഡാം സേഫ്റ്റി അതോറിറ്റി പിരിച്ചുവിട്ട് പുനഃസംഘടിപ്പിക്കണം. ഡാമുകളുടെ സുരക്ഷ മാത്രമാണ് പ്രധാനമെന്ന് പറയുന്ന റിട്ടയേര്‍ഡ് ജഡ്ജിമാരെയല്ല, പകരം വിദഗ്ധരെയാണ് സമിതിയില്‍ ഉള്‍പ്പെടുത്തേണ്ടത്. ഡാമുകള്‍ കൂട്ടത്തോടെ തുറന്നുവിടാനുണ്ടായ സാഹചര്യത്തെക്കുറിച്ച് അന്വേഷണം വേണം. ഈ അന്വേഷണ സമിതിയിലും വിദഗ്ധരെ നിയോഗിക്കണം. ദുരന്തനിവാരണ അതോറിറ്റി പുനഃസംഘടിപ്പിക്കാത്തത് എന്തെന്ന് ജനങ്ങളോട് പറയണം. പ്രളയത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം അടിയന്തരമായി നല്‍കണം. അഞ്ചുലക്ഷം രൂപവരെയുള്ള കര്‍ഷക കടങ്ങള്‍ എഴുതി തള്ളണമെന്നും അദ്ദേഹം പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments