നെടുമ്പാശ്ശേരിയില്‍ 30 കോടിയോളം വില വരുന്ന വന്‍ മയക്കുമരുന്ന് വേട്ട

നെടുമ്പാശ്ശേരിയില്‍ എക്‌സൈസ് സ്‌പെഷല്‍ സ്‌ക്വാഡിന്റെ മിന്നല്‍ പരിശോധനയില്‍ വന്‍ മയക്കുമരുന്ന് വേട്ട. അന്താരാഷ്ട്ര വിപണിയില്‍ 30 കോടിയോളം വില വരുന്ന മയക്കുമരുന്നാണ് ഇവിടെ നിന്ന് പിടിച്ചെടുത്തിരിക്കുന്നത്. അഞ്ച് കിലോ മെഥിലീന്‍ ഡയോക്‌സി മെതാംഫിറ്റമിനാണ് പിടിച്ചെടുത്തത്. സംസ്ഥാനത്ത് ആദ്യമായിട്ടാണ് ഇത്രയധികം മെഥിലീന്‍ ഡയോക്‌സി പിടിച്ചെടുക്കുന്നത്.അതേസമയം സംഭവത്തില്‍ രണ്ട് പാലക്കാട് സ്വദേശികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവര്‍ മയക്കുമരുന്ന് കടത്താന്‍ ഉപയോഗിച്ച വാഹനവും എക്‌സൈസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നേരത്തെ കൊച്ചിയില്‍ നിന്ന് അഞ്ച് കോടിയുടെ എംഡിഎംഎ പിടിച്ചെടുത്തതാണ് കേരളത്തിലെ ഏറ്റവും വലിയ മയക്കമരുന്ന് വേട്ടകളിലൊന്ന്. സംസ്ഥാനത്ത് മയക്കുമരുന്ന് മാഫിയ സജീവമാകുന്നതായും എംഡിഎംഎയുടെ വിപണം സജീവമാകുന്നതായും എക്‌സൈസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.മാരക ഇനത്തില്‍ പെട്ട എക്സ്റ്റസി എന്നറിയപ്പെടുന്ന ലഹരിമരുന്നാണ് ഇതെന്ന് എക്‌സൈസ് പറഞ്ഞു. അഫ്ഗാനിസ്ഥാനില്‍ നിന്ന് ഡല്‍ഹി വഴി പാലക്കാട്ടേക്ക് മരുന്നെത്തിക്കുന്ന സംഘമാണ് ഇതിന് പിന്നിലെന്ന് കരുതുന്നതായി എക്‌സൈസ് പറഞ്ഞു. അതേസമയം ഇതിന് പിന്നില്‍ ആരാണ് ഉള്ളതെന്നോ നിര്‍ദേശം നല്‍കിയതിന് പിന്നില്‍ ആരാണെന്നോ അറിയില്ല. വാട്‌സാപ്പ് വഴിയാണ് നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നത്. കൊച്ചിയിലെ നിശാപാര്‍ട്ടികളില്‍ ഇവ വ്യാപകമായി ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ട് ലഭിച്ചിരുന്നു. സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലും ഇതേ ലഹരിമരുന്ന് തന്നെ ഉപയോഗിക്കുന്നവരുണ്ടെന്ന് പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് പോലീസ് എല്ലാ സ്‌റ്റേഷനിലും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.